നാലു വയസുകാരന് തന്റെ ക്ലാസിലെ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. ന്യൂഡല്‍ഹിയില്‍ ദ്വാരകയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ നാലു വയസുകാരനെതിരേ എങ്ങനെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന കാര്യം പൊലീസിനെ കുഴയ്ക്കുകയാണെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമവിദഗ്ദരുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്.
സ്കൂളില്‍ നിന്നും മടങ്ങിയ എത്തിയ പെണ്‍കുട്ടി തന്റെ സ്വകാര്യഭാഗങ്ങളില്‍ വേദനയുള്ളതായി പറഞ്ഞതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കാര്യം തിരക്കുന്നത്. തുടര്‍ന്നാണ് പെണ്‍കുട്ടി തന്നെ സഹപാഠി ഉപദ്രവിച്ച കാര്യം പറയുന്നത്. തന്റെ പാന്റിന്റെ ബട്ടണുകള്‍ ഊരിയശേഷം വിരലുകളും പെന്‍സിലും ഉപയോഗിച്ച് സ്വകാര്യഭാഗത്ത് സ്പര്ശിക്കുകയായിരുന്നുവെന്നു പെണ്‍കുട്ടി പറഞ്ഞു. ഈ സമയം സമീപത്ത് മറ്റു കുട്ടികളാരും തന്നെയില്ലായിരുന്നു.
പെണ്‍കുട്ടിയില്‍ നിന്നും വിവരങ്ങള്‍ മനസിലാക്കിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കി. പെണ്‍കുട്ടി ലൈംഗിമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടിലും ഉണ്ട്. സ്കൂളിനെതിരേയും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പരാതി ഉയര്‍ത്തുന്നു. സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്ലായ്മയാണ് കുട്ടികള്‍ ഇത്തരത്തില്‍ ഉപദ്രവിക്കപ്പെടുന്നതിനു കരണമെന്നും പരാതിയില്‍ ആരോപിക്കുന്നു.
മാതാപിതാക്കളുടെ പരാതിയില്‍ ആണ്‍കുട്ടിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രതിയുടെ പ്രായം പൊലീസിനെ കുഴയ്ക്കുകയാണ്. ഇന്ത്യന്‍ പീനല്‍ കോഡില്‍ ഏഴു വയസില്‍ താഴെയുള്ള കുട്ടികളെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ തടസ്സങ്ങള്‍ പറയുന്നുണ്ട്. ആയതിനാല്‍ ഈ കേസില്‍ എന്താണ് ഉചിതമായി ചെയ്യേണ്ടതെന്നതില്‍ നിയമവിദഗ്ദരുമായി കൂടിയാലോചിക്കുകയാണെന്നു ഡല്‍ഹി പൊലീസ് വക്താവ് ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറയുന്നുണ്ട്.
This post was last modified on November 23, 2017 1:15 pm