X

‘വെബ്സൈറ്റിൽ കാണിക്കുന്ന ഹോട്ടലുകളിൽ പലതും ബലാത്സംഗ കേന്ദ്രങ്ങളാണ്’; ട്രിപ്പ് അഡ്വൈസറിനെതിരെ വ്യാപക പരാതി

K എന്ന് മാത്രം അറിയപ്പെടുന്ന ഒരു സ്ത്രീ തനിക്കുണ്ടായ ഒരു അനുഭവം ഗാർഡിയനോട് വിവരിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ യാത്ര വെബ്സൈറ്റായ ട്രിപ്പ് അഡ്വൈസറിനെ വിശ്വസിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് എത്രത്തോളം അപകടം ചെയ്യുകയാണെന്ന് കണ്ടെത്തുകയാണ് ദി ഗാർഡിയൻ. ട്രിപ്പ് അഡ്വൈസർ നിർദ്ദേശിക്കുന്ന ചില ഹോട്ടലുകളിൽ നിന്ന് തങ്ങൾക്കു നേരെ ബലാത്സംഗം ഉൾപ്പടെ പല ആക്രമണങ്ങളും നടന്നുവെന്ന് തെളിവുകൾ നിരത്തി വാദിച്ചാലും ഈ വെബ്സൈറ്റ് മനഃപൂർവ്വം അജ്ഞത നടിക്കുകയാണെന്ന് ആരോപിച്ചുകൊണ്ടാണ് ചില യുവതികൾ രംഗത്തെത്തിയിരിക്കുന്നത്.

ബലാത്സംഗം നേരിട്ടുവെന്ന് തങ്ങൾ പറഞ്ഞ ഹോട്ടലുകൾ ട്രിപ്പ് അഡ്വൈസർ വെബ്സൈറ്റിന്റെ മികച്ച ഹോട്ടലുകളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാത്തതിലാണ് ഈ യുവതികൾക്ക് കൂടുതൽ അമർഷം. ഒന്നോ രണ്ടോ പേരല്ല, നിരവധി യുവതികളാണ്, പല കാലത്തായി ചില ഹോട്ടലുകളിൽ നിന്നും തങ്ങൾക്കുണ്ടായ മോശം അനുഭവം ട്രിപ്പ് അഡ്വൈസറിനെ ധരിപ്പിക്കാൻ ശ്രമിച്ചത്. നിങ്ങൾ വെബ്സൈറ്റിൽ കാണിക്കുന്ന ഹോട്ടലുകളിൽ പലതും ബലാത്സംഗ കേന്ദ്രങ്ങളാണെന്നു എത്രയോ സ്ത്രീകൾ ആരോപിച്ചിട്ടും  ട്രിപ്പ് അഡ്വൈസറിനു യാതൊരു കുലുക്കവുമില്ല.

മറ്റൊരു രാജ്യത്തു ചെന്നാൽ എവിടെ താമസിക്കണമെന്നും സഹായത്തിനായി ആരെ വിളിക്കണമെന്നും അറിയാനായി ലോകത്തിലെ ഇത്രയധികം ആളുകൾ തിരയുന്ന ഈ വെബ്സൈറ്റിൽ തങ്ങൾ അർപ്പിച്ച വിശ്വാസ്യതയ്ക്കാണ് ഇപ്പോൾ വലിയ ഇടിവ് സംഭവിച്ചിരിക്കുന്നതെന്നാണ് ഈ സ്ത്രീകൾ പറയുന്നത്. അവരെ വിശ്വസിച്ച് അന്യനാടുകളിലേക്ക് ഉല്ലാസ യാത്ര പോകുന്ന മനുഷ്യരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടുന്ന പ്രാഥമിക കർത്തവ്യത്തിൽ ട്രിപ്പ് അഡ്വൈസറിന് ബോധപൂർവ്വമായ വീഴ്ച പറ്റിയിട്ടുണ്ടെന്ന അതീവ ഗുരുതര ആരോപണങ്ങളാണ് ലോകത്ത് പല ഭാഗത്തു നിന്നുള്ള സ്ത്രീകളും ഉന്നയിക്കുന്നത്.

പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത, K എന്ന് മാത്രം അറിയപ്പെടുന്ന ഒരു സ്ത്രീ തനിക്കുണ്ടായ ഒരു അനുഭവം ഗാർഡിയനോട് വിവരിക്കുന്നുണ്ട്. ട്രിപ്പ് അഡ്വൈസർ സൈറ്റിൽ കണ്ട ഒരു ഹോട്ടലിൽ നിന്നും ക്രൂരമായ ബലാത്സംഗം നേരിട്ട് കുറച്ച്‌ നാളുകൾക്ക് ശേഷം ആ യുവതി വെബ്‌സൈറ്റുമായി ഇ മെയിൽ മുഖേനെ ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു. ആ വെബ്സൈറ്റിനെ മികച്ചതും സുരക്ഷിതവുമായ ഹോട്ടലുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയെങ്കിലും വേണമെന്നായിരുന്നു ആ യുവതിയുടെ വളരെ ന്യായമായ ആവശ്യം. ഇനിയൊരു പെൺകുട്ടി കൂടി ചതിക്കപ്പെടേണ്ടല്ലോ എന്ന താല്പര്യത്തിന്റെ പുറത്ത് കൂടിയായിരുന്നു അവർ ഇത്തരമൊരു മെയിൽ അയച്ചത്. എന്നാൽ ട്രിപ്പ് അഡ്വൈസർ യുവതി ആരോപണമുന്നയിച്ച ഹോട്ടൽ സൈറ്റിൽ നിന്നും നീക്കം ചെയ്തില്ലെന്ന് മാത്രമല്ല, ആ ഹോട്ടലിനു താഴെ റേറ്റിങ് രേഖപ്പെടുത്താനും കമന്റുകൾ ചെയ്യാനുമുള്ള സ്ഥലത്ത് നിങ്ങൾക്കുണ്ടായ ബലാത്സഗാനുഭവം അതേപടി വിവരിക്കാൻ ഉപദേശിക്കുകയും ചെയ്തു. രണ്ടാമത് ഒന്നുകൂടി ചിന്തിക്കാൻ പോലുമാകാത്ത ആ അനുഭവങ്ങളെ കുറിച്ച് ഞാൻ കൂടുതൽ കമന്റു ചെയ്യണോ, ആളുകൾ അതിനു മറുപടി പറയുന്നതും, വിചാരണ ചെയ്യുന്നതും കളിയാക്കുന്നതും ഞാൻ കേട്ടുകൊണ്ടിരിക്കണമെന്നോ എന്നൊക്കെയാണ് യുവതി ചോദിക്കുന്നത്. തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് സൂചിപ്പിക്കുമ്പോഴും ട്രിപ്പ് അഡ്വൈസറിനു ഇത്തരത്തിലുള്ള ദാർഷ്ട്യമാണുള്ളതെന്നാണ് പല യുവതികളും സൂചിപ്പിക്കുന്നത്.

ചില സ്ത്രീകൾക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങളിൽ അത്യധികം ഖേദമുണ്ടെന്നും ഈ സംഭവങ്ങൾ മറ്റുള്ളവരെ അറിയിക്കാനായി അവർ കൃത്യമായി റേറ്റ് ചെയ്യുകയും കമന്റു ചെയ്യുകയും വേണം, എങ്കിൽ മാത്രമേ ഞങ്ങൾക്ക് ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും ട്രിപ്പ് അഡ്വൈസർ ദി ഗാർഡിയനോട് പ്രതികരിക്കുന്നു.

This post was last modified on March 6, 2019 9:46 am