X

സ്വകാര്യത മൗലികാവകാശം: സ്വര്‍വഗരതിയുടെ നിയമപരമായ വിലക്കും ഒഴിവാക്കണം

വിധി പ്രഖ്യാപനം സ്വവര്‍ഗാനുരാഗികളുടെ സമൂഹത്തില്‍ വലിയ ആശ്വാസത്തിന് വകയൊരുക്കിയിരിക്കുകയാണ്

സ്വകാര്യത മൗലിക അവകാശമാണെന്ന് സുപ്രിംകോടതി വിധിയില്‍ രാജ്യത്തെ എല്‍ജിബിടി വിഭാഗങ്ങള്‍ ഏറെ ആഹ്ലാദത്തിലാണ്. സ്വവര്‍ഗ ലൈംഗിക ബന്ധത്തെ കുറ്റകൃത്യമായി കണക്കാക്കുന്ന 377-ാം വകുപ്പിന്റെ പശ്ചാത്തലത്തിലും സ്വകാര്യതാ അവകാശത്തിന് മൂല്യമുണ്ടെന്ന് കോടതി വിധിയില്‍ സൂചിപ്പിക്കുന്നതാണ് അവരെ സന്തോഷിപ്പിക്കുന്നത്.

വ്യക്തിപരമായ ബന്ധങ്ങളും കുടുംബ ജീവിതവും വിവാഹവും പ്രത്യുല്‍പ്പാദനവും ലൈംഗിക ജീവിതവുമെല്ലാം സ്വകാര്യതയില്‍ ഉള്‍പ്പെടുമെന്ന് വിധി പ്രഖ്യാപിച്ച ഒമ്പത് അംഗ ജഡ്ജിമാരില്‍ ഒരാളായ ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കുന്നു. ഒറ്റയ്ക്ക് ജീവിക്കുന്നതും സ്വകാര്യത അവകാശത്തില്‍ ഉള്‍പ്പെടുന്നു. 2013ല്‍ സുപ്രീം കോടതി സ്വവര്‍ഗ ലൈംഗിക ബന്ധത്തിനെതിരായ ബ്രിട്ടീഷ് കാലത്തെ നിയമമായ 377 ഉയര്‍ത്തിക്കാണിച്ചിരുന്നു. സ്വവര്‍ഗരതി ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണെന്നും അന്ന് കോടതി വിധിച്ചു. 1860ലാണ് ബ്രിട്ടന്‍ ഇന്ത്യയില്‍ സെക്ഷന്‍ 377 കൊണ്ടുവന്നത്.

ഇപ്പോഴത്തെ വിധി പ്രഖ്യാപനം സ്വവര്‍ഗാനുരാഗികളുടെ സമൂഹത്തില്‍ വലിയ ആശ്വാസത്തിന് വകയൊരുക്കിയിരിക്കുകയാണ്. പ്രായപൂര്‍ത്തിയായവര്‍ പരസ്പരസമ്മതത്തോടെ നടത്തുന്ന സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് നാല് വര്‍ഷം മുമ്പ് ഡല്‍ഹി ഹൈക്കോടതി വിധിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കൂടി ഇതിനെതിരെ എതിര്‍പ്പ് ഉയര്‍ത്തിയതോടെ സുപ്രീം കോടതി 377-ആം വകുപ്പ് നിലനില്‍ക്കുമെന്നും ഇക്കാര്യത്തില്‍ ഈ വകുപ്പ് റദ്ദക്കണ്ടാതുണ്ടോ എന്നു പരിശോധിക്കേണ്ടത് പാര്‍ലമെന്റാണെന്നും സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.

377-ാം വകുപ്പ് സ്വകാര്യത അവകാശത്തിന്റെ ലംഘനമാണെന്ന പരാതി നിരന്തരം ഉയരുന്നുണ്ട്. സ്വവര്‍ഗാനുരാഗം കുറ്റകരമല്ലാതാക്കിയ ഡല്‍ഹി ഹൈക്കോടതി ജഡ്ജി എപി ഷായുടെ വിധി പുതിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പുതുക്കണമെന്ന് മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി ചിദംബരം ആവശ്യപ്പെട്ടു. ഒരാളുടെ ലൈംഗിക താല്‍പര്യങ്ങളും സ്വകാര്യത അവകാശത്തില്‍ ഉള്‍പ്പെടുമെന്ന് മുന്‍ മന്ത്രി കപില്‍ സിബലും പ്രതികരിച്ചിട്ടുണ്ട്.

This post was last modified on August 24, 2017 8:57 pm