X

റാഫേലിൽ ആരും അത്ര നിഷ്കളങ്കരൊന്നുമല്ലെന്ന് സുപ്രീം കോടതി

റാഫേൽ പുനഃപരിശോധന ഹർജികളിലെ പിഴവുകൾ ഇപ്പോഴും ഹർജിക്കാർ നീക്കിയിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ചൂണ്ടിക്കാട്ടി.

റാഫേല്‍ കരാറില്‍ ആരും നിഷ്‌കളങ്കരൊന്നും അല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. അതേസമയം റാഫേൽ പുനഃപരിശോധന ഹർജികളിലെ പിഴവുകൾ ഇപ്പോഴും ഹർജിക്കാർ നീക്കിയിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. റാഫേൽ ഇടപാടിനെ കുറിച്ചുള്ള അന്വേഷണം തള്ളിയ വിധികൾക്ക് എതിരെ നൽകിയ പുനഃ പരിശോധന ഹർജികൾ ഇപ്പോഴും രജിസ്റ്ററിയില്‍ തന്നെ ആണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹർജികളിലെ പിഴവ് നീക്കി വീണ്ടും സമർപ്പിക്കാൻ ഹർജിക്കാർ ഇത് വരെ തയ്യാർ ആയിട്ടില്ല. പിഴവുകൾ നീക്കം ചെയ്യാൻ തയ്യാർ ആകാതെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രശസ്തിക്ക് വേണ്ടി ഹർജിക്കാർ നടക്കുക ആണെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. അതേസമയം മറു വിഭാഗവും (സര്‍ക്കാര്‍) അത്ര നിഷ്കളങ്കർ അല്ലെന്നും ചീഫ് ജസ്റ്റിസ് ആരോപിച്ചു.

മുന്‍ കേന്ദ്ര മന്ത്രിമാരും മുന്‍ ബിജെപി നേതാക്കളുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് തുടങ്ങിയവരാണ് പുനപരിശോധന ഹര്‍ജി നല്‍കിയത്. റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഡിസംബര്‍ 14ന് സുപ്രീം കോടതി തള്ളിയിരുന്നു.

അതേസമയം സിഎജി പരിശോധന നടക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം നടന്നുവെന്നും
റിപ്പോര്‍ട്ട് പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുന്നില്‍ വച്ചു എന്നെല്ലാമുള്ള വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ നല്‍കിയിരുന്നത്. വിലവിവരങ്ങള്‍ സിഎജി പരിശോധിച്ചെന്നും സിഎജി റിപ്പോര്‍ട്ട് പിഎസി പരിശോധിച്ചെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. ഇത് വലിയ വിവാദമാവുകയും മോദി സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തിരുന്നു. അച്ചടിപ്പിശക് സംഭവിച്ചതാണ് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. ഇത്തരം പിഴവുകള്‍ കാണാതെ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വിധിച്ചത് തെറ്റായെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. റാഫേല്‍ വിമാനങ്ങളുടെ വില അടക്കമുള്ള കരാര്‍ വിവരങ്ങള്‍ മുദ്ര വച്ച കവറിലാണ് കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നത്.

This post was last modified on February 15, 2019 4:04 pm