X

ഇത് ഞങ്ങള്‍ മറക്കില്ല, പൊറുക്കില്ല: സിആര്‍പിഎഫ്

സൈന്യത്തിന് ശക്തമായി തിരിച്ചടിക്കാന്‍ എല്ലാ സ്വാതന്ത്ര്യവും സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ് എന്ന് മോദി പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണം തങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും മാപ്പ് നല്‍കില്ലെന്നുമാണ് സിആര്‍പിഎഫിന്റെ ട്വീറ്റ്. ഞങ്ങളുടെ രക്തസാക്ഷികളുടെ കുടംബങ്ങളോടൊപ്പമാണ്. ഈ ഹീനമായ ആക്രമണത്തിന് പകരം ചോദിച്ചിരിക്കുമെന്നും സിആര്‍പിഎഫ് പറയുന്നു.


ഭീകരരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് പാകിസ്താനോട് യുഎസ് ആവശ്യപ്പെട്ടു. ഭീകര ഗ്രൂപ്പുകള്‍ക്ക് താളവമൊരുക്കുന്ന തരത്തിലുള്ള പിന്തുണ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് ആവശ്യെപ്പട്ടു. ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും യുഎസ് വ്യക്തമാക്കി.


മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ പാകിസ്താന്റെ ദേശീയ പതാക കത്തിച്ചു. പാകിസ്താന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടാണ് യുവാക്കള്‍ പാക് പതാക കത്തിച്ചത്. ഔറംഗബാദിലെ ബീഗംപുര മേഖലയിലാണ് സംഭവം.


പുല്‍വാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവിരുദ്ധ നടപടികള്‍ക്ക്
സര്‍ക്കാരിനും സുരക്ഷാസേനകള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഇത് ദുഖത്തിന്റേയും വേദനയുടേയും നിമിഷങ്ങളാണ്. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍. ഇപ്പോള്‍ മറ്റ് ചര്‍ച്ചകള്‍ക്ക് താല്‍പര്യമില്ല. ഇത് അതിനുള്ള സമയമല്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ഈ രാജ്യത്തിന്റെ ആത്മാവിന് നേരെയുള്ള ആക്രമണമാണിതെന്നും ഇന്ത്യയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, ഗുലാം നബി ആസാദ് തുടങ്ങിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


പുല്‍വാമ ഭീകരാക്രമത്തില്‍ പാകിസ്താനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന്‍ ഇതിലൂടെ വലിയ തെറ്റ് ചെയ്തിരിക്കുകയാണ് എന്ന് മോദി ആരോപിച്ചു. ഭീകരാക്രണത്തിന്റെ ആസൂത്രകര്‍ വലിയ വില നല്‍കേണ്ടി വരും. സൈന്യത്തിന് ശക്തമായി തിരിച്ചടിക്കാന്‍ എല്ലാ സ്വാതന്ത്ര്യവും സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ് എന്ന് മോദി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സുരക്ഷാകാര്യ മന്ത്രിസഭ സമിതി യോഗത്തിന് (കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി) ശേഷം പങ്കെടുത്ത പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

വളരെ വൈകാരികമായ സാഹചര്യമാണ് രാജ്യത്തുള്ളത്. തന്നെയും സര്‍ക്കാരിനേയും വിമര്‍ശിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സങ്കുചിത ശ്രമങ്ങള്‍ പ്രതിപക്ഷം ഉപേക്ഷിക്കണമെന്നും മോദി ആവശ്യപ്പെട്ടു.


പാകിസ്താനുള്ള സുഹൃദ് രാഷ്ട്ര പദവി (മോസ്റ്റ് ഫേവേഡ് നാഷന്‍) ഇന്ത്യ പിന്‍വലിക്കുകയാണ് എന്ന് ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി കാബിനറ്റ് യോഗത്തിന് ശേഷം പ്രഖ്യാപിച്ചു. പാകിസ്താനെ അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.


പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിലേയ്ക്ക് തിരിച്ചു. ആഭ്യന്തര സെക്രട്ടറി രാജീവ് ഗോബ, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ആര്‍ ഭട്‌നാഗര്‍, അഡീഷണല്‍ ഡയറക്ടര്‍ ഐബി അരവിന്ദ് കുമാര്‍ എന്നിവര്‍ രാജ്‌നാഥ് സിംഗിനൊപ്പമുണ്ട്.

This post was last modified on February 15, 2019 6:25 pm