X

ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജഡ്ജി, കെ എം ജോസഫിനെ പരിഗണിച്ചില്ല

സുപ്രീം കോടതി ജഡ്ജിയായി നേരിട്ട് നിയമനം ലഭിക്കുന്ന ആദ്യത്തെ വനിത അഭിഭാഷകയാണ് ഇന്ദു മല്‍ഹോത്ര

മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. അതേസമയം ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം കൊലീജിയം സമര്‍പ്പിച്ച മലയാളിയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസുമായ കെ എം ജോസഫിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല.

ജനുവരി പത്തിനാണ് ജഡ്ജിമാരുടെ നിയമനം ശുപാര്‍ശ ചെയ്യുന്നതിനുള്ള അഞ്ച് ജഡ്ജിമാര്‍ അടങ്ങുന്നതും ചീഫ് ജസ്റ്റീസ് അധ്യക്ഷനുമായ കൊലീജിയം സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയുടെയും ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയ കെ എം ജോസഫിന്റെയും പേരുകള്‍ കേന്ദ്ര നിയമമന്ത്രാലയത്തിനു മുന്നില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഈ പേരുകളില്‍ ഇന്ദു മല്‍ഹോത്രയുടെ നിയമനം മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.കെ എം ജോസഫിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സമയം ആവശ്യമാണെന്ന നിലപാടാണ് സര്‍ക്കാര്‍ അറിയിച്ചതെന്ന തരത്തില്‍ ചില സൂചനകള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2007 ല്‍ സുപ്രിം കോടതി സീനിയര്‍ അഭിഭാഷക എന്ന പദവി ലഭിച്ച ഇന്ദു മല്‍ഹോത്ര ലീല സേഥിനു ശേഷം മൂന്ന് പതിറ്റാണ്ടിനിപ്പുറം ആ പദവിയില്‍ എത്തുന്ന അഭിഭാഷകയായിരുന്നു. സുപ്രിം കോടതി ജഡ്ജിയായി നേരിട്ട് നിയമനം ലഭിക്കുന്ന ആദ്യത്തെ വനിത അഭിഭാഷക എന്ന ഖ്യാതിയും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ഒ പി മല്‍ഹോത്രയുടെ മകളായ ഇന്ദുവിന് സ്വന്തം.

ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് തിരിച്ചടി നല്‍കുക വഴി കേന്ദ്രസര്‍ക്കാരിന് അനഭിമതനാണ് കെ എം ജോസഫ്. മൂന്ന് മാസങ്ങള്‍ക്കു മുമ്പ് കൊലീജിയം സമര്‍പ്പിച്ച പേരുകളില്‍ ഇന്ദു മല്‍ഹോത്രയുടെ നിയമനം മാത്രം അംഗീകരിക്കുകയും കെ എം ജോസഫിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സമയം ഇനിയും വേണമെന്നതുമാണ് നിയമമന്ത്രാലയത്തിന്റെ നിലപാ്ട്. ജസ്റ്റീസ് ദീപക് മിശ്രയ്ക്കു പുറമെ മുതിര്‍ന്ന ജഡ്ജിമാാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന കൊലീജയമാണ് കെ എം ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്തത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടായിരിക്കുന്ന പ്രതികൂല നിലപാട് സുപ്രീം കോടതിയില്‍ വീണ്ടും അസ്വാസ്ഥ്യങ്ങള്‍ ഉയരുന്നതിന് ഇടയാക്കും.

 

 

This post was last modified on April 26, 2018 7:51 am