X

ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ എവിടെ? ബന്ധുക്കള്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യ

ജെയ്‌ഷെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഗര്‍ പഞ്ചാബിലേക്കാണ് മാറിയതെന്നാണ് സൂചന

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയ്ക്ക് മുമ്പ് ജെയ്‌ഷെ മുഹമ്മദ് നേതാക്കള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇന്റലിജന്‍സിനെ ഉദ്ദരിച്ച് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യ തിരിച്ചടിയ്ക്കുമെന്ന് ഉറപ്പായതോടെ പുല്‍വാമ ആക്രമണം കഴിഞ്ഞ് നൂറ് മണിക്കൂറിനകം ഇവര്‍ കാശ്മീര്‍ താഴ്‌വരയില്‍ നിന്നും ഒഴിഞ്ഞുപോയതാണ് റിപ്പോര്‍ട്ട്. ഐഎസ്‌ഐ ഇടപെട്ട് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജെയ്‌ഷെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഹര്‍ പഞ്ചാബിലേക്കാണ് മാറിയതെന്നാണ് സൂചന. മൗലാന മസൂദ് ഭാവല്‍പൂരിലുള്ള ജെയ്‌ഷെ താവളത്തിലാണെന്നും വിവരമുണ്ട്. മസൂദ് അസ്ഹറിനെ ഫെബ്രുവരി 17നോ 18നോ റാവല്‍പ്പിണ്ടിയില്‍ നിന്നും ഭാവല്‍പൂരിനടുത്തുള്ള കൊട്ഘാനിയിലേക്ക് മാറ്റിയെന്നാണ് ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ ഐഎസ്‌ഐ സുരക്ഷ കര്‍ശനമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ മസൂദ് അസ്ഹറിന്റെ ഒരു അടുത്ത ബന്ധു ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് സൈന്യം അവകാശപ്പെടുന്നത്. ഉസ്താദ് ഗാഹുരി എന്നറിയപ്പെടുന്ന മൗലാന യൂസഫ് അസ്ഹര്‍ ആണ് കൊല്ലപ്പെട്ടത്. ഇന്ത്യയുടെ തിരിച്ചടിയില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ഒരു ഹെഡ്ക്വാര്‍ട്ടേഴ്‌സ് തകര്‍ന്നിരുന്നു. ഇന്ത്യയുടെ ആക്രമണത്തില്‍ മൂന്ന് ജെയ്‌ഷെ താവളങ്ങളാണ് തരിപ്പണമായത്. ഇതില്‍ ബാലാക്കോട്ടിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സും ഉള്‍പ്പെടും. ബാലാക്കോട്ടിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ നിയന്ത്രണം യൂസഫ് അസ്ഹറിനായിരുന്നു.

ബാലകോട്ട്, ചകോട്ടി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യയുടെ ബോംബാക്രമണത്തില്‍ തകര്‍ന്നത്. അതേസമയം സാധാരണക്കാരായ ജനങ്ങള്‍ ആരും തന്നെ താമസിക്കാത്ത ഈ പ്രദേശങ്ങളിലുണ്ടായ ആക്രമണത്തില്‍ സാധാരണ ജനങ്ങള്‍ ആരും തന്നെ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം പറയുന്നു. 12 മിറാഷ് 2000 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. കൃത്യമായി പാക് അധീന കാശ്മീരിലെ ജെയ്‌ഷെ ക്യാമ്പുകളുടെ ജിയോഗ്രഫിക്കല്‍ കോര്‍ഡിനേറ്റുകള്‍ ഇന്ത്യന്‍ സൈന്യത്തിന് കിട്ടിയിരുന്നു.

ഈ ക്യാംപുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി എങ്ങനെ ആക്രമണം നടത്തണമെന്ന് ആസൂത്രണം ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് അപ്രതീക്ഷിതമായി വ്യോമാതിര്‍ത്തി കടന്ന് അക്രമണം നടത്തി മടങ്ങിയത്. പുല്‍വാമയ്ക്ക് ശേഷം അതിര്‍ത്തിയില്‍ പാകിസ്ഥാനും ജാഗ്രതയിലായിരുന്നു. ഇന്ത്യന്‍ സമയം 3.30ന് ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ ചില ഭീകര ക്യാമ്പുകള്‍ തകര്‍ത്തെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയില്‍ വീണ്ടും ചാവേറാക്രമണങ്ങള്‍ നടത്താനുള്ള പരിശീലനം നടക്കുന്നുവെന്ന് അറിഞ്ഞാണ് സൈന്യം ആക്രമണത്തിന് പദ്ധതിയിട്ടത്.

This post was last modified on February 26, 2019 12:23 pm