X

ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം യുവാക്കളെ തല്ലിക്കൊല്ലുന്ന വീഡിയോകള്‍ പ്രചരിക്കുന്നു; ഇരകള്‍ ജീവന് വേണ്ടി യാചിക്കുന്നു

വ്യത്യസ്ത സംഭവങ്ങളിലായി ഒമ്പത് പേരെയാണ് ആള്‍ക്കൂട്ടം കഴിഞ്ഞ ദിവസങ്ങളില്‍ തല്ലിക്കൊന്നത്. പലയിടത്തും പൊലീസ് നോക്കി നില്‍ക്കുകയായിരുന്നു.

ഝാര്‍ഖണ്ഡില്‍ കുട്ടികളെ കടത്തിയെന്ന പേരില്‍ ആള്‍ക്കൂട്ടം മൂന്ന് പേരെ തല്ലിക്കൊല്ലുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ക്ക് മുന്നറിയിപ്പ് എന്ന് പറഞ്ഞ് വാട്‌സ് ആപ്പില്‍ ഹിന്ദിയിലുള്ള ഭീഷണി സന്ദേശങ്ങളും പ്രചരിച്ചിരുന്നു. വ്യത്യസ്ത സംഭവങ്ങളിലായി ഒമ്പത് പേരെയാണ് ആള്‍ക്കൂട്ടം കഴിഞ്ഞ ദിവസങ്ങളില്‍ തല്ലിക്കൊന്നത്. പലയിടത്തും പൊലീസ് നോക്കി നില്‍ക്കുകയായിരുന്നു. ഇരകള്‍ ജീവന് വേണ്ടി യാചിക്കുകയാണ്. വൃദ്ധയായ സ്ത്രീക്കും മര്‍ദ്ദനമേറ്റിരുന്നു. ഇവരും അക്രമികളോട് ദയനീയമായി അപേക്ഷിക്കുന്നത് കാണാം.

മേയ് 12ന് ജാദുഗോറയില്‍ രണ്ട് പേരെയാണ് തല്ലിക്കൊന്നത്. മേയ് 18 ബാഗ്‌ബേരയില്‍ മൂന്ന് പേരെ തല്ലിക്കൊന്നു. അതേ ദിവസം തന്നെ ശോഭാപൂരില്‍ നാല് പേരെ തല്ലിക്കൊന്നു. ബാഗ്‌ബേരയിലെ ക്രൂരതയുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. സഹോദരങ്ങളായ ഗൗതം വര്‍മ (27), വികാസ് വര്‍മ (25), അവരുടെ സുഹൃത്ത് ഗംഗേഷ് ഗുപ്ത എന്നിവരാണ് കൊല്ലപ്പെട്ടത്. 80 വയസുള്ള അവരുടെ മുത്തശി നിസഹായയായി നോക്കി നില്‍ക്കുകയാണ്. ഇവര്‍ അക്രമികളോട് ഉപദ്രവിക്കരുതെന്ന് യാചിക്കുന്നുണ്ട്. ഇവര്‍ക്കും മര്‍ദ്ദനമേറ്റതായാണ് പറയുന്നത്.

ശോഭാപൂരിലെ അക്രമത്തിന്റെ രണ്ട് വീഡിയോ പുറത്ത് വന്നിട്ടുണ്ട്. നയീം (35), ഷെയ്ഖ് സജ്ജു (25), ഷെയ്ഖ് സിറാജ് (26), ഷെയ്ഖ് ഹാലിം (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരകളുടെ കുടുംബങ്ങള്‍ വീഡിയോകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. 16 പേര്‍ക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്. ശോഭാപൂരിലെ അക്രമവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അക്രമത്തിന് മുമ്പ് വാട്‌സ് ആപ്പില്‍ ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു. തട്ടിക്കൊണ്ടുപോയതെന്ന് പറയുന്ന കുട്ടികളുടെ ചിത്രങ്ങള്‍ ഇട്ട് കുട്ടികളെ സൂക്ഷിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമുണ്ടായിരുന്നു. കുട്ടിക്കടത്തുകാര്‍ ഹിന്ദി, ബംഗാളി, മലയാളം ഭാഷകള്‍ സംസാരിക്കുമെന്നും മയക്കുമരുന്ന് കുത്തി വയ്ക്കുമെന്നും സ്‌പ്രേയും ഹാന്‍ഡ് കര്‍ച്ചീഫും ഉപയോഗിച്ച് മയക്കുമെന്നെും വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നു.

This post was last modified on May 22, 2017 9:27 am