X

തന്തയെ വേണ്ടാത്ത മക്കളെ ചുമക്കണോ? ഹാദിയയെ പരോക്ഷമായി കുറ്റപ്പെടുത്തി ജോയ് മാത്യു

ജോയ് മാത്യുവിന്റെ പോസ്റ്റ് ഏറ്റുപിടിച്ച് സംഘപരിവാര്‍

ഹാദിയയ്‌ക്കെതിരേ ചലച്ചിത്രനടന്‍ ജോയ് മാത്യുവിന്റെ പരോക്ഷ വിമര്‍ശനം. ഹാദിയയെ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചുകൊണ്ട് മാതാപിതാക്കളുടെ തടങ്കലില്‍ നിന്നും ഹാദിയയെ സ്വതന്ത്രയാക്കി കൊണ്ട് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വന്നതിനു പിന്നാലെയാണ് ജോയ് മാത്യു തന്റെ അഭിപ്രായം ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ഒരു തന്ത ചുമക്കണം എന്നാണു തന്റെ ഉറക്കം കെടുത്തുന്ന ചിന്ത എന്നാണ് ജോയ് മാത്യു പറയുന്നത്.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അച്ഛനാണോ കാമുകനാണോ വലുത് എന്നത് എക്കാലത്തേയും (പ്രത്യേകിച്ച് മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്‌നം തന്നെ .
എന്നാല്‍ സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു ഒരു തന്ത ചുമക്കണം എന്നതാണു ഇന്നു എന്റെ ഉറക്കം കെടുത്തുന്ന ചിന്ത
നിങ്ങളുടേയോ?

ഹാദിയയുടെ പിതാവ് അശോകന്റെ വാദങ്ങള്‍ തള്ളിക്കൊണ്ട് ഹാദിയയെ സ്വതന്ത്രയാക്കുകയും മെഡിസന്‍ പഠനം പൂര്‍ത്തിയാക്കാന്‍ സേലത്ത് കോളേജിലേക്ക് അയക്കാന്‍ ഉത്തരവിടുകയും ചെയ്ത കോടതി ഉത്തരവ് വന്നതോടെ സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള തീവ്രഹിന്ദുത്വസംഘടനകള്‍ വൈകാരികപരമായ ആക്രമണം ഹാദിയയ്‌ക്കെതിരേ നടത്തുകയാണ്. മാതാപിതാക്കളെ ധിക്കരിച്ച മകള്‍ എന്ന കുറ്റപ്പെടുത്തലാണ് അവര്‍ ഹാദിയയ്‌ക്കെതിരേ ഉയര്‍ത്തുന്നത്. പുരോഗമന ചിന്താഗതിക്കാരനെന്നു പറയുകയും എഴുതുകയും ചെയ്യുന്ന ജോയ് മാത്യുവില്‍ നിന്നും വ്യക്തിസ്വാതന്ത്ര്യം പരിഗണിക്കാതെയുണ്ടായിരിക്കുന്ന അഭിപ്രായ പ്രകടനം സംഘപരിവാര്‍ അനുകൂലികളെ സന്തോഷിപ്പിച്ചിട്ടുമുണ്ട്.ഹാദിയയ്ക്ക് മാനസികരോഗമാണെന്ന തരത്തിലുള്ള പ്രചാരണും സംഘപരിവാറില്‍ നിന്നുണ്ട്. ഇതിനും ജോയ് മാത്യുവിന്റെ പോസ്റ്റ് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയാണവര്‍.

എന്നാല്‍ ജോയ് മാത്യുവിന്റെ അഭിപ്രായത്തോട് വിയോജിച്ചും പലരും രംഗത്തുണ്ട്. ഷഫിന്‍ ജഹാന്‍ ഒരു കാമുകന്‍ അല്ലെന്നും ഹാദിയയുടെ ഭര്‍ത്താവ് ആണെന്നും അവര്‍ ജോയ് മാത്യുവിനെ ഓര്‍മിപ്പിക്കുന്നു. പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയുടെ സ്വയം നിര്‍ണയാവകാശത്തെ തള്ളിപ്പറയുകയാണ് ജോയ് മാത്യുവെന്നും വിമര്‍ശനമുണ്ട്.

 

 

This post was last modified on November 28, 2017 10:03 am