കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ സംസ്ഥാന കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചിരിക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനുള്ള അന്തിമ തീരുമാനത്തിന് പിന്നാലയാണ് ഇത്. എല്‍ഡിഎഫിനൊപ്പമെന്നോ യുഡിഎഫിനൊപ്പമെന്നോ കൃത്യമായി വെളുപ്പെടുത്താതെ അവസാന നിമിഷമാണ് കേരള കോണ്‍ഗ്രസ് പിന്തുണ കോണ്‍ഗ്രസിന് നല്‍കിയത്. ചെങ്ങന്നൂരില്‍ നിര്‍ണായകമായേക്കാവുന്ന ക്രിസ്ത്യന്‍ വോട്ടെന്ന പ്രലോഭനം മുന്നില്‍ വച്ചാണ് കേരള കോണ്‍ഗ്രസ് ഇരു മുന്നണികളെയും കൊതിപ്പിച്ചത്. എന്നാല്‍ എല്ലാ കണക്കു കൂട്ടലുകളും തെറ്റിക്കുന്ന ഫലമാണ് ചെങ്ങന്നൂരിലുണ്ടായത്. ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് പരാജയപ്പെടുകയും ചെയ്തു.
ഈ പരാജയം തന്നെയാണ് രാജ്യസഭ സീറ്റ് നല്‍കി മാണിയെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്. കോണ്‍ഗ്രസിന് എല്ലാക്കാലത്തും ഉറപ്പുണ്ടായിരുന്ന മധ്യ തിരുവിതാംകൂറിലെ പരാജയം അവരെ ഭയപ്പെടുത്തിയിരിക്കുന്നുവെന്ന് വേണം ഇതില്‍ നിന്നും മനസിലാക്കാന്‍. എല്‍ഡിഎഫ് സര്‍ക്കാരിന് കീഴിലെ പോലീസ് മര്‍ദ്ദനങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം സൃഷ്ടിക്കുമെന്നും കേരള കോണ്‍ഗ്രസിന്റെ കൂടെ സഹായം ലഭിക്കുന്നതോടെ ചെങ്ങന്നൂര്‍ പിടിച്ചെടുക്കാമെന്നുമുള്ള കോണ്‍ഗ്രസിന്റെ പ്രതീക്ഷകളാണ് ഇവിടെ തകര്‍ന്നത്. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ കോണ്‍ഗ്രസിനെ സഹായിച്ചില്ലെന്ന് മാത്രമല്ല ദോഷം ചെയ്യുകയും ചെയ്തു. ഇതോടെ മാണിയുടെ രാഷ്ട്രീയ ഭാവി അവസാനിച്ചെന്ന് വരെ വിലയിരുത്തലുണ്ടായിരിക്കെയാണ് കോണ്‍ഗ്രസ് നേതൃത്വം തന്നെ കേരള കോണ്‍ഗ്രസിന് വീണ്ടും അവസരം നല്‍കുന്നത്.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞത് ബിജെപിയ്ക്കാണെങ്കിലും തിരിച്ചടിയായത് കോണ്‍ഗ്രസിനാണ്. 2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇനിയും വോട്ട് ചോര്‍ച്ച സംഭവിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസിന് ചിന്തിക്കാനാകില്ല. ദേശീയ തലത്തില്‍ ബിജെപിയ്‌ക്കെതിരായ മഹാസഖ്യം രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെങ്കിലും സംസ്ഥാന തലത്തില്‍ സിപിഎം ആണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രു. അതിനാല്‍ തന്നെ മാണിയെ അനുനയിപ്പിച്ച് കൂടെ നിര്‍ത്തി ക്രിസ്ത്യന്‍ വോട്ടുകള്‍ ഉറപ്പാക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.
ക്രിസ്ത്യന്‍ വോട്ടുകളെന്ന മാണി നീട്ടുന്ന എല്ലിന്‍ കഷണം കണ്ട് കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി പ്രലോഭിപ്പിക്കപ്പെട്ടിരുന്നു. ചെങ്ങന്നൂരില്‍ നിന്നും കോണ്‍ഗ്രസ് പാഠം പഠിച്ചിട്ടില്ലെന്നാണ് ഇതില്‍ നിന്നും തെളിയുന്നത്. എല്‍ഡിഎഫിന്റെ മദ്യനയത്തില്‍ അഭിപ്രായ ഭിന്നതയുള്ള കത്തോലിക്ക സഭയെ കൂടെ നിര്‍ത്താനും കേരള കോണ്‍ഗ്രസിന്റെ സഹയം അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്. ഈ തന്ത്രം ഇനിയും എത്രമാത്രം വിജയം കാണുമെന്ന് അറിയാന്‍ അടുത്തവര്‍ഷത്തെ തെരഞ്ഞെടുപ്പ് വരെ കാത്തിരുന്നേ മതിയാകൂ. അതേസമയം മാണിയുടെ വരവോടെ രാജ്യസഭയിലെത്താമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ യുവതുര്‍ക്കികളാണ് നിരാശരായിരിക്കുന്നത്. കോണ്‍ഗ്രസിലെ തലമുറ മാറ്റം എന്ന ആവശ്യമാണ് ഇവിടെ തഴയപ്പെട്ടിരിക്കുന്നത്.
This post was last modified on June 7, 2018 6:49 pm
Leave a Comment