X

ഷാഹിദ് കപൂര്‍ ചിത്രം ഹൈദറിലെ ബാലതാരം, പിന്നീട് തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന കശ്മീരി ബാലന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന സഖിബിന് ഒപ്പമുണ്ടായിരുന്ന ഒമ്പതാം ക്ലാസുകാരനും സുരക്ഷ സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ഷാഹിദ് കപൂര്‍ നായകനായ ഹിന്ദി ചിത്രം ഹൈദറില്‍ ബാലതാരമായി അഭിനയിക്കുകയും പിന്നീട് തീവ്രവാദിസംഘടനയില്‍ അംഗമാവുകയും ചെയ്ത കശ്മീരി ബാലന്‍ സുരക്ഷസൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബന്ദിപോരയിലെ ഹിജാന്‍ സ്വദേശിയായ സഖിബ് ബിലാല്‍ ആണ് കൊല്ലപ്പെട്ടത്. സഖിബിനൊപ്പം ഉണ്ടായിരുന്ന ഒരു ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദിയും ഡിസംബര്‍ ഒമ്പതിന് ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ മുജ്ഗുന്ദില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തീവ്രവാദികളും സുരക്ഷ സൈന്യവും തമ്മില്‍ 18 മണിക്കൂറോളം നീണ്ടു നിന്ന ഏറ്റുമുട്ടലിലാണ് സഖിബ് ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടത്.

പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു സഖിബിനെയും കൂടെയുണ്ടായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയും കഴിഞ്ഞ ഓഗസ്റ്റ് മാസം മുതല്‍ വീട്ടില്‍ നിന്നും കാണാതായിരുന്നു. ഓസഗ്റ്റ് 31 ന് ഇരുവരും വീടുവിട്ടു പോവുകയായിരുന്നുവെന്നാണ് വിവരം. മാതാപിതാക്കള്‍ ഇവരെ അന്വേഷിച്ചു വരികയായിരുന്നു. അതിനിടയിലാണ് ഈ വാര്‍ത്ത. തീവ്രവാദികള്‍ക്കൊപ്പം സഖിബ് ചേര്‍ന്നത് എന്തുകൊണ്ടാണെന്നു തങ്ങള്‍ക്കിതുവരെ മനസിലാകുന്നല്ലെന്നാണ് ബാലന്റെ മാതാപിതാക്കള്‍ പറയുന്നത്. പത്താംക്ലാസില്‍ ഡ്സ്റ്റിംഗ്ഷന്‍ ഓടുകൂടി വിജയിച്ച വിദ്യാര്‍ത്ഥിയായിരുന്നു സഖിബ്. എഞ്ചിനീയറിംഗ് ആവാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും സഖിബിനെ കുറിച്ച് മാതൃസഹോദരന്‍ മാധ്യമങ്ങളോട് പറയുന്നുണ്ട്. സഖിബും കൂടെയുണ്ടായിരുന്ന ഒമ്പതാം ക്ലാസുകാരനും ഒരു ബൈക്കിന്റെ പിന്നിലിരുന്ന പോകുന്നത് കണ്ടവരുണ്ട്. ബൈക്ക് ഓടിച്ചിരുന്നതാരാണെന്ന് ഇവര്‍ക്ക് മനസിലായില്ല. അതിനുശേഷം സഖിബിനെ ആരും കണ്ടിട്ടില്ല.

അഭിനയിത്തില്‍ ഏറെ താത്പര്യം ഉണ്ടായിരുന്ന സഖിബ് നാടകങ്ങളില്‍ പങ്കെടുക്കുമായിരുന്നു. അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്. അതിനിടയിലാണ് ഹൈദറില്‍ വേഷം കിട്ടുന്നത്. രണ്ട് സീനുകളിലാണ് അഭിനയിച്ചത്. സാഖിബ് ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഹൈദറില്‍ അഭിനയിക്കുന്നത്.

വീട്ടില്‍ നിന്നും കാണാതായതിനു പിന്നാലെ രണ്ടു കുട്ടികളും തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഹിജാനില്‍ തീവ്രവാദികളും സുരക്ഷസേനയും തമ്മില്‍ ഏറ്റമുട്ടല്‍ നടന്നതിന്റെ തൊട്ടു പിറ്റേ ദിവസമാണ് സഖിബിനെ കാണാതാകുന്നതെന്നു വീട്ടുകാര്‍ പറയുന്നുണ്ട്. ആ ഏറ്റുമുട്ടലില്‍ ഏതാനും തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോവുകയും ചെയ്തിരുന്നു. ഈ സംഭവവുമായി സഖിബിന്റെ തീരുമാനത്തിന് ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും വീട്ടുകാര്‍ പറയുന്നു.

അതേസമയം സഖിബിന്റെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെയും മരണം കശ്മീരില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. തീവ്രവാദികള്‍ കൊച്ചുകുട്ടികളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നതിനെതിരേ ജനരോഷം ഉയര്‍ന്നതിനൊപ്പം തന്നെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊല്ലാന്‍ മടികണിക്കാതിരുന്ന സുരഷ സേനയ്‌ക്കെതിരേയും ജനങ്ങള്‍ പ്രതിഷേധം നടത്തുന്നുണ്ട്.