X

കണ്ണൂരില്‍ ചുരുളഴിയുന്നത് കോടികളുടെ സമാന്തര ലോട്ടറിതട്ടിപ്പ്‌

ഡിസംബര്‍ 18ന് അറസ്റ്റില്‍നിന്ന് രക്ഷപ്പെട്ട കൃഷ്ണന്‍, നസീര്‍, മഞ്ജുനാഥ് എന്നിവര്‍ ഒളിവിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ പിടിയിലാകുന്നതോടെ ലോട്ടറി തട്ടിപ്പിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍വെളിപ്പെടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്

ലോട്ടറി മാഫിയകള്‍ വീണ്ടും കേരളം കീഴടക്കുന്നു. സമാന്തരലോട്ടറിയിലൂടെയാണ് സര്‍ക്കാരിന് ഇക്കൂട്ടര്‍ കോടികളുടെ നഷ്ടമുണ്ടാക്കുന്നത്. യാതൊരു ചെലവുമില്ലാത്ത തരത്തില്‍ മൂന്നക്ക നമ്പര്‍ വച്ച് നടത്തുന്ന ഈ ചൂതാട്ടത്തില്‍ കബളിപ്പിക്കപ്പെടുന്നത് സാധാരണക്കാര്‍ മാത്രമല്ല സര്‍ക്കാര്‍ കൂടിയാണ് എന്നതാണ് കൗതുകം. ഇത്തരത്തിലുള്ള അന്തര്‍ സംസ്ഥാന ലോട്ടറി മാഫിയാ സംഘത്തിലെ പ്രധാനകണ്ണിയെ തളിപ്പറമ്പ ഡിവൈഎസ്എപി കെ വി വേണുഗോപാല്‍ അറസ്റ്റുചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂരിലെ പ്രമുഖ ലോട്ടറി ഏജന്‍സിയായ മഞ്ജു ലോട്ടറി ഏജന്‍സിയില്‍ പൊലിസ് റെയ്ഡ് നടത്തി.

കണ്ണൂരിലെ മഞ്ജുലോട്ടറി ഏജന്‍സിയുടെ മുഖ്യ ഏജന്റാണ് രജീഷ്. ധര്‍മശാലയില്‍ ടാക്സി ഡ്രൈവറായ ഇയായൊണ് ഡിവൈഎസ്പി അറസ്റ്റ്ചെയ്തത്. ഇയാളുടെ കൂട്ടാളികളായ തളിപ്പറമ്പ് പൂക്കോത്തുതെരുവിലെ പി സുനില്‍ (42), പട്ടുവം മുള്ളൂലിലെ കുന്നോല്‍ കെ പവിത്രന്‍ (52), കടമ്പേരിയിലെ വടക്കീല്‍ വി വേണുഗോപാല്‍ (50) എന്നിവര്‍ ഡിസംബര്‍ 18ന് പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലോട്ടറി ചൂതാട്ടത്തിന്റെ വിശദവിവരങ്ങള്‍ പൊലീസിന് ലഭ്യമായത്. ഇതെതുടര്‍ന്ന് ഡിവൈഎസ്പിയും സംഘവും തുടരന്വേഷണവുമായി മുന്നോട്ടുപോവുകയായിരുന്നു. ലോട്ടറി തട്ടിപ്പില്‍ വന്‍ സംഘങ്ങള്‍ കണ്ണികളാണെന്നാണ് കണ്ടെത്താനായത്. 30 രൂപയുടെ സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി നറുക്കെടുപ്പിന്റെ ഫലംതന്നെയാണ് ഇവരും ആശ്രയിക്കുന്നത്. പക്ഷേ ഇവര്‍ക്ക് ലോട്ടറി ടിക്കറ്റുണ്ടാവില്ല.

പകരം മൂന്നക്ക നമ്പര്‍ രഹസ്യമായി പരസ്പരം കൈമാറും. ഇതിനായി സാധാരണ ലോട്ടറി വിതരണക്കാരെപ്പോലെ ഒരു ശൃംഖലതന്നെയുണ്ടാവും. നറുക്കെടുപ്പിന് തൊട്ടുമുന്നേവരെ ഇങ്ങനെ എഴുതി നല്‍കാം. വിശ്വസ്തരായവര്‍ക്ക് ഫോണിലൂടെയും നമ്പര്‍ നല്‍കാം. സംസ്ഥാന ലോട്ടറിയുടെ ഒന്നാംസമ്മാനര്‍ഹമായ ടിക്കറ്റിന്റെ അവസാനത്തെ മൂന്നക്ക നമ്പര്‍ ആര് നല്‍കുന്നുവോ അവര്‍ക്കെല്ലാം സമ്മാനം നല്‍കും. അയ്യായിരം രൂപയാണ് സമ്മാനത്തുക. ഒരേ നമ്പറിന് എത്ര എണ്ണം വേണമെങ്കിലും ബുക്ക്ചെയ്യാം. ഒരു നമ്പറിന് പത്തു രൂപ മാത്രമേ ഈടാക്കുന്നുള്ളൂവെന്നതിനാല്‍ സാധാരണക്കാരായ നിരവധി പേര്‍ ഇവരുടെ വലയില്‍ ആകൃഷ്ടരായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

തളിപ്പറമ്പ് മാതൃകയില്‍ ജില്ലയില്‍ പലയിടത്തും കണ്ണൂരിലെ ലോട്ടറി ഏജന്‍സിക്ക് ഏജന്റുമാര്‍ ഉണ്ടെന്നും വിവരമുണ്ട്. ഇതുവഴി ദിവസും കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പാണ് ഇവര്‍ നടത്തുന്നത്. സര്‍ക്കാറിന് ലഭിക്കേണ്ടുന്ന നികുതി മാത്രമല്ല ലോട്ടറി ടിക്കറ്റ് വില്‍പന നടത്താതെയും ഇവര്‍ സമ്മാനങ്ങള്‍ അട്ടിമറിക്കുന്നുണ്ട്. മുഖ്യപ്രതിയെ ചോദ്യം ചെയതപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സമാന്തരലോട്ടറി ശൃംഖലയെക്കുറിച്ച് ലഭിച്ചതെന്ന് ഡിവൈഎസ്പി പറഞ്ഞു. നേരത്തെ പിടിയിലായ സുനിലുള്‍പ്പെടെ മേഖലാതലത്തിലെ പ്രധാന ഏജന്റുമാരില്‍നിന്ന് ദിവസവും ഇടപാടുകള്‍ തീര്‍ത്ത് അരക്കോടി രൂപയിലേറെ കണ്ണൂരിലെ മൊത്ത ഏജന്‍സിയില്‍ എത്തിച്ചിരുന്നത് രജീഷാണെന്ന് പൊലീസ് പറഞ്ഞു.

സമ്മാനത്തുക ലോട്ടറിയുടമകള്‍ക്ക് കൈമാറിയിരുന്നതും ഇയാളാണ്. ഈ വിവരത്തെതുടര്‍ന്നാണ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കണ്ണൂരിലെ ലോട്ടറി സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയത്. നിരവധി രേഖകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഫോണ്‍വഴിയായിരുന്നു ഇവരുടെ നീക്കങ്ങള്‍. ഡിസംബര്‍ 13ന് കൂവേരിയിലെ ലക്ഷ്മണനെ സമാന്തരലോട്ടറി ടിക്കറ്റുകളുമായി പിടികൂടിയതാണ് കോടികള്‍ മാറിമറിയുന്ന സമാന്തരലോട്ടറി തട്ടിപ്പിന്റെ ചുരുളഴിച്ചത്. ഡിസംബര്‍ 18ന് അറസ്റ്റില്‍നിന്ന് രക്ഷപ്പെട്ട കൃഷ്ണന്‍, നസീര്‍, മഞ്ജുനാഥ് എന്നിവര്‍ ഒളിവിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ പിടിയിലാകുന്നതോടെ ലോട്ടറി തട്ടിപ്പിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍വെളിപ്പെടുമെനന പ്രതീക്ഷയിലാണ് പൊലീസ്.

 

This post was last modified on January 5, 2018 12:50 pm