X

ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോൾ വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല: ശോഭ സുരേന്ദ്രനെ ട്രോളി എംബി രാജേഷ്

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സർക്കാരിലേക്ക് 25,000 രൂപ അടക്കേണ്ടി വന്നിരിക്കുന്നു.

ശബരിമലയിലെ പൊലീസ് നടപടിയ്‌ക്കെതിരെ ശോഭാ സുരേന്ദ്രന്‍ നല്‍കിയ ഹർജി രൂക്ഷ വിമർശനത്തോടെ തള്ളിയ ഹൈ കോടതി വിധിയിൽ പ്രതികരണവുമായി എം പിയും സി പി എം നേതാവുമായ എം ബി രാജേഷ്. ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോൾ ഇത്ര പെട്ടെന്ന് വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നു എം ബി രാജേഷ് പരിഹസിച്ചു.

ഭണ്ഡാരത്തിലിടാനായി മാറ്റിവച്ച തുക ഇനി സർക്കാരിലേക്കടക്കാം.പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സർക്കാരിലേക്ക് 25,000 രൂപ അടക്കേണ്ടി വന്നിരിക്കുന്നു. ഇതാണ് കാവ്യനീതി.എം ബി രാജേഷ് തന്റെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ശബരിമലയിലെ പൊലീസ് നടപടിയ്‌ക്കെതിരെ ശോഭാ സുരേന്ദ്രന്‍ നല്‍കിയ ഹർജി തള്ളിയ കോടതി. വിലകുറഞ്ഞ വിമര്‍ശനത്തിനായി ഹൈക്കോടതി ഉപയോഗിക്കരുത് എന്ന് വ്യക്തമാക്കി. വികൃതമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും കോടതി നിരീക്ഷിച്ചു. കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ മാപ്പു പറഞ്ഞു.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രൻ നടത്തിയ പല പരാമർശങ്ങളും വലിയ വിവാദമായിരുന്നു.

എന്നാൽ ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴയടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. ഹൈക്കോടതിക്ക് മുകളില്‍ കോടതിയുണ്ടെന്നും സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. വിലകുറഞ്ഞ പ്രശസ്തി തനിക്ക് ആവശ്യമില്ല. മാപ്പ് പറഞ്ഞതിനെക്കുറിച്ച് അറിയില്ല. കോടതി കാര്യങ്ങള്‍ അഭിഭാഷകനോട് ചോദിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :
ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോൾ ഇത്ര പെട്ടെന്ന് വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. ഭണ്ഡാരത്തിലിടാനായി മാറ്റിവച്ച തുക ഇനി സർക്കാരിലേക്കടക്കാം.പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സർക്കാരിലേക്ക് 25,000 രൂപ അടക്കേണ്ടി വന്നിരിക്കുന്നു. ഇതാണ് കാവ്യനീതി.ഹൈക്കോടതിയിൽ അനാവശ്യവാദങ്ങൾ ഉയർത്തി കോടതിയുടെ സമയം മെനക്കെടുത്തിയതിനാണ് പിഴ. ചാനലുകളിൽ വന്നിരുന്ന്‌പ്രേക്ഷകരുടെ സമയം മെനക്കെടുത്തുന്നതിനും അനാവശ്യ വാദങ്ങൾ ഉയർത്തുന്നതിനും പിഴയിട്ടിരുന്നെങ്കിൽ ചാനലുകൾക്കും ഒരു നല്ല വരുമാനമാവുമായിരുന്നു. ഇനിയും അത് ആലോചിക്കാവുന്നതാണ്‌.

This post was last modified on December 6, 2018 11:13 am

Related Post
Leave a Comment