X

യെച്ചൂരിയെ രാജ്യസഭയിലേക്ക് അയയ്ക്കാത്തതിനു പിന്നില്‍ കേരള സിപിഎമ്മിന്റെ അസൂയും കുശുമ്പുമെന്ന് എം.ഐ ഷാനവാസ്

സിപിഎം ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കുകയാണെന്നും ഷാനവാസ്

സിപിഎം 1996-ലെ ചരിത്രപരമായ വിഡ്ഡിത്വം ആവര്‍ത്തിക്കുകയാണെന്ന് എം.ഐ ഷാനവാസ് എം.പി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യസഭയിലേക്ക് ഒരവസരം കൂടി നല്‍കണമെന്ന സിപിഎം ബംഗാള്‍ ഘടകത്തിന്റെ ആവശ്യം നിരാകരിച്ച കേരള ഘടകത്തിന്റെ തീരുമാനം അവര്‍ പ്രചരിപ്പിക്കുന്നതു പോലെ ആദര്‍ശത്തില്‍ ഊന്നിയതല്ലെന്നും മറിച്ച് അസൂയയും കുശുമ്പും കുന്നായ്മയും കൊണ്ടു മാത്രമാണെന്നും ഷാനവാസ് ആരോപിച്ചു.

യെച്ചൂരിയെ മൂന്നാം തവണയും രാജ്യസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് സഹായ വാഗ്ദാനം നല്‍കിയപ്പോള്‍ അത് നിരാകരിച്ച കേരള ഘടകത്തിന്റെ തീരുമാനത്തിനു പിന്നിലുള്ളത് ആദര്‍ശമല്ല, അവരുടെ ഇടുങ്ങിയ മന:സ്ഥിതി മാത്രമാണ്. മതേതര, പുരോഗമന ചേരികളുടെ ബൗദ്ധിക, രാഷ്ട്രീയ സഹകരണം ആവശ്യമുള്ള ഈ കാലത്ത് ഫാസിസത്തിന് നേരെ ഭരണസിരാ കേന്ദ്രത്തില്‍ തന്നെ യെച്ചൂരിയുടെ ആവശ്യമുണ്ടെന്ന് കോണ്‍ം്രസ് തിരിച്ചറിഞ്ഞത്, ഫാസിസത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങളിലേക്ക് പ്രതിപക്ഷ ഐക്യനിരയെ കെട്ടിപ്പടുക്കാന്‍ ഉള്ള ശ്രമങ്ങളുടെ ഭാഗമായാണ്. അവിടെ കേവല വിഭാഗീയത മാത്രം കാണുന്ന സി.പി.എം ചെറിയ മനസുകളുടെ കൂടാരമായി അധ:പതിച്ചെന്നും ഷാനവാസ് ആരോപിച്ചു.

ജ്യേതിബസുവിനെ പോലൊരു നേതാവിനെ പോലും സ്റ്റാലിനിസ്റ്റ് നേതാക്കളുടെ മര്‍ക്കട മുഷ്ടികൊണ്ട് നേരിട്ട് പരിവാര്‍ ശക്തികള്‍ക്ക് പരവതാനി വിരിച്ച അന്നത്തെ മാനസികാവസ്ഥയില്‍ നിന്ന് സി.പി.എം ഒട്ടും മാറിയിട്ടില്ല എന്നതാണ് അവരുടെ തീരുമാനം തെളിയിക്കുന്നത്. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ പോലും സോണിയാ ഗാന്ധി സമ്മതിച്ചു. എന്നാല്‍ ജീവിതത്തില്‍ നന്നാവില്ല എന്നു തീരുമാനമെടുത്തിട്ടുള്ള കേരളത്തിലെ സി.പി.എം ആ അവസരത്തിലും പാരവച്ചു. സീതാറാം യെച്ചൂരിക്ക് ഇപ്പോള്‍ വന്ന അവസരം നഷ്ടപ്പെടുത്തിയാല്‍ 2020-നു ശേഷം ബംഗാളില്‍ പോലും സി.പി.എമ്മിന് ഒരു പ്രാതിനിധ്യവും ഉണ്ടാവുകയില്ല എന്ന തിരിച്ചറിവു പോലും അവര്‍ക്കില്ല. രാജ്യം എന്നൊക്കെ അപകടകരമായ ദശാസന്ധികളെ നേരിട്ടോ അന്നൊക്കെ സി.പി.എം നനഞ്ഞ പൂച്ചയെ പോലെ അതിന്റെ മാളത്തില്‍ പതുങ്ങുകയാണ് ചെയ്തിട്ടുള്ളതെന്നും ഷാനവാസ് പരിഹസിച്ചു.