X

ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊലപാതകം പളനിസാമിക്ക് വേണ്ടിയെന്ന് പ്രതികള്‍; കോടനാട് കേസ് വീണ്ടും വഴിത്തിരിവിലേക്ക്

പ്രതികളുടെ പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ചാണെങ്കില്‍ പളനിസാമിയുടെ ലക്ഷ്യം ആ രേഖകളായിരുന്നു

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തെ പോലും സംശയത്തിന്റെ നിഴലിലാക്കുന്ന വെളിപ്പെടുത്തലാണ് ഇന്നലെ ഡല്‍ഹിയിലുണ്ടായത്. ജയയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റില്‍ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി രേഖകള്‍ കവര്‍ന്നത് നിലവിലെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് വേണ്ടിയാണെന്നാണ് കേസിലെ രണ്ടാം പ്രതിയും മലയാളിയുമായ കെ വി സയന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതി വാളയാര്‍ മനോജും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യ എഹെഡ് എഡിറ്റര്‍ മാത്യു സാമുവല്‍ ആണ് പ്രതികളുമായി പത്രസമ്മേളനത്തിനെത്തിയത്.

2017 ഏപ്രില്‍ 24ന് പുലര്‍ച്ചെ കോടനാട് എസ്‌റ്റേറ്റിലുണ്ടായ മോഷണത്തിന് ശേഷം 28ന് മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒന്നാം പ്രതി കനകരാജും സയന്റെ ഭാര്യയു മകളും കൊല്ലപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെയാണ് അന്ന് ഇരിങ്ങാലക്കുട സ്വദേശിയായ സയന്‍ രക്ഷപ്പെട്ടത്. ഒരു കാറില്‍ കോടനാടെത്തിയ പത്തംഗ സംഘം സുരക്ഷ ജീവനക്കാരനെ കെട്ടിയിടുകയും നാല് പേര്‍ അകത്ത് കയറുകയുമായിരുന്നു. രണ്ടായിരം കോടി രൂപ എസ്റ്റേറ്റില്‍ ഉണ്ടെന്നായിരുന്നു മറ്റുള്ളവരോട് പറഞ്ഞിരുന്നത്. എന്നാല്‍ യഥാര്‍ത്ഥ ലക്ഷ്യം ജയലളിതയും ശശികലയും എസ്റ്റേറ്റില്‍ സൂക്ഷിച്ചിരുന്ന രേഖകളായിരുന്നു. ഒരുകാലത്ത് എസ്റ്റേറ്റിലെ ഡ്രൈവര്‍ ആയിരുന്ന കനകരാജ് ആണ് അഞ്ച് കോടി രൂപയ്ക്ക് ഈ ക്വട്ടേഷന്‍ നല്‍കയതെന്നും സയന്‍ പറയുന്നു. എന്നാല്‍ കനകരാജ് മരിച്ചതോടെ പറഞ്ഞുറപ്പിച്ച ക്വട്ടേഷന്‍ തുകയും ലഭ്യമായില്ല. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് രേഖകളെന്ന് കനകരാജ് തന്നോട് പറഞ്ഞിരുന്നതായാണ് സയന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു തമിഴ്‌സിനിമ പോലെ സസ്‌പെന്‍സുകള്‍ നിറഞ്ഞതാണ് കോടനാട് എസ്‌റ്റേറ്റിലെ കവര്‍ച്ചയും കാവല്‍ക്കാരന്‍ ലാല്‍ ബഹാദൂറിന്റെ കൊലപാതകവും അതിനെ തുടര്‍ന്ന് നടന്ന മറ്റ് മരണങ്ങളും. കനകരാജിനെയും സയന്റെ ഭാര്യ വിനുപ്രിയയെയും മകള്‍ നീതുവിനെയും കൂടാതെ എസ്റ്റേറ്റിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ദിനേഷ് കുമാറിനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഏപ്രില്‍ 24 പുലര്‍ച്ചെയാണു തമിഴ്നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്റ്റേറ്റ് ബംഗ്ലാവിലെ കാവല്‍ക്കാരന്‍ നേപ്പാള്‍ സ്വദേശിയായ റാം ബഹാദൂര്‍ കൊല്ലപ്പെടുന്നത്. മറ്റൊരു കാവല്‍ക്കാരന്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാകുന്നു. മോഷണശ്രമത്തിനിടയിലാണ് കാവല്‍ക്കാരന്‍ കൊലപ്പെട്ടതെന്നു പൊലീസ് കണ്ടെത്തുന്നു. മലയാളികള്‍ അടക്കം 11 പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ മലയാളികളായ നാലുപേരെ അറസ്റ്റ് ചെയ്തു.

ഇനിയാണു കഥയില്‍ ട്വിസ്റ്റുകള്‍ വരുന്നത്. കൊലപാതകം, മോഷണം എന്നീ കേസുകള്‍ ചുമത്തി നീലഗീരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി എടപ്പാടി സ്വദേശി കനകരാജും, രണ്ടാം പ്രതി കോയമ്പത്തൂര്‍ മധുക്കര സ്വദേശി കെ വി സയനും ആയിരുന്നു. ഏപ്രില്‍ 28ന് മണിക്കൂറുകള്‍ക്കിടെയില്‍ വ്യത്യസ്തമായ രണ്ടു സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ഒന്നാം പ്രതി കനകരാജ് കൊല്ലപ്പെടുകയും സയന്റെ ഭാര്യയും മകളും കൊല്ലപ്പെടുകയും ഗുരുതരമായ പരിക്കുകളോടെ സയന്‍ ആശുപത്രിയില്‍ ആവുകയും ചെയ്തു. ഈ രണ്ട് അപകടങ്ങളും യാദൃശ്ചികമായ സംഭവിച്ചതല്ലെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങള്‍ ആയിരുന്നുവെന്നുമാണ് ബലപ്പെടുന്ന സംശയം.

സയനും കുടുംബവും സഞ്ചരിച്ചിരുന്ന സാന്‍ട്രോ കാര്‍ 28ന് പുലര്‍ച്ചെയാണു ദേശീയപാതയില്‍ പാലക്കാട് കാഴ്ചപ്പറമ്പിനടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന കാറില്‍ നിന്നും ഉള്ളിലുണ്ടായവരെ പുറത്തെടുക്കുമ്പോള്‍ സയന്റെ ഭാര്യ വിനുപ്രിയയും മകള്‍ നീതുവും മരിച്ചിരുന്നു. എന്നാല്‍ വിനുപ്രിയയുടെയും നീതുവിന്റെയും കഴുത്തില്‍ സമാനസ്വഭാവത്തില്‍ കണ്ടെത്തിയ ആഴത്തിലുള്ള മുറിവ് സംശയം ജനിപ്പിച്ചു. കാര്‍ അപകടത്തില്‍ പെടുന്നതിനു മുന്നെ തന്നെ ഇരുവരും കൊല്ലപ്പെട്ടിരുന്നു എന്നു സംശയം ജനിപ്പിക്കുന്നതാണ് കഴുത്തിലെ മുറിവുകള്‍. ഒന്നുകില്‍ ഭാര്യയേും മകളെയും കൊന്നശേഷം സയന്‍ സ്വയം കാര്‍ ലോറിക്കു പിന്നിലേക്ക് ഇടിച്ചു കയറ്റിയതായിരിക്കണം; ആത്മഹത്യപോലെ. അതല്ലെങ്കില്‍ മറ്റാരുടെയോ കൈകള്‍ അതിന്റെ പിന്നില്‍ ഉണ്ട്. ഈ തരത്തിലാണു പൊലീസും ഈ അപകടത്തെ പ്രാഥമികമായി നോക്കി കണ്ടത്.

അഞ്ചുവര്‍ഷക്കാലം ജയലളിതയുടെ സ്വകാര്യവാഹനത്തിലെ ഡ്രൈവര്‍ ആയിരുന്ന കനകരാജ് ചെന്നൈ-ബംഗളൂരു ദേശീയപാതയില്‍ സേലത്തിനടുത്ത് ആത്തൂരില്‍ ഉണ്ടായ വാഹനാപകടത്തിലാണു കൊല്ലപ്പെട്ടത്. രാവിലെ എട്ടരയ്ക്കായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കനകരാജിനെ ഒരു കാര്‍ വന്നിടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടനെ കാറില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീടിവര്‍ പൊലീസില്‍ കീഴടങ്ങി. കനകരാജിന്റെ മരണത്തിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിച്ച പൊലീസിനെ ആദ്യം കുഴക്കിയത് സുപ്രധാനമായ ഒരു ചോദ്യമാണ്. സേലത്തു നിന്നും 75 കിലോമീറ്റര്‍ അകലെയുള്ള ആത്തൂരിലേക്ക് കനകരാജ് ബൈക്കില്‍ പോയത് എന്തിനാണ്?

നീലഗിരിക്കുന്നിലെ പുരാതനമായ ഹില്‍ സ്റ്റേഷനായ കോട്ടഗിരിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് കോടനാട് എസ്റ്റേറ്റ്. ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന പൈന്‍ മരക്കാടുകളും തേയിലത്തോട്ടങ്ങളും നിറഞ്ഞ ഇവിടെയാണ് ജയലളിതയുടെ വേനല്‍ക്കാല വസതി. 1.600 ഏക്കര്‍ സ്ഥലത്താണു രാജകീയമായ ആ വേനല്‍ക്കാല വസതി. പക്ഷേ അധികമാരും കയറി കണ്ടിട്ടില്ലാത്ത ആ വസതിയെ കുറിച്ച് കൂടുതല്‍ വര്‍ണിക്കാന്‍ കഴിയില്ല. എങ്കിലും നാട്ടുകാര്‍ പറയുന്നത് ഒമ്പത് വ്യത്യസ്തമായ ഗേറ്റുകളാണ് ബംഗ്ലാവിലേക്ക് കയറാനായി ഉള്ളതെന്നാണ്. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട ആളുകള്‍ ഒഴിച്ച് ആരും തന്നെ ആ ഗേറ്റുകള്‍ താണ്ടി ഉള്ളിലേക്കു പോയിട്ടില്ല. പൂര്‍ണമായും ജലയലളിതയുടെ ഉടമസ്ഥതയിലല്ല ഈ എസ്റ്റേറ്റ്. കോടനാട് എസ്‌റ്റേറ്റ് എന്ന സ്ഥാപനത്തിന് കീഴിലാണ് ഇതിന്റെ ഉടമസ്ഥത. ജയലളിതയെ കൂടാതെ ശശികലയും സഹോദര ഭാര്യ ഇളവരശിയുമാണ് മറ്റ് ഓഹരി ഉടമകള്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇരുവരും ഇപ്പോഴും ജയിലിലാണ്. ജയയുടെ വേനല്‍ക്കാല വസതിയെന്നാണ് ഈ എസ്‌റ്റേറ്റ് അറിയപ്പെടുന്നത്. ചെന്നൈയില്‍ ചൂട് കൂടുമ്പോള്‍ ജയലളിത കോടനാട്ടേക്ക് പോകും. പിന്നീട് തമിഴ്‌നാടിന്റെ സെക്രട്ടേറിയറ്റ് അവിടെയാണ്. ഉദ്യോഗസ്ഥര്‍ ഫയലുമായി ഇവിടെയെത്തുന്ന ഒരു കാലവുമുണ്ടായിരുന്നു.

ജയലളിതയുടെ മരണശേഷം കാര്യങ്ങള്‍ തിരിഞ്ഞു. ജയയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്ന ആ വസതിയുടെ സുരക്ഷാ ചുമതല നേരത്തെ നൂറുകണക്കിനു പൊലീസുകാരുടെ കൈകളിലായിരുന്നെങ്കില്‍ ജയയുടെ മരണശേഷം കോടനാട് ബംഗ്ലാവിനുമേലുള്ള ശ്രദ്ധ കുറഞ്ഞു. ഏതാനും കാവല്‍ക്കാരുടെ മാത്രം ചുമതലയായി അതു മാറി. ഈ സാഹചര്യം തന്നെയാണു ചിലര്‍ മുതലെടുത്തത്.

വെറുമൊരു മോഷണമായിരുന്നില്ല അവിടെ നടന്നിരിക്കുന്നതെന്നതെന്ന് അന്നേ സംശയമുയര്‍ന്നിരുന്നു. പ്രത്യേകിച്ചും അണ്ണാ ഡിഎംകെയില്‍ പരസ്പരമുള്ള പടവെട്ടലുകളും പിടിച്ചടക്കലും പുറത്താക്കലുകളും നടക്കുന്ന സാഹചര്യത്തില്‍. മോഷണത്തില്‍ എന്തൊക്കെയാണു നഷ്ടപ്പെട്ടിരിക്കുന്നത് എന്നറിയുമ്പോഴാണ് ആ ഗൗരവം വര്‍ദ്ധിക്കുന്നത്. മോഷണസംഘം ബംഗ്ലാവിനുള്ളില്‍ രണ്ടു മുറികളിലാണു കയറിയത്. ജയലളിതയുടെയും ശശികലയുടെയും. ജയലളിതയുടെ മുറിയില്‍ പ്രധാനപ്പെട്ട പല രേഖകളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു എന്നാണു വിവരം. പോയസ് ഗാര്‍ഡനിലെ വേദനിലയത്തിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്നതുള്‍പ്പെടെയുള്ള രേഖകള്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നതായും പറയുന്നു. രണ്ടു സ്യൂട്ട്കെയ്സുകള്‍ ഇവിടെ നിന്നും നഷ്ടപ്പെട്ടതായാണ് പറയുന്നത്. ഇതില്‍ നിന്നും മറ്റാരൊക്കെയോ മോഷണത്തിന് പിന്നിലുണ്ടായിരുന്നെന്ന് വ്യക്തമാണ്. ഇപ്പോഴും ജയയുടെ സ്വത്തിന്റെയെല്ലാം അവകാശം ആര്‍ക്കാണെന്നതില്‍ വ്യക്തതയില്ല. വേദനിലയം ശശികലയുടെ സഹോദര ഭാര്യ ഇളവരശിയുടെ പേരില്‍ എഴുതിവച്ചെന്ന കഥയും കെട്ടുകഥയാണെന്നാണ് കരുതുന്നത്.

അതേസമയം മോഷണം ആസൂത്രണം ചെയ്ത കനകരാജ് മറ്റൊരു നിധി തേടിയാണ് എത്തിയതെന്നും പറയുന്നു. 2000 കോടി രൂപ ആ ബംഗ്ലാവില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് കനകരാജിന് അറിയാമായിരുന്നുവത്ര! ജയലളിത മരിക്കുകയും ശശികല ജയിലില്‍ ആവുകയും ചെയ്തതോടെ എസ്റ്റേറിലെ കാര്യങ്ങളില്‍ അധികമാരും ശ്രദ്ധിക്കുന്നില്ലെന്നു മനസിലാക്കി ഈ പണം തട്ടാന്‍ കനകരാജ് ആസൂത്രണം ചെയ്തതാണ് മോഷണം എന്നു കരുതാം എന്ന നിലയിലാണ് ഈ സംശയം ഉയരുന്നത്. തന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നുവെന്ന് മനസിലാക്കിയതോടെയാണ് ജയലളിത കനകരാജിനെ പിരിച്ചു വിടുന്നത്. അതുകൊണ്ട് തന്നെ കനകരാജിന്റെ പശ്ചാത്തലം നേരായതല്ലായിരുന്നുവെന്ന് പൊലീസിന് മനസിലായിട്ടുണ്ട്.

പണം മോഷ്ടിക്കാന്‍ വന്നു എന്നത് ആരോ എഴുതിയ തിരക്കഥയിലെ സംഭാഷണങ്ങളാണെന്നാണു പൊലീസ് കരുതുന്നത്. യഥാര്‍ത്ഥ ലക്ഷ്യം പണമല്ല, രേഖകള്‍ തന്നെയായിരിക്കാം എന്നും പൊലീസ് കരുതുന്നു. ആ രേഖകള്‍ എല്ലാം മോഷ്ടാക്കള്‍ക്കു കിട്ടിയോ? കിട്ടിയ രേഖകള്‍ മറ്റാരുടെയെങ്കിലും കൈകളില്‍ എത്തിയോ? പ്രതികളുടെ പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ചാണെങ്കില്‍ പളനിസാമിയുടെ ലക്ഷ്യം ആ രേഖകളായിരുന്നു, ആ രേഖകളില്‍ എന്താണെന്ന് കൂടി വ്യക്തമായാല്‍ ജയലളിതയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹതയും ഒരുപക്ഷെ പുറത്ത് വന്നേക്കും. അങ്ങനെയായാല്‍ തമിഴ്‌നാട് രാഷ്ട്രീയത്തെ കാത്തിരിക്കുന്നത് സംഭവ ബഹുലമായ ദിനങ്ങളാണ്.

This post was last modified on January 13, 2019 9:33 am

Related Post
Leave a Comment