X

പൗരത്വപട്ടിക ഉയര്‍ത്തി ഇമ്രാന്‍ഖാന്‍, മോദി നടത്തുന്നത് മുസ്ലീങ്ങള്‍ക്കെതിരായ വംശീയ ശുദ്ധീകരണം

ലോകത്തിനു മുഴുവന്‍ ഇത് ഒരു മുന്നറിയിപ്പാണെന്നും പാക് പ്രധാനമന്ത്രി

19 ലക്ഷം പേരെ പൗരത്വത്തിൽ നിന്നും പുറത്താക്കിക്കൊണ്ട് അസമില്‍ ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. രൂക്ഷ വിമർശനമാണ് ഇമ്രാന്‍ ഖാന്‍ വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ ഉയർത്തിയത്. മുസ്ലീങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള നീക്കങ്ങളാണ് ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എന്‍ആര്‍സി (പൗരത്വ പട്ടിക) മുസ്ലീങ്ങളെ ലക്ഷ്യംവച്ചുകൊണ്ടുള്ള നടപടിയാണെന്ന് ആരോപിച്ച അദ്ദേഹം ലോകത്തിനു മുഴുവന്‍ ഇത് ഒരു മുന്നറിയിപ്പാണെന്നും പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സർക്കാർ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച ഇമ്രാന്‍ ഖാന്‍ ഇതിന് പിന്നാലെയാണ് അസം വിഷയത്തിലും നിലപാട് കടുപ്പിക്കുന്നത്.

കശ്മീരിലെ നടപടി ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഫാസിസ്റ്റ് നയമാണെന്നും ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പാകിസ്താന്റേത് നിരുത്തരവാദിത്തപരമായ പ്രതികരണങ്ങളാണെന്നാണ് ഇന്ത്യയുടെ നിലപാട്. പാക് നേതാക്കളുടെ പ്രസ്താവനകള്‍ പ്രതിഷേധമുണ്ടെന്നും ഇന്ത്യ അറിയിച്ചിരുന്നു.

പാകിസ്താൻ ജനത ജമ്മു കശ്മീരിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും ഇമ്രാൻ ഖാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കശ്മീരിലെ ജനങ്ങള്‍ക്കായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്ന് വ്യക്തമാക്കി വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 12.30 വരെയുള്ള അരമണിക്കൂര്‍ സമയം പാകിസ്താന്‍ മാറ്റിവയ്ക്കുകയായിരുന്നു.

അതിനിടെ കാശ്മീർ പ്രശ്നത്തിൽ ഉപാധികളോടെ ചർച്ചയ്ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പ്രതികരിച്ചതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. കാശ്മീര്‍ പ്രശ്‌നം യുദ്ധത്തിലൂടെ പരിഹരിക്കാന്‍ കഴിയില്ലെന്നായിരുന്നു ബിബിസി ഉറുദു ചാനലിന് നല്‍കിയ അഭിമുഖത്തിൽ പാക് വിദേശകാര്യ മന്ത്രി പ്രതികരിച്ചത്. പാകിസ്താന്‍ ഒരിക്കലും ആക്രമണോത്സുക നയം സ്വീകരിച്ചിട്ടില്ല എന്നും എല്ലായ്‌പ്പോഴും സമാധാനത്തിനായി നിലകൊണ്ടതായും ഷാ ഖുറേഷി അവകാശപ്പെട്ടു.

Read More- ‘എന്തുകൊണ്ട് അടുക്കളയില്‍ കയറില്ല? ഉള്ളംകാലില്‍ ഊതി നിദ്രയുടെ ആഴം അളക്കും…’-ഭവനഭേദനത്തിന്റെ ‘എന്‍ജിനിയറിങ്’ വിശദീകരിച്ച് ഒരു മുന്‍ കള്ളന്‍

This post was last modified on September 1, 2019 9:03 am