X

രാമായണം ഹിന്ദുത്വവാദികളുടെ തറവാട്ടുസ്വത്തല്ല, പക്ഷെ സിപിഎം രാമായണ മാസത്തെ മിമിക്രി ആക്കരുത്: സച്ചിദാനന്ദന്‍

ഡല്‍ഹിയില്‍ സഫ്ദര്‍ ഹാഷ്മി ട്രസ്റ്റ്‌ ഒരിക്കല്‍ ഒരു നല്ല രാമായണ പ്രദര്‍ശനം നടത്തി. ആര്‍ എസ് എസുകാര്‍ ആക്രമിച്ചെങ്കിലും അതിന്റെ സന്ദേശം വ്യക്തമായിരുന്നു, "രാമായണം നിങ്ങളുടെ തറവാട്ടു സ്വത്തല്ല, ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപെട്ടത്‌ പോലുമല്ല".

കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ടി രാമായണമാസം ആചരിക്കുന്നതില്‍ ഞാന്‍ തെറ്റ് കാണുന്നില്ലെന്നും പക്ഷെ നടപ്പ് ആചാരത്തിന്റെ വഴിയില്‍ തന്നെയാണ് ആചരിക്കുന്നതെങ്കില്‍ അത് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയാണ് ശക്തിപ്പെടുത്തുകയെന്നും കവി കെ.സച്ചിദാനന്ദന്‍. രാമായണം ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപ്പെട്ട ഒന്നല്ല. അതാരുടെയും തറവാട്ട്‌ സ്വത്തുമല്ല. മുസ്ലീങ്ങളും ജൈനരും ബുദ്ധരും പങ്കിടുന്ന മതാതീതമായ ലോകമഹാകാവ്യമാണത്. എന്നാല്‍ ഹിന്ദുത്വവാദികളുടെ ഒരു മിമിക്രി ആണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെങ്കില്‍, കഷ്ടം!. രാമായണത്തെ ഒരു മതപാഠം ആക്കാതെ ഒരു സെക്യുലര്‍ എപ്പിക് ആയി അവതരിപ്പിക്കാന്‍ ആണ് സിപിഎം ശ്രമികേണ്ടത്. അല്ലെങ്കില്‍ അത് തിരിച്ചടിയാകുമെന്നും സച്ചിദാനന്ദന്‍ മുന്നറിയിപ്പ് നല്‍കുന്നു.

സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്‌:

കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ടി രാമായണമാസം ആചരിക്കുന്നതില്‍ ഞാന്‍ തെറ്റ് കാണുന്നില്ല. പക്ഷെ അത് നടപ്പ് ആചാരത്തിന്റെ വഴിയില്‍ തന്നെയെങ്കില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയാണ് ശക്തിപ്പെടുത്തുക. ഇന്ത്യയിലെ രാമായണപാരംപര്യത്തിന്റെ വൈവിധ്യം ബോധ്യപ്പെടുത്തി ഹിന്ദുത്വവാദികള്‍ പറയുന്ന ഏകശിലാരൂപമായ ഇന്ത്യ എന്ന ജനാധിപത്യ വിരുദ്ധ ആശയത്തിന്നെതിരെ ഇന്ത്യന്‍ ജനസംസ്കൃതിയുടെ നാനാത്വം ജനങ്ങളില്‍ എത്തിക്കാന്‍ ഇത് നല്ല അവസരമാണ്, കാരണം രാമായണം ഒരു ദക്ഷിണേഷ്യന്‍ പാരമ്പര്യമാണ്, അത് ഹിന്ദുക്കളുടെതു മാത്രമല്ല.

ബംഗ്ലാദേശിലെയും മലയേഷ്യയിലെയും മുസ്ലിം നാടക ട്രൂപ്പുകള്‍ രാമായണം അവതരിപ്പിച്ചു ഞാന്‍ കണ്ടിട്ട്‌ണ്ട്. ബുദ്ധിസ്റ്റുകള്‍ക്കും ജൈനര്‍ക്കും അവരുടെ രാമായണങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ രാമായണ പാരമ്പര്യത്തിന്റെ ഏറ്റവും നല്ല പഠനം നടത്തിയത് ബെല്‍ജിയന്‍ പാതിരി ആയിരുന്ന ഫാദര്‍ കാമില്‍ ബുല്‍ക്കെ ആണ് ( “രാമകഥ”, മലയാളത്തിലും കേരള സാഹിത്യ അക്കാദമി ഇറക്കിയിരുന്നു, ഒരു പുതിയ പതിപ്പ് ആവശ്യം ) . അമേരിക്കന്‍ പണ്ഡിതയും എന്റെ സുഹൃത്തുമായ ആയ പോളാ റിച്ച്മാന്‍ ആണ് മറ്റൊരു വലിയ അതോറിറ്റി. ( അവരുടെ മൂന്നു പുസ്തകങ്ങള്‍ രാമായണസംബന്ധിയായി ഉണ്ട്) എഴുത്തച്ഛന്‍ ‘അധ്യാത്മ രാമായണം’ എഴുതിയത് എല്ലാ മലയാളികള്‍ക്കും വേണ്ടിയാണ്. അദ്ദേഹം തന്നെ അത് പറഞ്ഞിട്ടുണ്ട്.

കേരളത്തില്‍ തന്നെ മാപ്പിള രാമായണവും വയനാടന്‍ രാമായണവും ഉള്‍പ്പെടെ 29 രാമായണപാഠങ്ങള്‍ ഉണ്ട്. ( പുസ്തകങ്ങള്‍, പാട്ടുകള്‍, പെര്‍ഫോമന്സുകള്‍).മുന്നൂറു രാമയണങ്ങളെപ്പറ്റി ഏ കെ രാമാനുജന്‍ എഴുതി, എന്നാല്‍ അതിനേക്കാള്‍ എത്രയോ കൂടുതല്‍ രാമായണങ്ങള്‍ ഉണ്ട്. പലതിലും സീത രാവണപുത്രിയോ രാമസഹോദരിയോ ആണ്. വാല്മീകി രാമനെക്കാള്‍ അനീതിക്ക് ഇരയായ സീതയുടെ ഭാഗത്താണ്. ഒരു ഭീലി രാമായണത്തില്‍ യുദ്ധമേ ഇല്ല- രാവണന്‍ സീതയെ തിരിച്ചു കൊടുത്തു മാപ്പ് ചോദിക്കുന്നു. രാമന്‍ സന്യാസി ആയതിനാല്‍ ലക്ഷ്മണന്‍ രാവണനെ കൊല്ലുന്ന രാമായണം ഉണ്ട്. അങ്ങിനെ ആയിരം രാമായണങ്ങള്‍.

രാമായണത്തെ ഒരു മതപാഠം ആക്കാതെ ഒരു സെക്യുലര്‍ എപ്പിക് ആയി അവതരിപ്പിക്കാന്‍ ആണ് ശ്രമികേണ്ടത്. അല്ലെങ്കില്‍ അത് തിരിച്ചടിയിലേ കലാശിക്കൂ. ഡല്‍ഹിയില്‍ ‘സഫ്ദര്‍ ഹാഷ്മി ട്രസ്റ്റ്‌ ഒരിക്കല്‍ ഒരു നല്ല രാമായണ പ്രദര്‍ശനം നടത്തി. ആര്‍ എസ് എസുകാര്‍ ആക്രമിച്ചെങ്കിലും അതിന്റെ സന്ദേശം വ്യക്തമായിരുന്നു, ” രാമായണം നിങ്ങളുടെ തറവാട്ടു സ്വത്തല്ല, ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപെട്ടത്‌ പോലുമല്ല. മുസ്ലീങ്ങളും ജൈനരും ബുദ്ധരും പങ്കിടുന്ന മതാതീതമായ ലോകമഹാകാവ്യമാണത്.” അല്ലാ, ഹിന്ദുത്വവാദികളുടെ ഒരു മിമിക്രി ആണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെങ്കില്‍, നിങ്ങള്‍ക്കു ഹാ കഷ്ടം!

സിപിഎമ്മിന്റെ രാമായണമാസാചരണത്തില്‍ ഡോ. എം എം ബഷീര്‍ ഉണ്ടാകുമോ?

This post was last modified on July 11, 2018 2:32 pm