X

ഇന്ത്യയിലെ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും കാര്യം ശ്രദ്ധിക്കൂ; മോദിയോട് ഐഎംഎഫ് മേധാവി

കതുവ ഉന്നാവോ സംഭവങ്ങളെ അപലപിച്ചായിരുന്നു ലഗാര്‍ഡിന്റെ പ്രതികരണങ്ങള്‍

രാജ്യത്തെ സ്്ത്രീകളുടെ കാര്യത്തില്‍ പ്രധാനമന്ത്രി മോദിയില്‍ നിന്നും തുടങ്ങി ഭരണസംവിധാനങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്(ഐഎംഎഫ്) മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ഡ്. കതുവ, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ലഗാര്‍ഡിന്റെ പ്രതികരണം. വ്യാഴാഴ്ച വാഷിംഗ്ടണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തായിരുന്നു ലഗാര്‍ഡ് ഇന്ത്യന്‍ പ്രശ്‌നം ഉന്നയിച്ചത്.

ലജ്ജാകരമായ കാര്യങ്ങളാണ് ഇന്ത്യയില്‍ നടന്നത്. പ്രധാനമന്ത്രി മോദിയും ഇന്ത്യന്‍ ഭരണസംവിധാനങ്ങളും രാജ്യത്തെ സ്ത്രീകളുടെ സ്ത്രീകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു, സ്ത്രീകള്‍ക്ക് അത് ആവശ്യവുമുണ്ട്.

ഇതിപ്പോള്‍ രണ്ടാമത്തെ തവണയാണ് ലഗാര്‍ഡ് സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ മോദിയെ പരോക്ഷമായി വിമര്‍ശിക്കുന്നത്. ജനുവരിയില്‍ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ വച്ച് ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കാന്‍ താന്‍ മോദിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തന്റെ പ്രസംഗത്തില്‍ സ്ത്രീകളെ കുറിച്ച് ഒരു വാക്കുപോലും ഇന്ത്യന്‍ പ്രധാനമന്ത്രി മിണ്ടിയില്ലെന്ന് ലഗാര്‍ഡ് പറഞ്ഞിരുന്നു. ഇന്ത്യയിലെ സ്ത്രീകളേയും പെണ്‍കുട്ടികളേയും കുറിച്ച് മോദി എന്തെങ്കിലും പറയുമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, അതുണ്ടായില്ല; ലഗാര്‍ഡ് മാധ്യമങ്ങളോട് പറഞ്ഞകാര്യമാണ്.

കതുവ, ഉന്നാവോ വിഷയങ്ങളില്‍ ഉള്ള തന്റെ പ്രതികരണം തീര്‍ത്തും വ്യക്തിപരമാണെന്നും ഐഎംഎഫിന്റെ ഔദ്യോഗിക പ്രതികരണമല്ലെന്നും ക്രിസ്റ്റിന്‍ ലഗാര്‍ഡ് പിന്നീട് വ്യക്തമാക്കി.

This post was last modified on April 20, 2018 8:26 am