X

നിലപാട് കടുപ്പിച്ച് എം ടി ; ‘രണ്ടാമൂഴം ആര‌് ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമായില്ല, ഇനി എല്ലാം കോടതിയിൽ’

കരാർപ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും അത‌് സിനിമയാക്കാനുള്ള എളിയ ശ്രമംപോലും സംവിധായകന്റെ ഭാഗത്തുനിന്ന‌് ഉണ്ടായില്ല

ഇതിഹാസ നോവൽ രണ്ടാമൂഴം സിനിമയാക്കുന്നതിനെ ചൊല്ലിയുമുള്ള വിവാദത്തിൽ നിലപാട് വ്യക്തമാക്കി എംടി വാസുദേവൻ നായർ. രണ്ടാമൂഴം’ സിനിമക്കായി തയ്യാറാക്കിയ തിരക്കഥ തിരിച്ചുവാങ്ങുകയാണ‌് ആദ്യ ലക്ഷ്യമെന്നും സിനിമ ആര‌് ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും എം ടി വാസുദേവൻ നായർ പറഞ്ഞു. തിരക്കഥ ‌കൈപ്പറ്റി വർഷങ്ങൾ കഴിഞ്ഞിട്ടും സിനിമയാക്കുന്നതിനുള്ള ഗൗരവം സംവിധായകൻ കാണിച്ചില്ല. ‘രണ്ടാമൂഴം’ ഇനി ആര‌് സിനിമയാക്കുമെന്ന കാര്യത്തിൽ ആലോചനകളൊന്നും നടന്നിട്ടില്ല.

കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും എം ടി ‘ദേശാഭിമാനി’യോട‌് പറഞ്ഞു. എംടിയെ നേരിൽകണ്ട‌് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന സംവിധായകൻ വി എ ശ്രീകുമാർ മേനോന്റെ ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റിനെക്കുറിച്ച‌് സൂചിപ്പിച്ചപ്പോൾ ‘ഫെയ‌്സ‌്ബുക്ക‌് ഒരു ആധികാരിക രേഖയാണോ’ എന്നായിരുന്നു എം ടിയുടെ പ്രതികരണം.

ആർക്കും അതിൽ എന്തും കുറിച്ചിടാം. ഫെയ‌്സ‌്ബുക്ക‌് ഒരു ചരിത്രരേഖയൊന്നുമല്ല. 2019 ജൂലൈയിൽ സിനിമ ചെയ്യുമെന്നുള്ള സംവിധായകന്റെ കുറിപ്പിനോടും എം ടി പ്രതികരിച്ചില്ല. കരാർപ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും അത‌് സിനിമയാക്കാനുള്ള എളിയ ശ്രമംപോലും സംവിധായകന്റെ ഭാഗത്തുനിന്ന‌് ഉണ്ടായില്ല. ഇതെതുടർന്നാണ‌് കോടതിയെ സമീപിച്ചത‌്. ഇനി കോടതി തീരുമാനിക്കും.

2017 ല്‍ വി എ ശ്രീകുമാര്‍ മേനോന്‍ ആണ് രണ്ടാമൂഴം സിനിമയാക്കുന്ന വിവരം അറിയിച്ചത്. നേരത്തെ സംവിധായകൻ ഹരിഹരനും ഇതേ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും കാര്യങ്ങൾ മാറി. പ്രമുഖ വ്യവസായി ബി ആര്‍ ഷെട്ടിയുടെ നിര്‍മാണത്തില്‍ 1000 കോടി മുതല്‍ മുടക്കില്‍ ചിത്രം തയ്യറാവുമെന്നായിരുന്നു പ്രഖ്യാപനം. ഭീമന്റെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ഫാന്‍ പോസ്റ്ററുകളും പുറത്തുവിട്ടു.

എന്നാല്‍ ഒരിടവേളയക്ക് ശേഷം രണ്ടാമുഴം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ‘രണ്ടാമൂഴ’ത്തെ അടിസ്ഥാനമാക്കി എടുക്കുന്ന മഹാഭാരതത്തില്‍ നിന്നും എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നു എന്ന വാര്‍ത്ത അമ്പരപ്പോടെയാണ് മലയാള സിനിമാ ലോകം കേട്ടത്. സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുന്നതാണ് പിന്തിരിപ്പിച്ചതെന്നും എം ടി പറയുന്നു. തിരക്കഥ തിരികെ ലഭിക്കുന്നതിനായി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം. സിനിമയ്ക്കായി താന്‍ കൈപ്പറ്റിയ പണം തിരക്കഥ ലഭിക്കുന്ന മുറയ്ക്ക് തിരികെ നല്‍കുമെന്നും എംടി പറയുന്നു.

അതെ സമയം രണ്ടാമുഴം എന്ന സിനിമ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ നേരത്തെ രംഗത്തെത്തിയിട്ടുണ്ട്. എംടിയെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് തന്റെ വീഴ്ച്ചയാണെന്നും, എംടി യെ നേരില്‍ കണ്ട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ ഫേസ് ബുക്ക് പേജിലായിരുന്നു സംവിധായകന്റെ പ്രതികരണം.

Related Post
Leave a Comment