ലത മങ്കേഷ്കറിന്റെ പാട്ട് പാടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ താരമായ റാണു മണ്ഡലിന്, ലതയുടെ അതൃപ്തികരമായ അഭിപ്രായത്തോട് പരിഭവമില്ല. പകരം റാണു മണ്ഡല് പറഞ്ഞത് ലതാജി എന്റെ സീനിയര്‍ ആണ് എന്നാണ്. നവഭാരത് ടൈംസിന് നല്കിയ അഭിമുഖത്തിലാണ് റാണു മണ്ഡല് ഇക്കാര്യം പറഞ്ഞത്. ലതാജിയുടെ പ്രായം വച്ച് നോക്കുമ്പോള്‍ ഞാന്‍ അവരേക്കാള്‍ എത്രയോ ചെറുപ്പമാണ്. എല്ലായ്പ്പോഴും അവരുടെ ജൂനിയര്‍ ആണ് ഞാന്‍. കുട്ടിക്കാലം മുതലേ ഇഷ്ട്പെട്ട് പോരുന്നതാണ് ലതാജിയുടെ ശബ്ദം – റാണു മണ്ഡല് പറഞ്ഞു.
ലത മങ്കേഷ്കറിന്റെ ഏക് പ്യാര് കാ നഗ്മ എന്ന ഗാനം റെയില്‍വേ സ്റ്റേഷന് പ്ളാറ്റ്ഫോമില്‍ പാടിയാണ് റാണു മണ്ഡല് ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ വീഡിയോയില്‍ താരമായ റാണു മണ്ഡലിന് ബോളിവുഡില്‍ അവസരം ലഭിച്ചു. ഹിമേഷ് രെഷാമിയയുടെ സംഗീതത്തില്‍ മൂന്ന് പാട്ടുകളാണ് റാണു മണ്ഡല് പാടിയത്.
അതേസമയം ലത മങ്കേഷ്കറിനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ അത്ര തൃപ്തികരമായ രീതിയിലല്ല ലത മറുപടി നല്‍കിയത്. റാണു മണ്ഡലിന്റെ പാട്ടില്‍ സന്തോഷം പ്രകടിപ്പിച്ചപ്പോള്‍ തന്നെ ലത ഇങ്ങനെ പറഞ്ഞു – “എന്റെ പേരും പ്രവൃത്തികളും കൊണ്ട് ആര്‍ക്കെങ്കിലും ഗുണമുണ്ടാകുന്നുണ്ട് എങ്കില്‍ അതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ അനുകരണം ദീര്‍ഘകാലത്തേയ്ക്ക് വിജയത്തിന് സഹായകമാകില്ല. എന്റെയോ കിഷോര്‍ ദായുടേയോ (കിഷോര്‍ കുമാര്‍), റാഫി സാബിന്റേയോ (മുഹമ്മദ് റാഫി), മുകേഷ് ഭയ്യയുടേയോ ആശയുടേയോ (ആശ ഭോസ്ലെ) പാട്ടുകള്‍ പാടുന്നത് കൊണ്ട് വളര്‍ന്നുവരുന്ന ഗായകര്‍ക്ക് ഹ്രസ്വകാല ശ്രദ്ധ നേടാം എന്നതിനപ്പുറം കാര്യമൊന്നുമില്ല”.
This post was last modified on September 14, 2019 10:06 pm