X

ഈ നെറികെട്ട സര്‍ക്കാര്‍ കൊടും കുറ്റവാളികളെ ഹണിമൂണ്‍ ആഘോഷിക്കാന്‍ വിടുമ്പോള്‍, നീതിക്കായി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കൊപ്പം ജനങ്ങളുണ്ട്; കെ കെ രമ

രാഷ്ട്രീയപാര്‍ട്ടികളുടെ സഹായമില്ലാതെ വിജയിക്കുന്ന സമരമായിരിക്കും കന്യാസ്ത്രീകളുടേത്

കന്യസ്ത്രീകള്‍ നടത്തുന്ന നീതിക്കു വേണ്ടിയുള്ള സമരം രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ വിജയിക്കുന്ന സമരമായിരിക്കുമെന്നു ആര്‍എംപി നേതാവ് കെ.കെ രമ. കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നടന്നു വരുന്ന കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയര്‍പ്പിക്കാന്‍ എത്തിയതായിരുന്നു രമ. കൊലയാളികളുടെയും വഞ്ചകന്മാരുടെയും പണം കണ്ട് മയങ്ങുന്ന മുഖ്യധാര രാഷ്്ട്രീയ പാര്‍ട്ടികളാണ് കേരളം ഭരിക്കുന്നത്. കേരളത്തിലെ പാര്‍ട്ടികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നവരാണ്. കൊടുംകുറ്റവാളികള്‍ക്ക് ഹണിമൂണ്‍ ആസ്വദിക്കാന്‍ പരോള്‍ നല്‍കുന്ന നെറികെട്ട സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും രമ പറഞ്ഞു. സ്ത്രീപീഡനം, കൊലപാതകങ്ങള്‍, രാഷ്ട്രീയ സംഘട്ടനം തുടങ്ങി കേരളത്തില്‍ അനീതികള്‍ പെരുകുന്നതായും എവിടെയെങ്കിലും നീതിയുണ്ടെങ്കില്‍ അധികാരവും പണവും കൈയാളുന്നവര്‍ക്കായിരിക്കും ലഭിക്കുന്നത്. നാലു കാശുള്ളവനെ സംരക്ഷിക്കാന്‍ അവിടെ അധികാരികളും രാഷ്ട്രീയ പാര്‍ട്ടികളുമുണ്ടെന്നും രമ ആരോപിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നലെ മുതല്‍ ഹൈടെക് ചോദ്യം ചെയ്യല്‍ തുടങ്ങിയതാണ്. നീതിക്ക് വേണ്ടി തെരുവില്‍ കന്യസ്ത്രീകള്‍ സഹനങ്ങള്‍ സഹിച്ച് സമരം ചെയ്യുമ്പോള്‍ യാതൊരു പ്രയാസവും ഇല്ലാതെ ബിഷപ്പിനെ ചോദ്യം ചെയ്യുന്നു. വ്യക്തമായ തെളിവുകള്‍ നിരത്തി ബിഷപ്പ് തന്നെ പീഡിപ്പിച്ചു എന്നു പരാതിയുമായി ചെന്നപ്പോള്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് തയാറാകാതെ ഹൈടെക് ചോദ്യം ചെയ്യല്‍ നടത്തുന്നു. നാല് കാശ് ഉണ്ടെങ്കില്‍ ഏത് വൃത്തികെട്ടവനാണെങ്കിലും അവനെ സംരക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. പുതിയ ജനതാധിപത്യ രീതികളാണ് ഇന്ന് അധികാരികള്‍ ജനങ്ങളെ പഠിപ്പിക്കുന്നത്; രമ പറഞ്ഞു.

കേരളത്തിന്റെ പുതിയ സമര ചരിത്രമാണ് കന്യസ്ത്രീകള്‍ നടത്തുന്ന ഈ സമരം. ഓരോ ദിവസം സ്വമേധായ സമരത്തിന് പിന്തുണ അര്‍പ്പിച്ചെത്തുന്ന ജനങ്ങള്‍ ഈ സമരത്തിന്റെ വിജയമാണ്. മുഖ്യധാര രാഷ്്ട്രീയ പാര്‍ട്ടികളെ ജനം കല്ലെറിയുന്ന കാലം വിദൂരമല്ല. അധികകാലം ഇതുപോലുള്ള വഞ്ചകരെ സംരക്ഷിക്കാന്‍ സാധിക്കില്ല. എന്തു സുന്ദരമായാണ് രാഷ്ട്രീയ നേതൃത്വം ബിഷപ്പിനെ സംരക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നേതൃത്വം അരമനകള്‍ കയറി ഇറങ്ങുന്നത് ജനം കാണുന്നതാണ്. തനിക്കെതിരേയുള്ള ലൈംഗികാതിക്രമത്തില്‍ ഒരു സ്ത്രീ പരാതി നല്‍കിയാല്‍ രണ്ട് മാസം കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് സുപ്രീകോടതി പറഞ്ഞിട്ടുള്ളത്. എന്നാല്‍ മൂന്നു മാസമായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തയാറായിട്ടില്ല. നീതിക്കായി പോരാടുന്ന കന്യാസ്ത്രീകളേ… നിങ്ങള്‍ ഒറ്റയ്ക്കല്ല. നിങ്ങള്‍ തനിച്ചല്ല, ജനം നീങ്ങള്‍ക്കൊപ്പമുണ്ട്. സഹനങ്ങളും ത്യാഗങ്ങളും സഹിച്ചാണ് കന്യസ്ത്രീകള്‍ സമരം നടത്തുന്നത്. സമരം കഴിഞ്ഞ് തിരിച്ച്
പോകുമ്പോഴും കേരളത്തിലെ ജനസമൂഹം ഇവരുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും കെ.കെ രമ പറഞ്ഞു.