X

സുപ്രിംകോടതി വിധി നടപ്പാക്കരുതെന്ന് ഞാനെവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? സെന്‍കുമാര്‍

താന്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതിന്‌ സിപിഎമ്മിന് എന്താണ് പ്രശനമെന്നും സെന്‍കുമാര്‍

താന്‍ എപ്പോഴെങ്കിലും സുപ്രിംകോടതി വിധി നടപ്പാക്കരുതെന്ന് പറഞ്ഞിട്ടുണ്ടോയെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. മാധ്യമങ്ങളാണ് താന്‍ സുപ്രീം കോടതി വിധിയ്ക്ക് എതിരാണെന്ന് വരുത്തി തീര്‍ക്കുന്നതെന്നും സെന്‍ കുമാര്‍ ആരോപിച്ചു.

‘സുപ്രീം കോടതി വിധി നടപ്പാക്കരുതെന്നു ഞാന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്റെ വാക്കുകള്‍ വളച്ചൊടിച്ചു റിപ്പോര്‍ട്ട് ചെയ്യുകയാണ് മാധ്യമങ്ങള്‍. സുപ്രീം കോടതി വിധി എന്തെന്ന് ആദ്യം മാധ്യമങ്ങള്‍ സ്വയം മനസ്സിലാക്കുക. ഇപ്പോള്‍ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് തയ്യാറല്ല’. എന്നാണ് സെന്‍കുമാര്‍ അഴിമുഖത്തോട് പ്രതികരിച്ചത്. ഇരുട്ട് നീക്കി വെളിച്ചം കൊണ്ടുവരാനാണ് ഹിന്ദു സംഘടനകള്‍ അയ്യപ്പ ജ്യോതി തെളിയിക്കുന്നതെന്നും അതിനാലാണ് ചടങ്ങിന്റെ ഭാഗമാകുന്നതെന്നും സെന്‍കുമാര്‍ അറിയിച്ചു. താന്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതിന്‌ സിപിഎമ്മിന് എന്താണ് പ്രശനമെന്നും സെന്‍കുമാര്‍ ചോദിക്കുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരാണ് ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എന്തു പരിപാടിയില്‍ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് താനാണെന്നും സെന്‍കുമാര്‍ പറയുന്നു.

തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു. വനിതാ മതിലിനല്ല, പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കേണ്ടത്. വനിതാ മതില്‍ നിര്‍മ്മിക്കാന്‍ കാണിക്കുന്ന പരിശ്രമത്തിന്റെ പകുതി കാണിച്ചാല്‍ ജനങ്ങള്‍ക്ക് ദുരിതാശ്വാസം എത്തിക്കാന്‍ കഴിയും. പ്രളയബാധിതരായ രണ്ടായിരത്തോളം പേര്‍ ഇപ്പോഴും ക്യാംപുകളില്‍ കഴിയുകയാണ്.

സംസ്ഥാന സര്‍ക്കാരിന് ലഭിച്ച ഫണ്ട് ഉപയോഗിച്ചാല്‍ വീടില്ലാത്തവര്‍ക്ക് വേഗത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കാനാകുമെന്നും സെന്‍കുമാര്‍ പറയുന്നു. പ്രളയബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് വനിതാ മതിലിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത്. സിപിഎം വ്യക്തിവിരോധം തീര്‍ക്കുകയാണോയെന്ന ചോദ്യത്തിന് അങ്ങനെ കാണേണ്ടി വരുമെന്നായിരുന്നു സെന്‍കുമാറിന്റെ മറുപടി.

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

This post was last modified on December 26, 2018 6:54 pm