X

പി. ജയരാജന് മേൽ വീണ സിബിഐ പിടിക്ക് പിന്നിൽ ഷുക്കൂറിന്റെ ഉമ്മ ആത്തിക്കയുടെ നിശ്ചയദാർഢ്യം, മനസ്സ് കല്ല് പോലെ മരവിച്ചെന്ന് സഹോദരൻ

വിജയം പൂര്‍ത്തിയായിട്ടില്ലെന്നും ഷുക്കൂറിന്റെ ബന്ധുക്കള്‍

കേരളം കണ്ട നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു ഷുക്കൂര്‍ വധം. പി ജയരാജനും ടി വി രാജേഷും സഞ്ചരിച്ച വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടു. ജനമധ്യത്തില്‍ മണിക്കൂറുകള്‍ തടഞ്ഞുവച്ച് വിചാരണക്കൊടുവില്‍ സിപിഎം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ കൊലപ്പെടുത്തുകയായിരുന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ ഷുക്കൂറിനെ പാര്‍ട്ടിക്കാര്‍ തടഞ്ഞുവച്ചിരിക്കുന്ന വിവരമറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റാണ് പി ജയരാജനില്‍ ചുമത്തിയത്. എന്നാല്‍ സിബിഐ നടത്തിയ തുടരന്വേഷണത്തിനൊടുവില്‍ കൊലപാതകക്കുറ്റവും ഗൂഢാലോചനയും ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുതിര്‍ന്ന സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പ്രതിചേര്‍ക്കപ്പെട്ട കേസ് സിബിഐ അന്വേഷണത്തോടെ പുതിയ വഴിത്തിരിവിലേക്കെത്തുകയായിരുന്നു.

കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററുമായിരുന്ന അബ്ദുള്‍ ഷുക്കൂറിനെ 2012 ഫെബ്രുവരി 20നാണ് കൊലപ്പെടുത്തുന്നത്. കൊല്ലപ്പെടുമ്പോള്‍ 24 വയസ്സായിരുന്നു ഷുക്കൂറിന്. ഫെബ്രുവരി 20ന് പട്ടുവത്ത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കല്യാശേരി എംഎല്‍എ ടി വി രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായി. ഇതിന്റെ തുടര്‍ സംഭവമാണ് ഷുക്കൂര്‍ വധം എന്നാണ് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പരിക്കേറ്റ് ജയരാജനും ടി വി രാജേഷും തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രി മുറിയില്‍ വച്ച് സിപിഎം പ്രാദേശിക നേതാക്കള്‍ ഗുഢാലോചന നടത്തുകയും കൊലപാതകത്തിന് നിര്‍ദ്ദേശം നല്‍കി എന്നുമാണ് കേസ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഷുക്കൂറും സക്കറിയയും ഉള്‍പ്പെടെയുള്ളവരെ കണ്ടെത്തുന്നത്. ആക്രമിക്കാനുള്ള വരവാണെന്ന് മനസ്സിലാക്കിയ ഷുക്കൂറും സംഘവും മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറി. നിമിഷങ്ങള്‍ക്കുള്ളില്‍ നൂറ് കണക്കിനാളുകള്‍ ഈ വീട് വളഞ്ഞു. വീട്ടുടമസ്ഥനെ ഭീഷണിപ്പെടുത്തി വാതില്‍ തുറപ്പിച്ചു. പിന്നീട് രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലും ആക്രമണവും. പിന്നീട് ഷുക്കൂറിനൊപ്പമുണ്ടായിരുന്നവരെ ഓരോരുത്തരായി പട്ടുവം പാടത്തെത്തിച്ച് ശാരീരികോപദ്രവമേല്‍പ്പിച്ചു. ഷുക്കൂറിനേയും സക്കറിയയേയും പ്രവര്‍ത്തകര്‍ വെട്ടി. വെട്ടേറ്റ സക്കറിയയെ ഓടിച്ച് വിട്ടെങ്കിലും ഷുക്കൂറിനെ വെട്ടിക്കൊല്ലുകയായിരുന്നു. ചോരവാര്‍ന്ന് ഗുരുതരാവസ്ഥയിലായ സക്കറിയയെ ആശുപത്രിയിലാക്കി. അന്ന് ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് ഉള്‍പ്പെടെയുള്ളവര്‍ സിപിഎം നേതാക്കളോട് ഷുക്കൂറിനെ വെറുതെവിടണമെന്നപേക്ഷിച്ചെങ്കിലും അതുണ്ടായില്ല. പോലീസില്‍ വിവരമറിയിച്ചെങ്കിലും പോലീസ് സ്ഥലത്തെത്തിയില്ല. യുഡിഎഫ് നേതാക്കള്‍ നേരിട്ട് ഇടപെട്ട് പോലീസില്‍ വിളിച്ചെങ്കിലും കാര്യമുണ്ടായില്ല. കൃത്യവിലോപത്തിന് കണ്ണപുരം പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാര്‍ സസ്പന്‍ഡ് ചെയ്യപ്പട്ടു എന്നല്ലാതെ അതില്‍ പിന്നീട് നടപടികള്‍ ഉണ്ടായില്ല.

മാര്‍ച്ച് 22ന് സിപിഎം നേതാവ് എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തും തളിപ്പറമ്പ് നഗരസഭ മുന്‍ ചെയര്‍മാനും ഏരിയ കമ്മറ്റി അംഗവുമായി മലര്‍വാടി രവിയുടെ മകന്‍ ബിജുമോന്‍ എന്നിവരുള്‍പ്പെടെ 18പേരുടെ ആദ്യ പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ജൂണ്‍ മാസത്തില്‍ ഷുക്കൂറിനെ കൊല്ലാന്‍ ഉപയോഗിച്ച കത്തി സിപിഎം കണ്ണപുരം ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ വി സജിത്തിന്റെ ബാക്കിന്റെ ടൂള്‍ ബോക്‌സില്‍ നിന്ന് കണ്ടെടുത്തു. പിന്നീട് പി ജയരാജനും ടി വി രാജേഷിനും ചോദ്യംചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് അയക്കുന്നത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ നിര്‍ണാക വിവിരങ്ങള്‍ ലഭിച്ചു എന്ന് അന്വേഷണ സംഘം വെളിപ്പെടുത്തുന്നു. മാധ്യമപ്രവര്‍ത്തകരില്‍ നിന്നുള്‍പ്പെടെ മൊഴിയെടുക്കുകയും പാര്‍ട്ടി പ്രാദേശിക നേതാക്കളേയും പ്രവര്‍ത്തകരെയുമുള്‍പ്പെടെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തു. 34പേരുടെ പ്രതിപ്പട്ടിക പോലീസ് തയ്യാറാക്കി. പി ജയരാജനേയും ടി വി രാജേഷിനേയും വീണ്ടും ചോദ്യം ചെയ്തു. ഒടുവില്‍ ഓഗസ്റ്റ് ഒന്നിന് പി ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റില്‍ പ്രതിഷേധിച്ച് വ്യാപക അക്രമങ്ങള്‍ അരങ്ങേറി. അറസ്റ്റ് ചെയ്യപ്പെട്ടിട്ടും നെഞ്ചുവേദനയുണ്ടെന്ന കാരണം കാണിച്ച് പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ തന്നെയാണ് ജയരാജന്‍ കഴിഞ്ഞത്. ഇത് ഒട്ടേറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. പിന്നീട് ജയരാജന് കോടതി ജാമ്യം അനുവദിച്ചു.

തലശേരി കോടതിയില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജനും ടി വി രാജേഷിനുമെതിരെ കൊലപാതകത്തെക്കുറിച്ചറിഞ്ഞിട്ടും തടയാന്‍ ഇടപെട്ടില്ല എന്ന കുറ്റമാണ് ചുമത്തിയത്. എന്നാല്‍ സിപിഎമ്മിനെ ഏറ്റവുമധികം പ്രതിക്കൂട്ടിലാക്കിയ കേസില്‍ വഴിത്തിരിവായത് ഷുക്കൂറിന്റെ ഉമ്മ ആത്തിക്കയുടെ ഇടപെടലാണ്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക ഹൈക്കോടതിയെ സമീപിച്ചു. കേസ് സിബിഐയ്ക്ക് വിടണമെന്ന് രണ്ട് തവണ ആത്തിക്ക സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ആവശ്യം നിരസിക്കപ്പെട്ടു. പിന്നീടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാല്‍ ഹര്‍ജി പരിഗണിനയ്‌ക്കെടുത്തപ്പോള്‍ സിബിഐ അഭിഭാഷകന്‍ ഷുക്കൂര്‍ വധക്കേസ് സിബിഐ ഏറ്റെടുക്കാന്‍ മാത്രം പ്രത്യേകതകളില്ലെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ കുടുംബം ആവശ്യവുമായി മുന്നോട്ട് പോയി. കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ത്ത് വീണ്ടും ഹര്‍ജി നല്‍കി. എന്നാല്‍ സിബിഐ അന്വേഷണം നടത്താന്‍ പ്രാധാന്യമുള്ള കേസല്ല ഇതെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ നല്‍കിയ മറുപടിയും.

ഷുക്കൂര്‍ മരണം ഇരന്നുവാങ്ങുകയായിരുന്നു എന്ന പി ജയരാജന്റെ പ്രസ്താവനുള്‍പ്പെടെയുള്ള രേഖകളാണ് ആത്തിക്ക ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നത്. പിന്നീട് കോടതി കേസ് സിബിഐയ്ക്ക് വിട്ടു. ഇതിനിടെ കേസ് എടുക്കാന്‍ വിസമ്മതിച്ച സിബിഐയ്‌ക്കെതിരെ കോടതി നടത്തിയ പരാമര്‍ശവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജയരാജനും രാജേഷും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ച കോടതി സിബിഐ അന്വേഷണം താല്‍ക്കാലികമായി തടഞ്ഞിരുന്നു. എന്നാല് പിന്നീട് ഡിവിഷന്‍ ബഞ്ച് സ്റ്റേ റദ്ദാക്കി. ഇതോടെ അന്വേഷണം പുനരാരംഭിച്ചു. ഷുക്കൂര്‍ വധത്തില്‍ പി ജയരാജന്റെയും ടി വി രാജേഷിന്റെയും പങ്കാണ് പ്രധാനമായും സിബിഐ അന്വേഷിച്ചത്. ഷുക്കൂര്‍ വധക്കേസിലെ ക്രിമിനല്‍ ഗൂഢാലോചനയും കേരള പോലീസിന്റെ അന്വേഷണത്തിലെ വീഴ്ചയും അന്വേഷിക്കാന്‍ ഒരുങ്ങുകയാണെന്ന് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സിപിഎം നേതാക്കള്‍ക്കെതിരെ സിബിഐ പിടിമുറിക്കിയതിന്റെ സൂചനയാണ് സിബിഐ സമര്‍പ്പിച്ച് റിപ്പോര്‍ട്ട് എന്ന് വിലയിരുത്തലുണ്ടായിരുന്നു.

പി ജയരാജനെതിരെ 302, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഇതൊരു വിജയമല്ലെന്ന് ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദാ മുഹമ്മദ് പ്രതികരിച്ചു’ ഉമ്മയുടെ മനസ്സ് കല്ലുപോലെ ഉറച്ചു. ഞാനും അതേ അവസ്ഥയിലാണ്. പക്ഷെ നിയമപോരാട്ടം ഞങ്ങള്‍ തുടരും. തലശേരി കോടതിയിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സിബിഐ പ്രത്യേക കോടതിയിലേക്ക് വിചാരണ മാറ്റാന്‍ ഞങ്ങള്‍ നിയമപരമായി ആവശ്യപ്പെടും. കണ്ണൂരിന് പുറത്ത് വിചാരണ വേണമെന്നതാണ് ഞങ്ങളുടെ ആവശ്യം. ബാഹ്യ ഇടപെടലുകള്‍ ധാരാളമുണ്ടാകും. അതെല്ലാം മറികടന്ന് നീതി ലഭ്യവുമ്പോഴേ വിജയം എന്ന് പറയാനാവൂ.’

This post was last modified on February 12, 2019 7:21 am