X

നിങ്ങളുടെ അശ്ലീലം നിറഞ്ഞ കവലപ്രസംഗങ്ങള്‍ക്ക് ഇനി അവളെ തടയാനാകില്ല; ഫ്‌ളാഷ്‌മോബ് വിരുദ്ധര്‍ക്ക് ചില മുന്നറിയിപ്പുകള്‍

അവളുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശങ്ങളുമൊന്നും മതംവിഴുങ്ങി ജീവിക്കുന്ന വിവരംകെട്ട വര്‍ഗ്ഗത്തിന്റെ ഔദാര്യമല്ല എന്ന് കാലം അവര്‍ക്ക് മനസിലാക്കി കൊടുക്കും

മലപ്പുറത്ത് എയ്ഡ്‌സിനെതിരായ പ്രചരണത്തിന്റെ ഭാഗമായി പര്‍ദ്ദ ധരിച്ച് ഫ്‌ളാഷ്‌മോബ് നടത്തിയ മൂന്ന് പെണ്‍കുട്ടികള്‍ക്കെതിരെ മതവാദികള്‍ നടത്തിയ പ്രചരണത്തിന് സോഷ്യല്‍ മീഡിയയിലൂടെ തന്നെ തിരിച്ചടി. മുസ്ലിം പേരുകാര്‍ തന്നെയായ യുവതികളുടേത് ഉള്‍പ്പെടെയുള്ളവരുടെ പ്രൊഫൈലുകളില്‍ നിന്നാണ് പോസ്റ്റുകള്‍ വരുന്നത്.

ഡാന്‍സ് കളിച്ച മിടുക്കികള്‍ക്കെതിരെ വിവിധ അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്ക് നിര്‍വചനങ്ങള്‍ നല്‍കുകയാണ് സുറുമി സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജുകളിലൂടെ. അതില്‍ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവരെക്കുറിച്ച് ആകുലപ്പെടുന്ന കല്യാണ ബ്രോക്കര്‍മാരും പെണ്‍കുട്ടികളുടെ ശരീരവര്‍ണന നടത്തുന്ന സംസ്‌കാര മതസ്ഥരും എല്ലാം ഉള്‍പ്പെടുന്നു. കാലാവസ്ഥാ പ്രവാചകര്‍, ഡിഎന്‍എ പരിശോധകര്‍, ആണ്‍വേശ്യന്‍, പകല്‍മാന്യ ദീനന്‍, സമാധാന കലനാങ്ങള എന്നിവരും അതിലുണ്ടെന്നാണ് സുറുമി ചൂണ്ടിക്കാട്ടുന്നത്.

കൂടാതെ സ്ത്രീയുടെ ബുദ്ധിയെയും സൗന്ദര്യത്തെയും കഴിവുകളെയും ശബ്ദത്തെപ്പോലും സംരക്ഷണമെന്ന വ്യാജേന അടക്കിഭരിക്കുന്ന ഭീരുക്കളാണ് അവരെന്നും സുറുമി പറയുന്നു. എന്നും അവളെ തന്റെ കാല്‍ക്കീഴിലാക്കാന്‍ വേണ്ടി ആണ്‍പൗരോഹിത്യം മെനഞ്ഞെടുക്കാമെന്ന പ്രകൃതി നിയമങ്ങളില്‍ തളച്ചിടാമെന്ന് അവര്‍ വ്യാമോഹിക്കുന്നു. ചെങ്ങലയെ അഭിമാനമായി കാണുന്ന കുറച്ചുപേര്‍ ഒഴികെ സ്വത്വബോധമുള്ള സ്ത്രീകളെല്ലാം തന്റെ അവകാശങ്ങള്‍ ഒരുത്തന്റെയും ഔദാര്യമല്ലെന്ന് തിരിച്ചറിഞ്ഞിരിക്കുന്നെന്നും സുറുമി വ്യക്തമാക്കുന്നു.

ഇനിയും അവള്‍ ആടുകയും പാടുകയും ആര്‍ജ്ജവത്തോടെ സംസാരിക്കുകയും ചെയ്യും. അവളുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശങ്ങളുമൊന്നും ഈ വിവരംകെട്ട വര്‍ഗ്ഗത്തിന്റെ ഔദാര്യമല്ല എന്ന് കാലം അവര്‍ക്ക് മനസിലാക്കി കൊടുക്കും. മതംവിഴുങ്ങി ജീവിക്കുന്ന ഇത്തിള്‍കണ്ണികളുടെ അശ്ലീലം നിറഞ്ഞ കവല പ്രസംഗങ്ങള്‍ക്കൊന്നും അവളെ തടയാനാകില്ലെന്നും സുറുമി പറയുന്നു. അതേസമയം സുറുമിയുടെ പോസ്റ്റിന് താഴെയും ഭീഷണികളും തെറിവിളിയുമെല്ലാം സജീവമാണ്. കഴിഞ്ഞ ദിവസം ആര്‍ജെ സൂരജ് ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെയും സൈബര്‍ സ്‌പേസില്‍ കൂട്ടത്തോടെ ആക്രമണമുണ്ടായി. തുടര്‍ന്ന് സൂരജ് മാപ്പുപറയുകയും ചെയ്തു. വി ഹേറ്റ് സൂരജ് എന്ന കാമ്പെയ്‌നിംഗിനെ മാനിച്ച് ദോഹ ഗേറ്റ് എന്ന തന്റെ റേഡിയോ പ്രോഗ്രാമില്‍ നിന്നും വിട്ടുനില്‍ക്കുന്നതായും സൂരജ് അറിയിച്ചു. സുറുമിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.