X

കന്യാസ്ത്രീ പീഡനം; എല്ലാവര്‍ക്കും സത്യമറിയാന്‍ ഇത് സ്റ്റേജില്‍ വച്ച് നടന്ന കലാപരിപാടിയൊന്നുമല്ലല്ലോ: ബിഷപ്പ് ജോസഫ് പാംപ്ലാനി

ഓണ്‍ലൈന്‍ അടക്കമുള്ള ചില മാധ്യമങ്ങള്‍ തീവ്രവാദബന്ധമുളളവരുടെ ഉള്‍പ്പെടെ പണം വാങ്ങി സഭയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണം

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ഇരയാക്കപ്പെട്ട കന്യാസത്രീയെ അപമാനിക്കുന്ന തരത്തില്‍ പരിഹാസവുമായി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സിറോ മലബാര്‍ സഭ മീഡീയ കമ്മിഷന്‍ ചെയര്‍മാനും തലശ്ശേരി രൂപത സഹായ മെത്രാനുമാണ് ജോസഫ് പാംപ്ലാനി. കാഞ്ഞിരപ്പള്ളിയില്‍ സംഘടിപ്പിച്ച യുവജന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ബിഷപ്പിന്റെ ഇത്തരത്തിലുള്ള പ്രസ്താവന.

കൊട്ടിയൂര്‍ സംഭവം മുതല്‍ ജലന്ധര്‍ വിഷയം വരെ തിരുസഭയെ അങ്ങേയറ്റം അപമാനിതരാക്കിയതില്‍ ആരെല്ലാമാണോ കുറ്റക്കാര്‍ അവരെയൊന്നും ന്യായീകരിക്കാന്‍ ഈ സഭ തയ്യാറായിട്ടില്ല. ഈ സഭ ആരോടെങ്കിലും ഒരു അച്ഛന്റെയോ മെത്രാന്റെയോ തെറ്റിന് മറപിടിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ജലന്ധര്‍ വിഷയത്തില്‍ സത്യം എന്താണെന്നു ദൈവത്തിനും അവര്‍ക്ക് രണ്ടു പേര്‍ക്കും മാത്രമെ അറിയൂ. അവര്‍ രണ്ടുപേരും ആരാണെന്ന് ഞാന്‍ പറയുന്നില്ല, നിങ്ങള്‍ക്ക് തന്നെ അറിയാം. നിയമ വ്യവസ്ഥയിലൂടെ സത്യം പുറത്തുവരട്ടെ എന്നാണ് സഭാപിതാക്കന്മാരുടെ നിലപാട്. സത്യം നിങ്ങള്‍ക്ക് അറിയില്ലേയെന്നു ചില യുവജനങ്ങള്‍ ചോദിക്കുന്നു. സത്യം എന്താണെന്നു സഭയ്ക്ക് അറിയില്ല. അവര്‍ രണ്ടു പേരും വ്യത്യസ്തമായ അഭിപ്രായം പറഞ്ഞു. അത് ഞങ്ങള്‍ കേട്ടു. സത്യം എന്താണെന്നു നീതിന്യായ വ്യവസ്ഥ തെളിയിക്കട്ടെ, സത്യം നാട്ടില്‍ എല്ലാര്‍ക്കും അറിയാന്‍ അത് സ്റ്റേജില്‍ വച്ച് നടന്ന കലാപപരിപാടിയൊന്നുമല്ലല്ലോ. ഇതായിരുന്നു പാംപ്ലാനിയുടെ വാക്കുകള്‍. ഈ സഭയില്‍ ആരു തെറ്റ് ചെയ്താലും അവരെല്ലാം നിയമത്തിന്റെ ഭാഗത്ത് ശിക്ഷിക്കപ്പെടണമെന്നും ഒരു തെറ്റിന് പോലും മറപിടിക്കാന്‍ സഭ കൂട്ടുനില്‍ക്കില്ലെന്നും ഇന്നേവരെ സഭ സത്യത്തെ മറച്ചു പിടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബിഷപ്പ് പറയുന്നു.

ചില മാധ്യമങ്ങള്‍ ബോധപൂര്‍വം സഭയെ തകര്‍ക്കുകയാണെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി തന്റെ പ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. സഭയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ടെന്നും ഇതിന്റെയെല്ലാം പിന്നില്‍ സുചിന്തിതവും സുസംഘടിതവുമായ തീവ്രവാദ ബന്ധമുള്ള വ്യക്തികളുടെയും സംഘടനകളുടെയും ബന്ധമുണ്ടെന്നും ബിഷപ്പ് പാംപ്ലാനി ആരോപിക്കുന്നു. സിറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുമ്പോള്‍ ചാനലുകള്‍ക്ക് ചാകര ചര്‍ച്ചകളാണെന്നും കാരണം, അതിനു വന്‍തോതില്‍ പണം മുടക്കാന്‍ വന്‍ ശക്തികളുണ്ടെന്നും കൂലിക്ക് പണം മേടിച്ചാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ബിഷപ്പ് കുറ്റപ്പെടുത്തുന്നു. ഓണ്‍ലൈന്‍ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ഓരോ തവണത്തെ ക്ലിക്കും കൊണ്ട് ഓണ്‍ലൈന്‍കാര്‍ പണം ഉണ്ടാക്കുകയാണെന്നും മാലിന്യം മാത്രം വിളമ്പുന്ന ഓണ്‍ലൈന്‍ പത്രങ്ങളെയും മാധ്യമങ്ങളെയും അവഗണിക്കണമെന്നും സംഘടിതമായി ശ്രമിച്ച് അവ പൂട്ടിക്കണമെന്നും ബിഷപ്പ് പാംപ്ലാനി യുവജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.