X

തമിഴ്‌നാട്ടില്‍ കുടുംബം തീകൊളുത്തി മരിച്ചതില്‍ സര്‍ക്കാരിന് വിമര്‍ശനം: കാര്‍ട്ടൂണിസ്റ്റിനെ അറസ്റ്റ് ചെയ്തു

പളനിസാമിയും തിരുനെല്‍വേലി പോലീസ് കമ്മിഷണറും കളക്ടറും പണക്കെട്ടുകള്‍ കൊണ്ട് നഗ്നത മറയ്ക്കാന്‍ ശ്രമിക്കുന്നതായിരുന്നു ബാലയുടെ കാര്‍ട്ടൂണ്‍

തമിഴ്‌നാട്ടിലെ നെല്ലായിയില്‍ വട്ടിപ്പലിശക്കാരന്റെ പീഡനം സഹിക്കാനാവാതെ രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ സ്വയം തീകൊളുത്തി മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും ജില്ലാ അധികൃതരെയും വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റ് ബാല ജിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തന്റെ ഫേസ്ബുക്ക് പേജില്‍ ബാല പോസ്റ്റ് ചെയ്ത ചിത്രം നാലായിരത്തിലേറെ പേര്‍ ലൈക്ക് ചെയ്യുകയും 12,000ല്‍ ഏറെ പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

ഒരു കുട്ടി കത്തിച്ചാമ്പലാകുമ്പോള്‍ നഗ്നരായി നില്‍ക്കുന്ന മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും തിരുനെല്‍വേലി പോലീസ് കമ്മിഷണറും കളക്ടറും പണക്കെട്ടുകള്‍ കൊണ്ട് നഗ്നത മറയ്ക്കാന്‍ ശ്രമിക്കുന്നതായിരുന്നു ബാലയുടെ കാര്‍ട്ടൂണ്‍. ഇവരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളെ സഭ്യേതരമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് കളക്ടര്‍ സന്ദീപ് നന്ദൂരിയാണ് ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നത്. തിരുനെല്‍വേലി കളക്ടര്‍ ഓഫീസിന് പുറത്തായിരുന്നു നാലംഗ കുടുംബം ആത്മഹത്യ ചെയ്തത്. ഇസകി മുത്തു, ഭാര്യ സുബ്ബുലക്ഷ്മി ഇവരുടെ നാലും രണ്ടും വയസ്സുള്ള മക്കള്‍ എന്നിവരാണ് തീകൊളുത്തി മരിച്ചത്. വട്ടിപ്പലിശക്കാരനില്‍ നിന്നും വാങ്ങിയ പണം തിരികെ കൊടുത്തിട്ടും അവരില്‍ നിന്നുള്ള ശല്യം തുടരുന്ന സാഹചര്യത്തിലായിരുന്നു ഇത്.

വട്ടിപ്പലിശക്കാരനില്‍ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് തവണയോളം കളക്ടര്‍ ഓഫീസിലും പോലീസിനെയും ഇവര്‍ സമീപിച്ചെങ്കിലും അനുകൂലമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കളക്ടര്‍ ഓഫീസിന് മുന്നില്‍ കുടുംബം ആത്മഹത്യ ചെയ്തത്. രണ്ട് കൈകളും നീട്ടിപ്പിടിച്ച് നാലുവയസ്സുകാരി നിന്ന് കത്തുന്ന ചിത്രം ദേശീയ മനസാക്ഷിയെ തന്നെ നൊമ്പരപ്പെടുത്തുന്നതായിരുന്നു.

This post was last modified on November 6, 2017 10:55 am