X

ഇന്നത്തെ ഹർത്താൽ ഭരണഘടനക്കെതിരെ: കെ ആർ മീര

യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് സുപ്രീംകോടതി വിധി അനുസരിച്ചാണ്. കോടതി വിധിച്ചു, ആ വിധി നടപ്പാക്കപ്പെട്ടു.

എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും ഭരണഘടന ഉറപ്പുവരുത്തുന്ന ആരാധനാസ്വാതന്ത്ര്യം ശബരിമലയിലും അനുവദിച്ച സുപ്രീംകോടതി വിധി അനുസരിക്കുക മാത്രമാണു യുവതികള്‍ ചെയ്തതെന്ന് എഴുത്തുകാരി കെ.ആര്‍ മീര. അതിനെതിരെ നടത്തുന്ന ഏതു ഹര്‍ത്താലും സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും എതിരേയുള്ളതാണെന്നും കെ.ആര്‍ മീര ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ദരിദ്രരില്‍ ദരിദ്രരായവരുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെതിരേ നടത്തേണ്ടതാണു ഹര്‍ത്താല്‍ പോലെയുള്ള സമരങ്ങള്‍. പക്ഷേ, ഇന്നത്തെ ഹര്‍ത്താല്‍ ജനസംഖ്യയില്‍ പകുതിയുടെ പൗരാവകാശങ്ങള്‍ നിഷേധിക്കണം എന്ന ആവശ്യത്തിനു വേണ്ടിയാണ് എന്നതാണ് ശ്രദ്ധേയം’ – മീര പറഞ്ഞു.

യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് സുപ്രീംകോടതി വിധി അനുസരിച്ചാണ്. കോടതി വിധിച്ചു, ആ വിധി നടപ്പാക്കപ്പെട്ടു. അതില്‍ വിശ്വാസത്തിന്റെയോ ആചാര ലംഘനത്തിന്റെയോ പ്രശ്‌നം ഉദിക്കുന്നില്ല. കാരണം എല്ലാക്കാലത്തും ശബരിമലയില്‍ യുവതികളായ സ്ത്രീകള്‍ പ്രവേശിച്ചിരുന്നു. അതിനുള്ള തെളിവുകള്‍ എത്ര വേണമെങ്കിലുമുണ്ടെന്നും മീര പറഞ്ഞു.

അതെ സമയം ശബരിമല സ്ത്രീപ്രവേശന വിധിക്കു ശേഷം ‘ഹിന്ദു വർഗീയ വാദികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെമ്പാടും നടക്കുന്ന ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ നിഷേധിയുമായ ഹീനമായ പ്രവർത്തനങ്ങ’ളെ അപലപിച്ച് സാംസ്കാരികനായകരും എഴുത്തുകാരും രംഗത്ത്. ഒരു പ്രസ്താവനയിലൂടെയാണ് ഇവർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇവരുടെ ആക്രമണങ്ങളെ തടഞ്ഞതിന് സംസ്ഥാനത്തെ നിശ്ചലമാക്കുന്ന ഹർത്താലുകള്‍ വിവേചനരഹിതമായി പ്രഖ്യാപിക്കുകയും ജനജീവിതം തടസ്സപ്പെടുത്തുകയുമാണെന്ന് പ്രസ്താവന പറയുന്നു.എം ജി എസ് നാരായണൻ മുതൽ യുവ കവി കലേഷ് വരെയുള്ളവർ സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട്,

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ബി.ജെ.പി ആര്‍.എസ്.എസ് പിന്തുണയോടെയാണ് ഹര്‍ത്താല്‍.ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക അക്രമങ്ങളാണ് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്. കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു. നിരവധി പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.

അതെ സമയം ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കൈയ്യില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ, സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക.

അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. കടകള്‍ തുറന്നാല്‍ അവയ്ക്ക് ആവശ്യമായ സംരക്ഷണം നല്കും. ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

This post was last modified on January 3, 2019 2:30 pm

Related Post
Leave a Comment