X

പാകിസ്ഥാനുമായി ചര്‍ച്ച എന്ന് പറയുന്നവരെ കാശ്മീരില്‍ താമസിപ്പിക്കണം: സെന്‍കുമാര്‍

ശുഹൈബിനെയും കൃപേഷിനെയും ശരത്ത് ലാലിനെയുമൊക്കെ കൊന്നപ്പോഴും സൈനികര്‍ മരിച്ചുവീണപ്പോഴും മിണ്ടാതിരുന്ന സാംസ്‌കാരിക നായകന്മാരെ സാംസ്‌കാരിക നായ്ക്കള്‍ എന്നാണ് വിളിക്കേണ്ടത്‌

പാകിസ്ഥാനുമായി ചര്‍ച്ച എന്ന് പറയുന്നവരെ കുറച്ചുനാള്‍ കാശ്മീരില്‍ താമസിപ്പിക്കണമെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ഒന്നുകില്‍ പാകിസ്ഥാന്റെ വെടി തീരും അല്ലെങ്കില്‍ ഇവരുടെ വെടി തീരുമെന്നും സെന്‍കുമാര്‍ പരിഹസിച്ചു. പാടത്ത് പണിക്ക് വരമ്പത്ത് കൂലിയെന്ന് പറഞ്ഞിരുന്ന ചിലരാണ് കാശ്മീരിന്റെ കാര്യം വന്നപ്പോള്‍ ഇങ്ങനെ പറയുന്നതെന്നും സെന്‍കുമാര്‍ ആരോപിച്ചു.

വടകര മുതല്‍ കാസര്‍ഗോഡ് വരെയുള്ള പ്രദേശത്ത് ചില പാര്‍ട്ടി ഗ്രാമങ്ങളുണ്ട്. അവിടെ പാര്‍ട്ടി മാത്രം പത്രം വായിക്കാനും അവരുടെ ചാനല്‍ മാത്രം കാണാനും വിധിക്കപ്പെട്ട കുറേ ജനങ്ങളുണ്ട്. അവര്‍ക്ക് ഇത്തിരി ശുദ്ധവായു കടത്തിവിടാനാണ് ശ്രമിക്കേണ്ടതെന്നും സെന്‍കുമാര്‍ പറയുന്നു. ശുഹൈബിനെയും കൃപേഷിനെയും ശരത്ത് ലാലിനെയുമൊക്കെ കൊന്നപ്പോഴും സൈനികര്‍ മരിച്ചുവീണപ്പോഴും സാംസ്‌കാരിക നായകര്‍ മിണ്ടിയില്ലെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തുന്നു.

ഇവരെ വിളിക്കേണ്ടത് സാംസ്‌കാരിക നായ്ക്കള്‍ എന്നാണ്. യജമാനന്‍ പറയുന്നതനുസരിച്ച് കുരയ്ക്കുന്ന സ്വഭാവമുള്ളതുകൊണ്ടാണ് ഇങ്ങനെ വിശേഷിപ്പിച്ചത്. അല്ലാതെ നായ്ക്കളെ അധിക്ഷേപിക്കാനല്ലെന്നും സെന്‍കുമാര്‍ പറയുന്നു. കോഴിക്കോട് കടപ്പുറത്ത് സനാതന ധര്‍മ്മ പരിഷത്ത് നടത്തിയ ഹൈന്ദവം അയ്യപ്പ ഭക്തസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു സെന്‍കുമാര്‍.

This post was last modified on March 1, 2019 8:18 pm