X

ജയലളിതയുടെ അവസാന ദിവസങ്ങള്‍: വീഡിയോ പുറത്ത്

ഇത്രയും ദിവസം പുറത്തുവിടാത്ത വീഡിയോ തെരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ബാക്കി നില്‍ക്കെ പുറത്തുവിടുന്നത് ദിനകരന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ആരോപണം

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത ആശുപത്രിയില്‍ കഴിഞ്ഞ അവസാന ദിവസങ്ങളിലെ വീഡിയോ പുറത്ത്. ജയലളിത മരിച്ചതോടെ ആര്‍കെ നഗറില്‍ ഒഴിവു വന്ന സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.

ടിടിവി ദിനകരന്‍ വിഭാഗമാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മരിച്ച ശേഷമല്ല ജയലളിതയെ ആശുപത്രിയിലെത്തിച്ചതെന്ന് തെളിയിക്കാനാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പെരമ്പാലൂര്‍ എംഎല്‍എ പി വെട്രിവേല്‍ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ജൂസ് കുടിച്ചുകൊണ്ട് ടിവി കാണുന്ന ജയലളിതയുടെ 20 സെക്കന്റ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഐസിയുവില്‍ നിന്നും ജയലളിതയെ മുറിയിലെത്തിച്ച ശേഷമുള്ള വീഡിയോ ആണിതെന്ന് ദിനകരനുമായി അടുപ്പമുള്ള ചിലര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ശശികല തന്നെയാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്. വീഡിയോ പുറത്തുവന്നതോടെ ഇത് തമിഴ്‌നാട്ടില്‍ വൈറല്‍ ആയിരിക്കുകയാണ്.

ഈ വീഡിയോ പുറത്തുവിടാന്‍ താന്‍ നിര്‍ബന്ധതനാകുകയായിരുന്നുവെന്ന് വെട്രിവേല്‍ അറിയിച്ചു. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളം കഥകള്‍ പ്രചരിക്കുന്നതിനാലാണ് ഇപ്പോള്‍ ഇത് പുറത്തുവിട്ടതെന്ന് അദ്ദേഹം പറയുന്നു. ഈ വീഡിയോ ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. ജയലളിതയുടെ മരണത്തില്‍ ടിടിവി ദിനകരനും ശശികലയും ആരോപണ വിധേയരായിരുന്നു. അതേസമയം നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീഡിയോ പുറത്തുവിട്ടതോടെ ദിനകരന്‍ കൂടുതല്‍ കരുത്തനായെന്നാണ് തമിഴ്‌നാട് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ജയ മരിച്ച കാലം മുതല്‍ ജനങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഇതേക്കുറിച്ച് വിശദീകരണങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ ആശുപത്രി വാസത്തിന്റെ വീഡിയോ പുറത്തുവിടുന്നത് ജയലളിതയെ പോലൊരു നേതാവിന്റെ വ്യക്തി ജീവിതത്തെ ഹനിക്കലാകുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. ഇത്രയും ദിവസം പുറത്തുവിടാത്ത വീഡിയോ ഇപ്പോള്‍ പുറത്തുവിടുന്നത് ദിനകരന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

This post was last modified on December 20, 2017 1:02 pm