X

മലപ്പുറത്ത് സമസ്ത അടക്കമുള്ള സംഘടനകളുടെ എതിർപ്പിനെ അവഗണിച്ച് വനിതാ മതിലില്‍ അണിനിരന്നത് ലക്ഷങ്ങള്‍

സമുദായ സംഘടകളുടെ എതിര്‍പ്പുകളെ മറികടന്ന് മലപ്പുറം ജില്ലയില്‍ മുസ്‌ലിം സ്ത്രീകളുടെ വന്‍ ജനപങ്കാളിത്തമാണുണ്ടായത്.

വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന സമുദായ സംഘടനാ നേതാക്കളുടെ എതിര്‍പ്പുകളെ അവഗണിച്ച് മലപ്പുറം ജില്ലയിലെ വനിത മതിലിൽ ലക്ഷങ്ങൾ അണി നിരന്നു. മലപ്പുറത്ത് മന്ത്രി കെ.ടി ജലീല്‍ നേതൃത്വം നല്‍കി. നേരത്തെ വനിതാ മതിലുമായി സഹകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു. സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാമതിലുമായി സഹകരിക്കില്ലെന്നും മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാകില്ലെന്നും അബ്ദുസമദ് പറഞ്ഞിരുന്നു. എന്നാല്‍ സമുദായ സംഘടകളുടെ എതിര്‍പ്പുകളെ മറികടന്ന് മലപ്പുറം ജില്ലയില്‍ മുസ്‌ലിം സ്ത്രീകളുടെ വന്‍ ജനപങ്കാളിത്തമാണുണ്ടായത്.

കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വനിതകൾ അണിനിരക്കുന്നത്.വൈകിട്ട് നാലിന് നവോത്ഥാന പ്രതിജ്ഞയോടെ ആരംഭിച്ച വനിതാ മതില്‍ 4.15 ന് അവസാനിച്ചു. വനിതാ മതിലിന് മുന്നോടിയായുള്ള റിഹേഴ്സല്‍ വൈകീട്ട് 3.45ന് തന്നെ ആരംഭിച്ചിരുന്നു. മതിലിന് അഭിമുഖമായി വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി പുരുഷന്മാരും അണിനിരന്നിരുന്നു.

വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് നവോത്ഥാനസംരക്ഷണ സമിതിയുടേയും സര്‍ക്കാരിന്റേയും നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട വനിതാ മതിലിന് ലഭിച്ചത്. ആദ്യ കണ്ണിയായി മന്ത്രി ഷൈലജ ടീച്ചറും അവസാന കണ്ണിയായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും അണിനിരന്നു.

കൊച്ചിയിൽ ഡോക്ടർ എം ലീലാവതി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തുന്ന പരിപാടിയാണ് വനിതാ മതിലെന്ന് സി കെ ജാനു.അഭിപ്രായപ്പെട്ടു. വനിത മതിലിനു ഐക്യദാർഢ്യവുമായി താരങ്ങളും സാംസ്‌കാരിക പ്രമുഖരുടെ നീണ്ട നിരയും ഉണ്ടായിരുന്നു.