X

ഉച്ചത്തില്‍ സംസാരിച്ചതിന് തന്നെ വ്യവസായി വരുണ്‍ ചന്ദ്രന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി ഭാര്യ

പൊലീസിലും വനിതാ ഹെല്‍പ്പ് ലൈനിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഐടി സ്ഥാപനങ്ങളുടെ മറവില്‍ വരുണ്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നുമാണ് ഡെമി ആവശ്യപ്പെടുന്നത്.

നാട്ടിന്‍പുറത്തെ ദരിദ്രമായ സാഹചര്യങ്ങളില്‍ നിന്ന് വളര്‍ന്ന് വന്ന് കോര്‍പ്പറേറ്റ് 360 എന്ന സ്ഥാപനത്തിന്റെ ഉടമയായ വരുണ്‍ ചന്ദ്രന്‍ ഈയടുത്ത് വരെ സോഷ്യല്‍മീഡിയയില്‍ വൈറല്‍ താരമായിരുന്നു. ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്ന ഐടി സ്റ്റാര്‍ട്ട് അപ്പ് സംരംഭമാണ് കോര്‍പ്പറേറ്റ് 360. തന്റെ വളര്‍ച്ചയുടെ കഥ കൈരളി ടിവിയുടെ പരിപാടിയില്‍ വരുണ്‍ വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരമാണ് നേടിയത്. നടനും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടി, കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ്, നടനും എംഎല്‍എയുമായ മുകേഷ് എന്നിവര്‍ വേദിയിലിരിക്കുമ്പോളാണ് വരുണ്‍ ചന്ദ്രന്‍ ഈ പ്രസംഗം നടത്തിയത്. എന്നാല്‍ അന്ന് വരുണ്‍ ചന്ദ്രനൊപ്പം വേദിയിലുണ്ടായിരുന്ന ഭാര്യ ഡെമി ഡിക്രൂസ്, വരുണിനെതിരെ ഗുരുതര ആരോപണവുമായായാണ് രംഗത്തെത്തിയിരിക്കുന്നത്. വരുണ്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് ഡെമി പറയുന്നത്.

സുഹൃത്തും ഫുട്‌ബോള്‍ താരവുമായി സികെ വിനീതിന് മുന്നില്‍ വച്ച് ഉച്ചത്തില്‍ സംസാരിച്ചു എന്ന് പറഞ്ഞ് തന്നെ വരുണ്‍ ക്രൂരമായി മര്‍ദ്ദിച്ചതായി ഡെമി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. പൊലീസിലും വനിതാ ഹെല്‍പ്പ് ലൈനിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഐടി സ്ഥാപനങ്ങളുടെ മറവില്‍ വരുണ്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നുമാണ് ഡെമി ആവശ്യപ്പെടുന്നത്. കമ്പനിയുടെ സ്ഥാപക ഉടമയായ തന്നില്‍ നിന്ന് ബലമായി ഉടമസ്ഥാവകാശം ഒപ്പിട്ടു വാങ്ങുകയായിരുന്നു. ചികിത്സ തേടാന്‍ പോലും സമ്മതിക്കാതെ വരുണും സഹോദരന്‍ അരുണും പിഡീപ്പിച്ചതിനെ തുടര്‍ന്ന് തനിക്ക് ബംഗളൂരുവില്‍ വന്ന് ചികിത്സ തേടേണ്ടി വന്നതായും ഡെമി പറയുന്നു.

സിംഗപ്പൂരില്‍ നിന്നാണ് ഡെമി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിക്ക് യുഎസ്, ഫിലിപ്പൈന്‍സ്, യുകെ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. ചാലക്കുടിയിലെ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകനായി ജനിച്ച വരുണ്‍ വലിയൊരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ ഉടമയായതിന്റെ വിജയകഥ സോഷ്യല്‍ മീഡിയ വലിയ തോതില്‍ ആഘോഷിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ വരുണിനെ പ്രശംസിക്കുകയും ചെയ്തിരുന്നു.

അതേസമയം ചെറുപ്രായത്തില്‍ പറ്റിയ പ്രേമ അബദ്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത് കൊണ്ട് തനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ് എന്നും കഴിഞ്ഞ ആറു മാസത്തിനിടെ ഡെമി തനിക്കെതിരെ ആറോ ഏഴോ കള്ള കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട് എന്നുമാണ് വരുന ചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

വരുണ്‍ ചന്ദ്രന്‍: ഇതൊരു ഗ്രാമീണ കഥയല്ല; ആളൊരു ആഗോള സംരംഭമാണ്

This post was last modified on March 15, 2018 5:59 pm