X

ദൂരദര്‍ശന്‍ ലോഗോ മാറ്റുന്നു

ദൂരദര്‍ശന്റെ ഗൃഹാതുരത്വത്തോടൊപ്പം പുതിയ ഇന്ത്യയുടെ അഭിലാഷങ്ങളും പ്രതിഫലിക്കുന്നതായിരിക്കും പുതിയ ലോഗോ

ഒരു കാലത്ത് ഇന്ത്യന്‍ ടെലിവിഷന്റെ മുഖമുദ്രയായിരുന്ന ദൂരദര്‍ശന്റെ ലോഗോ മാറുന്നു. യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി നിലവിലുള്ള, മനുഷ്യകണ്ണിനെ അനുസ്മരിപ്പിക്കുന്ന ലോഗോ മാറ്റാനാണ് അധികൃതരുടെ തീരുമാനം. എന്നാല്‍ ഡിഡി ചാനലുകളുമായി ബന്ധപ്പെട്ട ‘ഗൃഹാതുരത്വം’ നിലനിറുത്തിക്കൊണ്ടുള്ള മാറ്റങ്ങളാവും നിലവില്‍ വരിക. പുതിയ ലോഗോ രൂപകല്‍പന ചെയ്യുന്നതിനായി ഒരു മത്സരം സംഘടിപ്പിക്കാനും അധികൃതര്‍ ആലോചിക്കുന്നു.

1959ലാണ് ഇപ്പോഴത്തെ ലോഗോ രൂപകല്‍പ്പന ചെയ്തത്. ഇപ്പോള്‍ ദൂരദര്‍ശന് കീഴില്‍ 23 ചാനലുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. ലോഗോ മത്സരത്തിലെ വിജയിക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും. ദൂരദര്‍ശനും അതിന്റെ നിലവിലുള്ള ലോഗോയും രാജ്യത്തെ ചില തലമുറകള്‍ക്ക് ഗൃഹാതുരത്വം സൃഷ്ടിക്കുന്നുണ്ടെന്ന് പ്രസാര്‍ഭാരതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശശി എസ് വെമ്പട്ടി ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഇന്നത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷവും 30 വയസില്‍ താഴെയുള്ളവരാണെന്നും അവര്‍ ഈ വികാരം പങ്കുവെക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ ജനസംഖ്യയില്‍ 65 ശതമാനവും 35 വയസില്‍ താഴെയുള്ളവരാണ്.

പുതിയ തലമുറയില്‍ ഭൂരിപക്ഷവും ഉദാരവല്‍ക്കരണാനന്തര കാലഘട്ടത്തില്‍ പിറന്നവരാണെന്നും അവര്‍ സ്വകാര്യ ചാനലുകളുടെ ലോകത്തിലാണ് വളര്‍ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യുവതലമുറയുമായുള്ള സംവാദം മെച്ചപ്പെടുത്താനും ഡിഡി ചാനലുകള്‍ അവര്‍ക്ക് പ്രാധാന്യമുള്ളതാക്കി തീര്‍ക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍ക്ക് പിന്നിലെന്നും വെമ്പട്ടി പിടിഐയോട് പറഞ്ഞു. ദൂരദര്‍ശന്റെ ഗൃഹാതുരത്വത്തോടൊപ്പം പുതിയ ഇന്ത്യയുടെ അഭിലാഷങ്ങളും പ്രതിഫലിക്കുന്നതായിരിക്കും പുതിയ ലോഗോ എന്നും അദ്ദേഹം പറഞ്ഞു. ലോഗോ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 13 ആണ്.

വായനയ്ക്ക്: https://goo.gl/NB9rzk

This post was last modified on July 26, 2017 10:35 am