X

യൂസഫ് മെഹ്രലി പറഞ്ഞു: “ക്വിറ്റ് ഇന്ത്യ”, ഗാന്ധി പറഞ്ഞു: “ആമേന്‍”

മുദ്രാവാക്യങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന നേതാവല്ല യൂസഫ് മെഹ്രലി.

ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തിനെതിരായുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ പ്രധാനപ്പെട്ട മുന്നേറ്റങ്ങളിലൊന്നാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം. രണ്ടാംലോക മഹായുദ്ധ കാലത്ത് ലോകം ഫാഷിസ്റ്റ് ആധിപത്യ ഭീഷണിയില്‍ നില്‍ക്കേ ആയിരുന്നു ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായ എംകെ ഗാന്ധി ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക (ക്വിറ്റ് ഇന്ത്യ) എന്ന് പറഞ്ഞത്. 1942 ഓഗസ്റ്റ് എട്ടിന് ബോംബെയിലെ ഗൊവാലിയ ടാങ്ക് മൈദാനില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ചാണ് ഗാന്ധി ക്വിറ്റ് ഇന്ത്യ ആഹ്വാനം നടത്തുന്നത്. “Do or Die” (പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക) എന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി വലിയൊരു ജനകീയ പ്രക്ഷോഭമായി വളര്‍ന്ന ക്വിറ്റ് ഇന്ത്യ സമരം വളര്‍ന്നു. എന്നാല്‍ ഈ മുദ്രാവാക്യം ഗാന്ധിജിയുടെ ആശയമായിരുന്നില്ല. പ്രമുഖ കോണ്‍ഗ്രസ് നേതാവും അക്കാലത്ത് ബോംബെ മേയറുമായിരുന്ന യൂസഫ് മെഹ്രലിയാണ് യഥാര്‍ത്ഥത്തില്‍ ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം മുന്നോട്ടുവച്ചത്.

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ (സി എസ് പി) സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു യൂസഫ് മെഹ്രലി. ഒരേസമയം കോണ്‍ഗ്രസിന്റേയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേയും നേതാവായിരുന്ന യൂസഫ് മെഹ്രലി ബോംബെ മേയറാകുന്ന ആദ്യ സോഷ്യലിസ്റ്റായിരുന്നു. സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്കിടെ എട്ട് തവണയോളം ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്. ബോംബെയിലെ ഒരു യോഗത്തില്‍ വച്ചാണ് യൂസഫ് മെഹ്രലി ഈ മുദ്രാവാക്യം മുന്നോട്ട് വയ്ക്കുന്നത്. ഇതേക്കുറിച്ച് Gandhi and Bombay എന്ന പുസ്തകത്തില്‍ കെ ഗോപാലസ്വാമി ഇങ്ങനെ പറയുന്നു

ശാന്തികുമാര്‍ മോറാര്‍ജി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ് – ബോംബെയില്‍ തന്റെ സഹപ്രവര്‍ത്തകരോടൊപ്പം ഗാന്ധി ഒരു പുതിയ മുദ്രാവാക്യത്തെ പറ്റിയുള്ള ആലോചനയിലായിരുന്നു. ‘Get out’ എന്നായിരുന്നു ആദ്യം ഉയര്‍ന്നുവന്ന മുദ്രാവാക്യങ്ങളില്‍ ഒന്ന്. എന്നാല്‍ ഒട്ടും മര്യാദയില്ലാത്തത് എന്ന് അഭിപ്രായപ്പെട്ട് ഗാന്ധി ഇത് തള്ളിക്കളഞ്ഞു. ‘Retreat’ or ‘Withdraw’ (പിന്‍വാങ്ങുക) എന്നൊക്കെയായിരുന്നു സി രാജഗോപാലാചാരിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഗാന്ധിക്ക് തൃപ്തിയായില്ല. അപ്പോളാണ് ‘Quit India’ എന്ന് യൂസഫ് മെഹ്രലി പറയുന്നത്. ഗാന്ധി പറഞ്ഞു: “ആമേന്‍” (അങ്ങനെ തന്നെയാവട്ടെ).

ക്വിറ്റ് ഇന്ത്യ സമരകാലത്ത് യൂസഫ് മെഹ്രലി ‘ക്വിറ്റ് ഇന്ത്യ’ എന്ന പേരില്‍ ഒരു ബുക്ക്‌ലെറ്റ് പ്രസിദ്ധീകരിച്ചിരുന്നതായാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരനും പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളിലൊരാളുമായിരുന്ന മധു ദന്തവദതെ പറഞ്ഞത്. ഇത് വലിയ തോതില്‍ വിറ്റുപോയി. 1942 ഓഗസ്റ്റ് ഏഴിന് ബോംബെയില്‍ തുടങ്ങിയ എഐസിസി സമ്മേളനത്തോട് അനുബന്ധിച്ച് ആയിരത്തിലധികം ക്വിറ്റ് ഇന്ത്യ ബാഡ്ജുകള്‍ വിതരണം ചെയ്തും മറ്റും മെഹ്രലി മുദ്രാവാക്യത്തിന് പ്രചാരമുണ്ടാക്കിയിരുന്നു എന്ന് മുംബൈയിലെ യൂസഫ് മെഹ്രലി സെന്റര്‍ സ്ഥാപകരില്‍ ഒരാളായ ജിജി പരിഖ് പറയുന്നു.

പെട്ടെന്ന് ജനങ്ങളിലെത്തിക്കാന്‍ കഴിയുന്ന മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതില്‍ യൂസഫ് മെഹ്രലി അതിന് മുമ്പ് തന്നെ മികവ് കാട്ടിയിരുന്നു. 1928ല്‍ ഇന്ത്യ സന്ദര്‍ശിച്ച സൈമണ്‍ കമ്മീഷനെതിരായ മുദ്രാവാക്യം “Simon Go Back” മെഹ്രലിയുടെ സംഭാവനയാണ്. ഇന്ത്യയിലെ ഭരണനിര്‍വഹണം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിന് വേണ്ടി, സര്‍ ജോണ്‍ ആല്‍സ്ബ്രൂക്ക് സൈമണ്‍ ചെയര്‍മാനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയോഗിച്ച കമ്മീഷന്‍ 1928 ഫെബ്രുവരിയിലാണ് ബോംബെയിലെത്തുന്നത്. ബോംബെ തുറമുഖത്ത് വന്നിറങ്ങിയ സൈമണേയും കമ്മീഷന്‍ അംഗങ്ങളേയും പ്രതിഷേധ മുദ്രാവാക്യങ്ങളോടെയാണ് യൂസഫ് മെഹ്രലി അടക്കമുള്ളവര്‍ സ്വീകരിച്ചത്. കമ്മീഷന്‍ അംഗങ്ങളുടെ സമീപത്തേയ്ക്ക് പോകുന്നത് സാധ്യമാക്കാന്‍ വേണ്ടി, തുറമുഖത്തെ ചുമട്ടുതൊഴിലാളികളുടെ വേഷത്തിലായിരുന്നു മെഹ്രലിയും കൂട്ടരും. കമ്മീഷന്‍ അംഗങ്ങളെ കണ്ടയുടന്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു: “Simon Go Back”.

മുദ്രാവാക്യങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന നേതാവല്ല യൂസഫ് മെഹ്രലി. തന്റെ സോഷ്യലിസ്റ്റ് സഹപ്രവര്‍ത്തകരെ സജ്ജരാക്കി സംഘടന മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചതെന്ന് ജീവചരിത്രമായ Yusuf Meherally: Quest for New Horizons എന്ന പുസ്തകത്തില്‍ മധു ദന്തവദെ പറയുന്നു. ഒളിവില്‍ പ്രവര്‍ത്തിച്ചിരുന്ന രാം മനോഹര്‍ ലോഹ്യ, അരുണ അസഫ് അലി, അച്യുത് പട്‌വര്‍ദ്ധന്‍ തുടങ്ങിയ നേതാക്കളെല്ലാം ചേര്‍ന്ന് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുമെന്ന് അദ്ദേഹം ഉറപ്പുവരുത്തി. ഓഗസ്റ്റ് ഒമ്പതിന് എംകെ ഗാന്ധിയോടൊപ്പം യൂസഫ് മെഹ്രലിയേയും അറസ്റ്റ് ചെയ്തിരുന്നു. 1946ലാണ് അദ്ദേഹം ജയില്‍ മോചിതനാകുന്നത്. പിന്നീട് എംഎല്‍എ ആയി. 1950ല്‍ ബോംബെയില്‍ അന്തരിച്ചു.

വായനയ്ക്ക്: https://goo.gl/CPCChp

This post was last modified on August 8, 2017 3:55 pm