X

കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ശിശുക്ഷേമ സമിതി ചലച്ചിത്ര മേള സംഘടിപ്പിക്കുന്ന തിരക്കിലാണ്

ഒന്നര കോടിയിലേറെ രൂപ ചെലവഴിച്ച് ശിശുക്ഷേമ സമിതി ഇത്തരമൊരു മേള സംഘടിപ്പിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി എന്ത് പ്രവര്‍ത്തനങ്ങളാണ് ഫലപ്രദമായി നടപ്പാക്കുന്നതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്

കേരളത്തിലാദ്യമായി കുട്ടികള്‍ക്ക് വേണ്ടി ഒരു ചലച്ചിത്രമേള സംഘടിപ്പിക്കാനൊരുങ്ങുകയാണ് ശിശുക്ഷേമ സമിതി. തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍ തിയറ്ററുകളില്‍ നാളെ മുതല്‍ 20 വരെയാണ് മേള സംഘടിപ്പിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. കുട്ടികളില്‍ നല്ലൊരു സിനിമ സംസ്‌കാരം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ചലച്ചിത്ര അക്കാദമിയുമായി കൈകോര്‍ത്ത് നടത്തുന്ന ഈ മേള അഭിനന്ദനീയം തന്നെയാണ്.

എന്നാല്‍ കേരളത്തിലാദ്യമായി ഇത്തരമൊരു മേള സംഘടിപ്പിക്കുന്നുവെന്ന അഭിമാനം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെയാണ് സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനകരമായ രീതിയില്‍ ഒരു പിഞ്ചുകുഞ്ഞിനെ തിയറ്ററിനുള്ളില്‍ ക്രൂരമായി പീഡിപ്പിച്ച സംഭവവും ഉണ്ടായിരിക്കുന്നത്. തിയറ്ററിലെ സിസിടിവി ദൃശ്യങ്ങളില്‍ പീഡനം പതിഞ്ഞതാണ് വാര്‍ത്ത പുറത്തുവരാന്‍ കാരണം. ഇത്തരത്തില്‍ ക്യാമറയില്‍ പതിയാതെയും പുറംലോകം അറിയാതെയും എത്രയെത്ര കുട്ടികള്‍ സംസ്ഥാനത്തുടനീളം പീഡിപ്പിക്കപ്പെടുന്നുണ്ടാകും. ഒന്നര കോടിയിലേറെ രൂപ ചെലവഴിച്ച് ശിശുക്ഷേമ സമിതി ഇത്തരമൊരു മേള സംഘടിപ്പിക്കുമ്പോള്‍ കുട്ടികള്‍ക്കെതിരെയുള്ള പീഡനം തടയാന്‍ എന്ത് പ്രവര്‍ത്തനങ്ങളാണ് ഫലപ്രദമായി നടപ്പാക്കുന്നതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. സര്‍ക്കാരുകള്‍ മാറി വരുമ്പോള്‍ തലപ്പത്ത് അഴിച്ചുപണി നടക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് ശിശുക്ഷേമ സമിതി. ഇതിന്റെ നേതൃത്വത്തില്‍ നടക്കുന്ന അധികാര തര്‍ക്കങ്ങള്‍ വാര്‍ത്തയായിട്ട് അധികകാലമായിട്ടില്ല. ഈ സര്‍ക്കാരിന്റെ കാലത്താണ് വയനാട് ജില്ല ശിശുക്ഷേമ സമിതിയില്‍ ക്രിമിനല്‍ കേസുകളുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ തിരുകി കയറ്റി പഴി കേട്ടത്. ഈ സംഭവം മന്ത്രിയുടെ രാജിയിലേക്ക് വരെ നീളുമെന്ന അവസ്ഥയിലെത്തി. വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ സമിതി പ്രവര്‍ത്തനത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കാണിക്കുകയും വിശ്വസ്യത നഷ്ടപ്പെടുത്തുകയും ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വയനാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഫാ. തോമസ് തേരകം, അംഗം സിസ്റ്റര്‍ ബെറ്റി എന്നിവരെ പുറത്താക്കിയിരുന്നു. കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കാഞ്ചേരിയെ സംരക്ഷിക്കാനാണ് ശിശുക്ഷേമ സമിതി ആദ്യഘട്ടത്തില്‍ ശ്രമിച്ചത്. വാളയാറില്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിനികയാകുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലും ശിശുക്ഷേമ സമിതിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.

കേരളത്തിലെ ബാലപീഡനങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതായാണ് വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്. സമൂഹത്തിന് തിരിച്ചറിവ് വന്നതിനാല്‍ തന്നെ പലതും വാര്‍ത്തയാകുന്നുണ്ടെങ്കിലും ഈ കേസുകളുടെയൊന്നും പുരോഗതി വലപ്പോഴും വെളിച്ചത്തുവരാറില്ല. രജിസ്റ്റര്‍ ചെയ്യപ്പെടുന്നതിന്റെ പകുതിയോളം കേസുകള്‍ മാത്രമാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കുന്നുള്ളൂ. ശിക്ഷിക്കപ്പെടുന്നതാകട്ടെ വിരലിലെണ്ണാവുന്ന കേസുകളിലും. ഈ സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതിയുടെ പ്രാഥമിക ചുമതല എന്താണെന്ന് ചോദിക്കേണ്ടി വരുന്നത്.

ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ കാര്യം നില്‍ക്കട്ടെ; ഈ കണക്കുകള്‍ നോക്കൂ; കുട്ടികളുടെ എന്തു കാര്യമാണവര്‍ നോക്കുന്നത്?

ഈ കേസുകളെല്ലാം വാര്‍ത്തകളില്‍ നിറയുമ്പോഴാണ് ശിശുക്ഷേമ സമിതി നൂറ്റമ്പതോളം ചിത്രങ്ങളുമായി കൊട്ടിഘോഷിച്ച് ചലച്ചിത്രമേള നടത്തുന്നത്. കുട്ടികളായ ഡെലിഗേറ്റുകള്‍ക്കെങ്ങനെയാണ് ഇത്തരത്തില്‍ തിയറ്ററുകളില്‍ നിന്നും തിയറ്ററുകളിലേക്ക് ഓടി സാധ്യമാകുന്ന അത്രയും ചിത്രങ്ങള്‍ കാണാന്‍ സാധിക്കുന്നത് എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. അഞ്ച് തിയറ്ററുകളില്‍ ഓടി നടന്ന് ചിത്രങ്ങള്‍ കാണാന്‍ കുട്ടികള്‍ക്ക് സാധിക്കില്ലെന്ന് ചലച്ചിത്ര അക്കാദമി തന്നെ പറയുന്നു. ഇത്രയേറെ ചിത്രങ്ങള്‍ ഒരുമിച്ച് കാണാനുള്ള ശേഷി കുട്ടികള്‍ക്ക് ഉണ്ടാകില്ലെന്നതും വ്യക്തമാണ്. കൈരളി, ശ്രീ, നിള എന്നിങ്ങനെ ഒറ്റ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന തിയറ്ററുകള്‍ മാത്രം ഈ മേളയ്ക്ക് മതിയെന്ന് ചലച്ചിത്ര അക്കാദമി നിര്‍ദ്ദേശിച്ചിരുന്നതായാണ് അറിയുന്നത്. എന്നാല്‍ ബാലാവകാശ കമ്മിഷന്റെ ശാഠ്യം മൂലമാണ് കാലാഭവന്‍, ടാഗോര്‍ എന്നീ തീയറ്ററുകള്‍ കൂടി ഉള്‍പ്പെടുത്തിയത്. ഈ അഞ്ചു തിയറ്ററുകളില്‍ വന്ന് സിനിമ കാണാന്‍ മാത്രം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. ഇതിനെല്ലാമുപരി നഗരത്തിന്റെ രണ്ട് ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഈ തിയറ്ററുകളിലേക്ക് രക്ഷിതാക്കള്‍ കുട്ടികളുമായി ഓടുമ്പോഴുള്ള സുരക്ഷിതത്വം ആര്‍ക്കാണ് ഉറപ്പുനല്‍കാന്‍ സാധിക്കുക. അഞ്ച് വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിയറ്ററിനുള്ളില്‍ തന്നെയും ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആര്‍ക്ക് സാധിക്കും?

ചൈല്‍ഡ് ഫിലിം സൊസൈറ്റികള്‍ സജീവമായുള്ള സംസ്ഥാനമാണ് കേരളം. ആഴ്ചയില്‍ ഒന്നോ രണ്ടോ വീതമുള്ള സിനിമ പ്രദര്‍ശനങ്ങളാണ് ഇവര്‍ നടത്തുന്നത്. ലോകോത്തര സിനിമകള്‍ തന്നെയാണ് ഇവിടെയും പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ഇത് കുട്ടികള്‍ക്ക് ഗുണകരവുമാണ്. ഒരു ചിത്രം കണ്ട് അത് മനസിലാക്കാനുള്ള സാവകാശം അവര്‍ക്ക് ലഭിക്കുന്നു. എന്നാല്‍ ഏതാനും കച്ചവട സിനിമകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ശിശുക്ഷേമ സമിതി ഈ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. ചലച്ചിത്ര മേളകള്‍ സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്വം ചലച്ചിത്ര അക്കാദമിയ്ക്കും ഫിലിം സൊസൈറ്റികള്‍ക്കുമുണ്ട്. മറ്റ് നിരവധി ഉത്തരാവിദിത്വങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ശിശുക്ഷേമ സമിതിയുടെ എന്തിനാണ് ഈ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കുന്നത്. ഉത്തരം ഒന്നേയുള്ളു കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനും അവകാശങ്ങളും സംരക്ഷിക്കപ്പെടാനും അനുവദിക്കുന്ന കോടികള്‍ ചെലവഴിക്കാനും അതിലൂടെ അഴിമതി നടത്താനും കമ്മിഷന് ഇത്തരം മാമാങ്കങ്ങള്‍ നടത്തിയേ പറ്റൂ.

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on May 14, 2018 12:13 pm