X

എന്തുകൊണ്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് തോറ്റു? വെളിപ്പെടുത്തലുമായി ഷീല ദീക്ഷിതിന്റെ ആത്മകഥ

പുതിയ ആത്മകഥയായ 'സിറ്റിസണ്‍ ഡല്‍ഹി: മൈ ടൈംസ്, മൈ ലൈഫ്' ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ വച്ച് ജനുവരി 27ന് പ്രകാശനം ചെയ്യും

2015ലെ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പരാജയം നേരിട്ടതിന്റെ കാരണം വിലയിരുത്തുകയാണ് 1998 മുതല്‍ 2013 വരെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് തന്റെ പുതിയ ആത്മകഥയായ ‘സിറ്റിസണ്‍ ഡല്‍ഹി: മൈ ടൈംസ്, മൈ ലൈഫ്’ എന്ന പുസ്തകത്തില്‍. ഡല്‍ഹിയിലെ പശ്ചാത്തല സൗകര്യങ്ങളുടെയും വളര്‍ച്ചയുടെയും ഗുണഫലങ്ങള്‍ മാത്രം അനുഭവിച്ചുവന്ന കന്നി വോട്ടര്‍മാര്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് നല്‍കിയ അകമഴിഞ്ഞ പിന്തുണയാണ് കെജ്രിവാളിനും സംഘത്തിനും കൂറ്റന്‍ വിജയം സമ്മാനിച്ചതെന്നാണ് ഷീല ദീക്ഷിത് വിലയിരുത്തുന്നത്. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ വച്ച് ജനുവരി 27ന് പുസ്തകം പ്രകാശനം ചെയ്യും.

താന്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള ഡല്‍ഹിയെ കുറിച്ച് അറിവില്ലാതിരുന്ന യുവജനങ്ങള്‍ക്ക് തന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങളെ തിരിച്ചറിയാനോ അംഗീകരിക്കാനോ സാധിച്ചിരുന്നില്ലെന്ന് അവര്‍ വിലയിരുത്തുന്നു. ആദ്യമായി വോട്ട് ചെയ്തവരില്‍ ബഹുഭൂരിപക്ഷത്തിനും പതിനഞ്ച് വര്‍ഷം മുമ്പുള്ള ഡല്‍ഹിയെ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. മുടങ്ങാത്ത വൈദ്യുതിയും ഫ്‌ളൈഓവറുകളും മെട്രോ റെയിലും പുതിയ സര്‍വകലാശാലകളും മറ്റും തങ്ങളുടെ സ്വാഭാവിക അവകാശങ്ങളാണ് എന്നവര്‍ കരുതി. അതുകൊണ്ടുതന്നെ അത്തരം നേട്ടങ്ങളെ കുറിച്ച് അവര്‍ക്ക് ആവേശം കൊള്ളാന്‍ സാധിച്ചില്ലെന്നും 79 കാരിയായ ദീക്ഷിത് ചൂണ്ടിക്കാണിക്കുന്നു.

അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയ പ്രവേശത്തെയും വോട്ടര്‍മാരുടെ വികാരങ്ങളെ ചൂഷണം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയും ഗൗരവമായി കാണാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്ന് അവര്‍ ഏറ്റുപറയുന്നു. എഎപിയെ വിലകുറച്ചു കണ്ടതുകൊണ്ടാണ് തനിക്കുള്‍പ്പെടെ വലിയ പരാജയം നേരിടേണ്ടി വന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കന്നു. 2013ല്‍ ന്യൂഡല്‍ഹി സീറ്റില്‍ അരവിന്ദ് കെജ്രിവാളിനോട് 25,000 ത്തില്‍ പരം വോട്ടിനാണ് ഷീല ദീക്ഷിത് പരാജയപ്പെട്ടത്.

എന്നാല്‍ 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ കുറിച്ച് വലുതായൊന്നും പറയാന്‍ അവര്‍ തയ്യാറായിട്ടില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോപണങ്ങള്‍ അന്വേഷിച്ച ഷുന്‍ഗ്ലു കമ്മറ്റി ആരോപണങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ നിലപാടുകള്‍ക്ക് വേണ്ട പ്രാധാന്യം നല്‍കിയില്ലെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന് വോട്ടര്‍മാര്‍ക്കിടയില്‍ നീരസം രൂക്ഷമായിരുന്നെങ്കിലും താന്‍ വിശാലമായ വേദികളിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നവെന്ന് അവര്‍ പറയുന്നു. അവരെ കേന്ദ്ര ആഭ്യന്തര മന്ത്രിയാക്കും എന്നൊരു അഭ്യൂഹം അക്കാലത്ത് നിലനിന്നിരുന്നു. എന്നാല്‍ ഊര്‍ജ്ജ മന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ് 2012ല്‍ ആ സ്ഥാനത്തേക്ക് വന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളും വൈദ്യുതി പ്രതിസന്ധി നേരിടുന്ന സമയത്ത് ഷിന്‍ഡെയ്ക്ക് ലഭിച്ച സ്ഥാനക്കയറ്റം കോണ്‍ഗ്രസിന്റെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കിയെന്ന് ഷീല ദീക്ഷിത് പറയുന്നു. കാലാവധി തീരുന്നതിന് മുമ്പ് രാജിവെക്കാന്‍ താന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും എന്നാല്‍ നിര്‍ഭയ സംഭവം തന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചതായും അവര്‍ പറയുന്നു.