X

ആവര്‍ത്തിക്കുന്ന പദ്ധതികള്‍; അശാസ്ത്രീയ നടത്തിപ്പുകള്‍; മാറ്റമില്ലാതെ എസ്‌ടി വിദ്യാഭ്യാസ മേഖല

കെ കെ സുരേന്ദ്രന്‍

കേരളത്തിലെ ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന പ്രതിസന്ധികളെകുറിച്ചുള്ള ലേഖനത്തിന്റെ രണ്ടാംഭാഗം. (ഒന്നാം ഭാഗം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: ‘അവരെ’ സ്കൂള്‍ മതിലിന് വെളിയില്‍ തള്ളുന്ന ‘നമ്മുടെ’ വിദ്യാഭ്യാസ വികസനം-ഭാഗം 1

ആദിവാസികളിലെ അടിത്തട്ടില്‍ കിടക്കുന്ന പ്രാക്തന ഗോത്രവിഭാഗവും മറ്റുള്ളവരും അനുഭവിക്കുന്ന വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ അനവധിയാണ്. സ്‌കൂളില്‍ ചേരല്‍ മുതല്‍ ഈ പ്രശ്‌നങ്ങളും തുടങ്ങുന്നു എന്നു പറയാം. ഒരു നാല്‍പ്പതുകൊല്ലം മുമ്പത്തെ അവസ്ഥ പരിശോധിച്ചാല്‍ അന്ന് ആദിവാസികളിലെ മേല്‍ത്തട്ടുകാര്‍ മാത്രമാണ് സ്‌കൂളില്‍ ചേര്‍ന്നിരുന്നത്. അവര്‍ ബഹുഭൂരിപക്ഷവും പ്രൈമറി ഘട്ടത്തില്‍ തന്നെ കൊഴിഞ്ഞു പോയുമിരുന്നു. ഇന്ന് അടിത്തട്ടുകാരനുഭവിക്കുന്ന അതേ പ്രശ്‌നം. ഹൈസ്‌കൂള്‍, കോളേജ്തലത്തിലേക്ക് എത്തുന്നവര്‍ വളരെ അപൂര്‍വ്വമായിരുന്നു. അവരുടെ കാര്യത്തില്‍ ഇന്ന് സ്ഥിതി മാറി. ഉന്നതവിദ്യാഭ്യാസത്തിലേക്കും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിലേക്കുമൊക്കെ അവരിന്നെത്തിച്ചേര്‍ന്നു. ഉദ്യോഗതലത്തിലും ഉന്നതസ്ഥാനങ്ങളിലുമവരെത്തുന്നു.  പുരുഷന്മാരോടൊപ്പം സ്ത്രീകളും ഈ വിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നു എന്നതും ശുഭോദര്‍ക്കമാണ്. വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലുമൊക്കെ ഏറ്റവും താഴ്ന്ന പടിയില്‍ മാത്രമേ മുമ്പവര്‍ നിന്നിരുന്നുളളൂ എന്നോര്‍ക്കണം.

എന്നാല്‍ ഈ കാര്യങ്ങളില്‍ കേരളത്തില്‍ ആദിവാസിജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന പണിയരടക്കമുള്ള കീഴാളര്‍ ഇന്നും ഏറ്റവും പിന്നിലാണെന്നോ തീരെ ഇല്ലെന്നോ പറയാം.  1970കളിലൊക്കെ ഇവരുടെ സ്‌കൂള്‍ പ്രവേശം തന്നെ ഇല്ലായിരുന്നു. എന്നാലിപ്പോള്‍ അക്കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് കാണാം. മലയാളം മീഡിയം പൊതുവിദ്യാഭ്യാസത്തെ ആദിവാസിമേഖലയില്‍ പ്രത്യേകിച്ചും സവര്‍ണ വിഭാഗം  പൂര്‍ണമായും കൈയൊഴിഞ്ഞതിനാല്‍, അവിടങ്ങളിലെ  സ്‌കൂളുകളുടേയും അധ്യാപകരുടേയും നിലനില്‍പ്പ് തന്നെ ഏതാണ്ട് പൂര്‍ണമായും  ആദിവാസിക്കുഞ്ഞുങ്ങളുടെ സ്‌കൂള്‍ പ്രവേശത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്.  അതുകൊണ്ട് പ്രസ്തുത വിദ്യാലയങ്ങളിലെ അധ്യാപകരും പി.ടി.എയുമൊക്കെ ആദിവാസിക്കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിനായി മുന്നിട്ടിറങ്ങുകയും പ്രത്യേകം പ്രവേശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുകയും   ചെയ്യുന്നു. അതുകൊണ്ട്  മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി സ്‌കൂള്‍ പ്രവേശനം ഈ മേഖലയില്‍ വലിയ പ്രശ്‌നമല്ല. അവിടെ നിലനിന്ന് നിലവാരമുള്ള വിദ്യാര്‍ത്ഥിയായി മാറുക എന്നതുതന്നെയാണ് ആദിവാസിക്കുട്ടിയുടെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രശ്‌നം.

വിദ്യാഭ്യാസത്തെക്കുറിച്ച് ഒരു ശരാശരി മലയാളി പുലര്‍ത്തുന്ന ധാരണ പോയിട്ട് അതിന്റെ ആവശ്യകതയെക്കുറിച്ച് പോലുമുള്ള ബോധം ആദിവാസിയായ രക്ഷാകര്‍ത്താവിനില്ല. അതുകൊണ്ടുതന്നെ സ്‌കൂളില്‍ പോകുന്നതിനോ പഠിക്കുന്നതിനോ ഉള്ള യാതൊരു പ്രോത്സാഹനവും കുടുംബത്തില്‍ നിന്നും ആദിവാസിക്കുഞ്ഞിന് ലഭിക്കുന്നില്ല. ഊരുകളിലെ ചെറിയ കുടിലുകളില്‍ കുട്ടികള്‍ക്ക് പഠിക്കുന്നതിനുള്ള സൗകര്യമോ അന്തരീക്ഷമോ, വെളിച്ചം പോലുമോ ഉണ്ടാവുകയില്ല. ചെറിയ ഒരു കുടിലില്‍ മൂന്നും നാലും കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അവസരത്തില്‍ സ്വസ്ഥമായൊന്നുറങ്ങാന്‍ പോലും ഈ കുട്ടികള്‍ക്കാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

സ്‌കൂളില്‍ എത്തുന്ന സാധാരണ ആദിവാസിക്കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പലപ്പോഴും ഒരു ജോഡി യൂണിഫോം മാത്രമേ ഉണ്ടാകൂ. അത് വേണ്ടരീതിയില്‍ അലക്കിത്തേച്ചതോ വൃത്തിയുള്ളതോ ആയിക്കൊള്ളണമെന്നില്ല. ഊരുകളിലെ ജീവിതം സമ്മാനിക്കുന്ന വ്യക്തി ശുചിത്വമില്ലായ്മ ഈ കുട്ടികളെ വേറിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. ചെറിയ ക്ലാസുകളില്‍ മാതൃഭാഷയിലല്ലാതെ ഭാഷണം, വായന, ലേഖനം എന്നിങ്ങനെ ഭാഷാപ്രവര്‍ത്തനങ്ങളും കൂടാതെ ഗണിതക്രിയകളും കൂടി ചെയ്യേണ്ടിവരുന്നു എന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ ഭാരമാണ്. ഭൗതികവും മാനസികവുമായ ഈ സമ്മര്‍ദ്ദങ്ങള്‍ അവരെ സ്‌കൂളില്‍ നിന്നും എല്ലാ രീതിയിലും അകറ്റുന്നു. അധികം വൈകാതെ ഉച്ചക്കഞ്ഞികുടിച്ച് വിശപ്പു മാറ്റുക എന്നതല്ലാതെ ഒന്നും ചെയ്യാനില്ലാത്തവരായി സ്‌കൂളുകളില്‍ ആദിവാസിക്കുഞ്ഞുങ്ങള്‍ മാറുന്നു. മറ്റു കുട്ടികളില്‍ നിന്നും അധ്യാപകനില്‍ നിന്നും അന്യവത്കരിക്കപ്പെടുന്ന ഈ കുട്ടികളുടെ മുന്നില്‍ കൊഴിഞ്ഞു പോക്കല്ലാതെ മറ്റെന്താണ് മാര്‍ഗ്ഗം?

ആദിവാസി ഊരുകള്‍ക്കടുത്ത് അവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി ജില്ലാപ്രാഥമിക വിദ്യാഭ്യാസപദ്ധതി (ഡി.പി.ഇ.പി) യുടെ കാലഘട്ടത്തില്‍  ഭിന്നതലബോധനകേന്ദ്രങ്ങള്‍ (Multigrade Learning Centres) ആറ്  ജില്ലകളില്‍ തുടങ്ങിയിരുന്നു. മിനിമം 20 വിദ്യാര്‍ത്ഥികളും ഒരു ടീച്ചറും ആയിരുന്നു ഈ സ്‌കൂളുകളില്‍ ഉണ്ടായിരുന്നത്. ആന്ധ്രയിലെ റിഷിവാലി റൂറല്‍ സ്‌കൂളുകളുടെ മാതൃകയിലുള്ള സ്വയം പഠനകാര്‍ഡുകളായിരുന്നു (SLM) പഠനസാമഗ്രി. സമീപത്ത് സ്‌കൂളുകള്‍ ഇല്ലാത്ത വിദൂര ഗ്രാമങ്ങളിലും കാടിനകത്തുമൊക്കെ ധാരാളം ഏകാധ്യാപക വിദ്യാലയങ്ങള്‍ ഇങ്ങനെ ആരംഭിച്ചു. സ്‌കൂളില്‍ പോകാന്‍ കഴിയാത്ത അനവധി ആദിവാസിക്കുഞ്ഞുങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ ഇത് സഹായകമായി. പല സെന്ററുകളും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെക്കുകയും കുട്ടികളെ തുടര്‍പഠനത്തിന് സഹായിക്കുകയും ചെയ്തു. കുട്ടികള്‍ കുറവായതിനാലും ഭാഷണത്തിന് ആദിവാസി ഭാഷ ഉപയോഗിച്ചതിനാലും കുട്ടികളുടെ പഠനനിലവാരം വളരെയധികം മെച്ചപ്പെടുന്നതായി അനുഭവപ്പെട്ടു. ഡി.പി.ഇ.പി അവസാനിച്ചപ്പോള്‍ തുടര്‍ന്നു വന്ന സര്‍വശിക്ഷാ അഭിയാന്‍ MGLC എന്ന  പേര് മാറ്റി ബദല്‍ സ്‌കൂള്‍ (Alternate school) എന്നാക്കി മാറ്റി. സ്വയം പഠനകാര്‍ഡുകള്‍ക്ക് പകരം പാഠപുസ്തകങ്ങള്‍  പഠനസാമഗ്രിയാക്കി. തുടര്‍ന്ന് എസ്.എസ്.എ ഈ സ്‌കൂളുകളെ തന്നെ കൈയൊഴിഞ്ഞു. നിലവില്‍ അവിടങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ തൊഴില്‍ സംരക്ഷണാര്‍ഥം കുറച്ചു സ്ഥാപനങ്ങള്‍ വിദ്യാഭ്യാസവകുപ്പ് നിലനിര്‍ത്തുന്നുണ്ടെങ്കിലും പഠനബോധന പ്രവര്‍ത്തനങ്ങള്‍ നിലവാരത്തോടെ നടക്കുന്നില്ല. എങ്കിലും ഇത്തരം സ്‌കൂളുകളില്‍ ഇപ്പോഴും ആദിവാസിക്കുട്ടികള്‍ പഠിക്കുന്നുണ്ട്.

ആദിവാസിക്കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു പ്രധാന സര്‍ക്കാര്‍തല ഇടപെടല്‍ പ്രീ-മെട്രിക്  ഹോസ്റ്റലുകളും, മോഡല്‍ റസിഡന്‍ഷ്യല്‍/ ആശ്രമം സ്‌കൂളുകളുമാണ്. 110 ഓളം ഹോസ്റ്റലുകളും 17 മോഡല്‍റസിഡന്‍ഷ്യല്‍  (MRS)സ്‌കൂളുകളും 3 ആശ്രമം സ്‌കൂളുകളും നിലവിലുണ്ട്. 1980 ലാണ് സര്‍ക്കാര്‍ ഹോസ്റ്റലുകള്‍ ട്രൈബല്‍ വകുപ്പിന് കീഴില്‍ ആരംഭിക്കുന്നത്. അതിനുമുമ്പ് ആദിവാസിക്കുട്ടികളെ താമസിച്ച് പഠിപ്പിക്കുന്നതിന് ഗവണ്‍മെന്റ് റസിഡന്‍ഷ്യല്‍ ബേസിക് ട്രെയിനിംഗ് സ്‌കൂള്‍ (GRBT)  സംവിധാനമാണ് ഉണ്ടായിരുന്നത്.  ആ സംവിധാനം കുറച്ചുകൂടി ശാസ്ത്രീയമായിരുന്നു എന്നു തോന്നുന്നു. അന്ന് അത്തരം സ്‌കൂളുകളിലെ വാര്‍ഡന്‍മാര്‍ യോഗ്യരായ അധ്യാപകര്‍ കൂടിയായിരുന്നു. പുതിയ പ്രീ-മെട്രിക് ഹോസ്റ്റലുകള്‍ താമസത്തിനും ഭക്ഷണത്തിനുമുള്ള  കേന്ദ്രങ്ങളായാണ് നടത്തിപ്പുകാരും അന്തേവാസികളും കാണുന്നത്. ആദിവാസിക്കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ വക കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളായി ഇതിനെ കാണണം. ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലുകളില്‍ അച്ചടക്ക പ്രശ്‌നങ്ങളും ലഹരി ഉപയോഗവും, പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ അധികൃതര്‍ നടത്തിയ പീഡനങ്ങളുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

2007 ല്‍ പ്രീ-മെട്രിക് ഹോസ്റ്റലുകളെപ്പറ്റി വയനാട് ഡയറ്റ് നടത്തിയ പഠനത്തില്‍ വെളിപ്പെട്ടത് ഈ ഹോസ്റ്റലുകള്‍ എല്ലാവിധത്തിലുമുള്ള അപര്യാപ്തതകളുടെയും കേന്ദ്രമാണെന്നാണ് അന്ന് ആ പഠന റിപ്പോര്‍ട്ട് പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും, പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാനും സമര്‍പ്പിച്ചിട്ടും അതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചതായി അറിവില്ല. അന്ന് വയനാട് ജില്ലയില്‍ ഉണ്ടായിരുന്ന 28 ഹോസ്റ്റലുകളില്‍ 10 എണ്ണം വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കടകള്‍ക്കായി ഉണ്ടാക്കിയ കുടുസ്സുമുറികളില്‍ മുതല്‍ പഴയ ജീര്‍ണിച്ച വീടുകളില്‍ വരെ ട്രൈബല്‍ വകുപ്പ് വലിയവാടക കൊടുത്ത് ഹോസ്റ്റലുകള്‍ നടത്തിയിരുന്നു. ഓരോ വര്‍ഷവും ഹോസ്റ്റല്‍ പണിയുന്നതിനും സ്ഥലം വാങ്ങുന്നതിനുമുള്ള  കേന്ദ്ര ഫണ്ടുകള്‍  ലാപ്‌സാവുമ്പോഴാണിതെന്നോര്‍ക്കണം. MRS ആശ്രമം സ്‌കൂളുകളുടെയും സ്ഥിതി ഇതുതന്നെയാണ്. സുഗന്ധഗിരിപദ്ധതിയുടെ കാലിത്തൊഴുത്തുകളിലായിരുന്നു അടുത്തകാലം വരെ ലക്കിടി എം.ആര്‍.എസിലെ കുട്ടികള്‍ താമസിച്ചിരുന്നതും പഠിച്ചതും. ട്രൈബല്‍ വകുപ്പിലെ ക്ലാര്‍ക്കുമാരാണ് ഇപ്പോഴും പല പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലേയും വാര്‍ഡന്‍മാര്‍. പകല്‍ 10 മണി മുതല്‍ 5 മണി വരെ മാത്രമേ ഇങ്ങനെയുള്ള ഹോസ്റ്റല്‍  വാര്‍ഡന്മാര്‍ അവിടെ കാണൂ. വാച്ചര്‍മാരും പാചകക്കാരുമാണ് ഇവിടങ്ങളില്‍ എല്ലാ കാര്യങ്ങളും നോക്കുന്നത്. ഇത് അവരില്‍ നിന്നു ലഭിക്കേണ്ട സേവനങ്ങളുടെ നിലവാരത്തെ ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വയനാട്ടില്‍ യഥാസമയം ചികില്‍സ കിട്ടാതെ ഹോസ്റ്റല്‍ അന്തേവാസിയായ ബാലന്‍ മരിച്ചത് അടുത്തകാലത്താണ്.

ആദിവാസിക്കുഞ്ഞുങ്ങളെ വീടുകളില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം ചെയ്യിക്കല്‍ വിഷമകരമാണ് എന്ന ചിന്തയില്‍ നിന്നാണല്ലോ അവരെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കാമെന്ന തീരുമാനം വന്നത്. അവരെ വീടുകളില്‍ താമസിച്ച് വിദ്യാഭ്യാസം ചെയ്യാന്‍ എന്തുചെയ്യാം എന്നല്ല നാം ചിന്തിച്ചത്. ഹോസ്റ്റലുകളില്‍ നിന്നു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നല്ലനിലയില്‍ പഠനം കഴിഞ്ഞ് ഉയര്‍ന്നമാര്‍ക്കുവാങ്ങി വിജയിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. അതിനെക്കുറിച്ചൊന്നും ആധികാരിമായി പറയാന്‍ നമുക്ക് വസ്തുതകളില്ല എന്നതാണ് വാസ്തവം. ഈ കുട്ടികള്‍ക്ക് കുടുംബത്തോടും കുടുംബാംഗങ്ങളോടുമുള്ള സ്‌നേഹബന്ധങ്ങള്‍ ഇല്ലാതെയാവുന്നു വെന്ന ഒരു ദോഷം ഉണ്ടുതാനും. അതുകൊണ്ട് ട്രൈബല്‍ ഹോസ്റ്റലുകള്‍ എന്ന ആശയം തന്നെ ഉപേക്ഷിക്കണം എന്നാണെനിക്ക് തോന്നുന്നത്. പ്രാഥമിക – ഹൈസ്‌കൂള്‍തല വിദ്യാഭ്യാസം സ്വന്തം വീട്ടില്‍ അച്ഛനമ്മമാരോടാപ്പം താമസിച്ച് നിര്‍വഹിക്കുന്ന സ്ഥിതിയാണിന്ന് കേരളത്തില്‍ ബഹുഭൂരിപക്ഷവും. ആദിവാസികളുടെ കാര്യത്തിലും ഇതു തന്നെ പാലിക്കാന്‍ കഴിയണം. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നതുകൊണ്ട് മാത്രം ആദിവാസിക്കുഞ്ഞുങ്ങളുടെ പഠനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. വലിയ തുകകള്‍ ചെലവിട്ട് അടിസ്ഥാന പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഈ സംവിധാനം അഴിമതിക്കും കെടുകാര്യസ്ഥതക്കും കുറെപ്പേര്‍ക്ക് തൊഴില്‍ നല്‍കാനുമുള്ള ഒരു കാര്യമായി മാത്രം ഇങ്ങനെ നിലനിര്‍ത്തുന്നതെന്തിനാണ്?

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സമര്‍ത്ഥരായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിന് പബ്ലിക് സ്‌കൂള്‍ മാതൃകയില്‍ റസിഡന്‍ഷ്യല്‍ സൗകര്യത്തോടുകൂടി, 1989-90 ല്‍ അബേദ്കര്‍ വര്‍ഷാചരണത്തിന്റെ  ഭാഗമായി തുടങ്ങിയതാണ് MRS/ആശ്രമം സ്‌കൂളുകള്‍. യഥാക്രമം 100% വും 50% വുമാണ് ഇവയ്ക്കുള്ള കേന്ദ്ര ധനസഹായം. 17 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 5-ാംക്ലാസ് മുതലും 3 ആശ്രമം സ്‌കൂളുകളില്‍ 1-ാം ക്ലാസ് മുതലുള്ള കുട്ടികളും പഠിക്കുന്നു. മിടുക്കരായ പട്ടികവര്‍ഗവിദ്യാര്‍ത്ഥികള്‍ക്ക്  ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിച്ചോ?  അവര്‍ ജീവിതത്തില്‍ വിജയം വരിച്ചോ എന്നൊന്നും ആര്‍ക്കുമറിയില്ല. ഈ സ്ഥാപനങ്ങളൊക്കെ ഇപ്പോഴും അപര്യാപതതയും കെടുകാര്യസ്ഥതയും സമീപനവൈകല്യവും പേറുന്ന അല്ലെങ്കില്‍ അവ മുഖമുദ്രയായ സ്ഥാപനങ്ങളായി നിലനില്‍ക്കുന്നു.

വയനാട്ടില്‍ ലക്കിടിക്കടുത്ത് പൂക്കോട് എന്ന സ്ഥലത്ത് ഒരു മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും നവോദയ വിദ്യാലയവും സ്ഥിതി ചെയ്യുന്നുണ്ട്. ആദ്യം തുടങ്ങിയത് MRS ആണ്. അത് കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നവോദയ വിദ്യാലയം തുടങ്ങിയത്. രണ്ടിനും 100% കേന്ദ്ര സര്‍ക്കാര്‍ ഫണ്ടാണ് ഉപയോഗിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടി നവോദയ വിദ്യാലയത്തില്‍ കുട്ടികള്‍ പഠിക്കുന്നു. MRS ന് കെട്ടിടം പോലും ഇതുവരെ ആയിട്ടില്ലെന്ന് മാത്രമല്ല ഈ രണ്ട് സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനത്തെ അജഗജാന്തരം എന്ന വാക്കുകൊണ്ടു പോലും താരതമ്യം ചെയ്യാനാകില്ല. നമ്മുടെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ‘പബ്ലിക് സ്‌കൂള്‍ മാതൃക’ ശരിക്കുള്‍ക്കൊള്ളാനും, വിശകലനം ചെയ്യാനും ഈ സ്ഥലത്തെ മേല്‍പ്പറഞ്ഞ രണ്ട് വിദ്യാലയങ്ങള്‍ കണ്ടാല്‍ മാത്രം മതി.

കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 1.5% മാത്രമാണ് പട്ടികവര്‍ഗ ജനസംഖ്യ. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ആദ്യവര്‍ഷം (1974-75) മുതല്‍ പട്ടികവര്‍ഗക്കാരുടെ വികസനത്തിന് വേണ്ടി മാത്രമുള്ള പട്ടികവര്‍ഗ ഉപപദ്ധതി സംസ്ഥാനത്ത്  ആവിഷ്‌കരിച്ച് നടപ്പാക്കി തുടങ്ങി. അന്നുമുതല്‍ നടക്കുന്ന വികസന പദ്ധതികളില്‍ വന്‍ പ്രാധാന്യം കൊടുത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് വിദ്യാഭ്യാസ പരിപാടികളാണ്. ഏകദേശം 30 ഓളം പദ്ധതികളാണ് ഇങ്ങനെ നടപ്പിലാക്കുന്നത് വിദ്യാഭ്യാസത്തിനു വേണ്ടി മാത്രം എല്ലാവര്‍ഷവും ഒരേ പദ്ധതി തന്നെയാണ് നടപ്പിലാക്കുന്നത്.  ഫണ്ടും ഏകദേശം സമാനമാണ്. ഇങ്ങനെ ആവര്‍ത്തിച്ച് നടപ്പിലാക്കുന്ന പദ്ധതികളെ അവലോകനത്തിനോ വിശകലനത്തിനോ വിധേയമാക്കുന്നുണ്ടോ എന്നറിയില്ല. ആയുര്‍വേദത്തിലെയൊക്കെ പോലെ നൂറ്റൊന്നാവര്‍ത്തിക്കുന്ന വല്ല സിദ്ധാന്തവും പട്ടികവര്‍ഗ വികസനത്തിലുണ്ടോ എന്നറിയില്ല. വിദ്യാഭ്യാസ പദ്ധതികളും ഫണ്ട്  വകയിരുത്തലും ചെലവാക്കലും ആദിവാസികളുടെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയും മാത്രം മാറ്റമില്ലാതെ തുടരുന്നു. കേരളീയ ജനസംഖ്യയില്‍ 1 ശതമാനത്തിനായി 1975 മുതല്‍ ഭീമമായ തുക ചെലവഴിച്ച് പദ്ധതികള്‍ നടപ്പിലാക്കിയിട്ടും പട്ടികവര്‍ഗക്കാരുടെ കാര്യത്തില്‍ മാത്രം എല്ലാം പഴയപടിയോ അതിലും മോശമായിട്ടോ തുടരുന്നതെന്തുകൊണ്ട് എന്നു നാം ചിന്തിക്കാന്‍ തയ്യാറാവാത്തത് തന്നെയാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാതല്‍.

(വയനാട് ജില്ലയില്‍ സ്കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്യുകയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on May 18, 2015 8:10 am