X

പാകിസ്ഥാനികള്‍ക്ക് കൂടി ട്രംപ് വിസ നിഷേധിക്കണം എന്നാണ് പ്രാര്‍ഥന: ഇമ്രാന്‍ ഖാന്‍

പാകിസ്ഥാനികള്‍ക്കും കൂടി ട്രംപ് വിസ നിഷേധിക്കണേ എന്നാണ് പ്രാര്‍ത്ഥന. അങ്ങനെ വന്നാല്‍ പാകിസ്ഥാന് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായകമാവുമെന്നും ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

മുസ്ലീം രാജ്യമായ പാകിസ്ഥാന് കൂടി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിസ നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന്
പാകിസ്ഥാന്‍ തെഹ്രികി ഇന്‍സാഫ് പാര്‍ട്ടി അദ്ധ്യക്ഷനും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍. പാകിസ്ഥാനികള്‍ക്കും കൂടി ട്രംപ് വിസ നിഷേധിക്കണേ എന്നാണ് പ്രാര്‍ത്ഥന. അങ്ങനെ വന്നാല്‍ പാകിസ്ഥാന് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായകമാവുമെന്നും ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. നമ്മളും ഇറാന്‍ കൊടുത്തത് പോലുള്ള മറുപടി അമേരിക്കയ്ക്ക് കൊടുക്കണം. അമേരിക്കക്കാര്‍ക്ക് വിസ നിഷേധിച്ചുകൊണ്ട് – ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ലാഹോറില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള സഹിവാളില്‍ പാര്‍ട്ടി റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.

പ്രധാനമന്ത്രി നവാസ് ഷെരീഫ് ചെറിയ തലവേദന വന്നാല്‍ പോലും ചികിത്സയ്‌ക്കെന്ന് പറഞ്ഞ് വിദേശത്തേയ്ക്ക് പറക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ പരിഹസിച്ചു. ട്രംപിന്റെ നിരോധനം വന്ന് കഴിഞ്ഞാല്‍ പിന്നെ ഷെരീഫിനും പാകിസ്ഥാന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാം. അഴിമതി മറച്ച് പിടിക്കാന്‍ ഷെരീഫ് മക്കള്‍ക്ക് പിന്നില്‍ ഒളിക്കുകയാണ്. പനാമ പേപ്പേഴ്‌സ് അടക്കമുള്ള വിവാദങ്ങള്‍ സൂചിപ്പിച്ച് ഇമ്രാന്‍ പറഞ്ഞു. എനിക്ക് മറിയം നവാസിനോട് (നവാസ് ഷെരീഫിന്റെ മകള്‍) സഹതാപം മാത്രമേയുള്ളൂ. പനാമ കേസില്‍ ഷെരീഫ് മറിയത്തെ മുന്നില്‍ നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ഷെരീഫും കുടുംബാംഗങ്ങളും നടത്തുന്ന അഴിമതികള്‍ക്കെതിരെ പോരാടുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എല്ലാ പാകിസ്ഥാനികളും നവാസ് ഷെരീഫിനെ പോലെ ഭീരുക്കളാണെന്ന് നിങ്ങള്‍ കരുതരുതെന്ന് മാത്രമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളതെന്ന് നരേന്ദ്ര മോദിയോട് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. ഇന്ത്യക്കാരില്‍ ഭൂരീഭാഗവും അങ്ങനെ തന്നെയാണ്. പാകിസ്ഥാനുമായി അവര്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല.