X

ജേക്കബ് തോമസ് തുടരും; പോര്‍ട്ട് ഡയറക്ടറായിരിക്കെ ഒരു രൂപ പോലും അവിഹിതമായി നേടിയില്ല

അഴിമുഖം പ്രതിനിധി

വിജിലൻസ് ഡയറക്ടർ സ്‌ഥാനത്തു ജേക്കബ് തോമസ് തുടരും. ഒഴിയാന്‍ അനുവദിക്കണമെന്ന്‍ ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ കത്ത് പരിഗണിക്കാനാവില്ലെന്ന്‍ സിപിഎം ഉറച്ച നിലപാട് എടുത്തതും തുറമുഖ ഡയക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയതായി ധനവകുപ്പ് പരിശോധനാവിഭാഗം കണ്ടെത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് വ്യക്തമായതുമാണ് വിജിലന്‍സ് ഡയറക്ടര്‍ സ്‌ഥാനത്ത് മുന്നോട്ടുപോകാൻ ജേക്കബ് തോമസിനെ പ്രേരിപ്പിക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാനനാളുകളില്‍ ധനകാര്യ പരിശോധനാവിഭാഗം (എന്‍ടിഡി) നടത്തിയെന്ന് കാണിച്ച് തയ്യാറാക്കിയ പരിശോധനാ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസ് അവിഹിതമായി എന്തെങ്കിലും ചെയ്തെന്നോ ഒരു രൂപയുടെ എങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നോ ഒരിടത്തും പറയുന്നില്ല. കെല്‍ട്രോണ്‍, സിഡ്കോ തുടങ്ങിയ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വരുത്തിയ വീഴ്ച മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ പേരിൽ തുറമുഖ വകുപ്പ് ഡയറക്ടർക്കെതിരേ നടപടി എടുക്കാനാവില്ല.

കെ എം മാണിക്കും കെ ബാബുവിവിനുമെതിരെ വിജിലൻസ് നടപടി ആരംഭിച്ചതോടെ, യുഡിഎഫ് സര്‍ക്കാരിന്റെ അവസാനനാളില്‍, മാര്‍ച്ച് ഒമ്പതിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. മൂന്ന്‍ തുറമുഖ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു പ്രധാന ആരോപണം.  കെല്‍ട്രോണും സിഡ്കോയും ഏറ്റെടുത്ത പ്രവൃത്തിയാണിത്.

വലിയതുറയില്‍ തുറമുഖ ഡയറക്ടര്‍ ഓഫീസ് നിര്‍മിച്ചതിന് നേതൃത്വം നല്‍കിയത് തുറമുഖവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ കര്‍മസമിതിയായിരുന്നു. ഇക്കാര്യത്തിലും  ഡയറക്ടര്‍ക്ക് പങ്കില്ല. കരിമണല്‍ വിറ്റ 14.45 ലക്ഷം രൂപ എസ്ബിടിയില്‍ നാലു ബാങ്ക് അക്കൌണ്ടുകളില്‍ സൂക്ഷിച്ചിരുന്നു. ഇത് ട്രഷറി സേവിങ്സ് അക്കൌണ്ടിലേക്ക് മാറ്റണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദേശം.

വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍നിന്ന് ലാപ്ടോപ്പുകള്‍ വാങ്ങിയതിന് ഐടി വകുപ്പിന്റെ അനുമതി തേടിയില്ലെന്നാണ് മറ്റൊരു ആരോപണം. നടപടിക്രമം കൃത്യമായി പാലിക്കാത്തതില്‍ പോര്‍ട്ട് ഡയറക്ടര്‍ വിശദീകരണം നല്‍കണമെന്നുമാത്രമാണ് പറയുന്നത്. ഈ വരികളെ പെരുപ്പിച്ചു കാണിച്ചാണ് അഴിമതിയാണെന്ന് പ്രചരിപ്പിച്ചത്.

ഗോദ്റേജ് കമ്പനിയില്‍നിന്ന് ആലുവ ട്രാവന്‍കൂര്‍ ഫോറസ്റ്റ്  ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്  സ്റ്റീല്‍ ഫര്‍ണിച്ചര്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയതിലും പോര്‍ട്ട് ഡയറക്ടര്‍ക്കെതിരെ കുറ്റക്കാരനാക്കാനാവില്ല. ഓഡിയോ വിഷ്വല്‍ ഡൈവിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുകള്‍ നടന്നെന്ന ആരോപണത്തില്‍ പോര്‍ട്ട് ഡയറക്ടറില്‍നിന്ന് വിശദീകരണം തേടിയാൽ മാത്രം മതിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ ജേക്കബ് തോമസിനെ വ്യക്തിഹത്യ ചെയ്യുന്ന റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്.

അഞ്ചുതെങ്ങ് കടൽത്തീരത്ത് അടിസ്ഥാന സൗകര്യം പോലുമില്ലാതെ നിർമിച്ച ഫിഷ് ലാൻഡിങ് സെന്റർ നാലുമാസം കൊണ്ട് ഇടിഞ്ഞു വീണിരുന്നു. നിർമാണത്തിലെ അഴിമതിയെക്കുറിച്ചും വിജിലൻസ് അന്വഷണം ആരംഭിച്ചു. അഞ്ചു തെങ്ങിലെത്തിയ ജേക്കബ് തോമസിനോട് വിജിലൻസ് ഡയറക്ടർ സ്ഥാനം ഒഴിയരുതെന്ന്‍ മൽസ്യത്തൊഴിലാളികളായ സ്ത്രീകള്‍ അഭ്യർത്ഥിച്ചു.

മുന്‍ മന്ത്രിമാർ, ഐ പിഎസ് – ഐ എ എസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവരടക്കം 57 പേർക്കെതിരായ ആരോപണങ്ങൾ ജേക്കബ് തോമസ് നേരിട്ട് അന്വേഷിക്കുന്നുണ്ട്. ജേക്കബ് തോമസിന് നേരെ ഉയരുന്ന വ്യക്തിഹത്യകളുടെയും വ്യാജ ആരോപണങ്ങളുടെയും ഉറവിടം ഇന്റലിജൻസും അന്വേഷിക്കുന്നുണ്ട്. മൂന്ന് പ്രധാന ഐഎഎസ് ഉദ്യോഗസ്ഥർ ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്റലിജൻസിന്റെ അന്വേഷണം. ജേക്കബ് തോമസിനെ കുരുക്കാന്‍ യുഡിഎഫ് ഭരണകാലത്തെ വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ ഒരു കോണ്‍ഫിഡന്‍ഷ്യല്‍ എന്‍ക്വയറിയും രണ്ട് ത്വരിതാന്വേഷണങ്ങളും നടത്തിയെങ്കിലും ജേക്കബ് തോമസിനെ കുറ്റക്കാരനാണെന്ന് കണ്ടെത്താനായില്ലെന്നതും ശ്രദ്ധേയമാണ്.

 

This post was last modified on October 21, 2016 9:15 am