X

ആമസോണും സുഷമ സ്വരാജിന്റെ ട്വിറ്റര്‍ നയതന്ത്രവും; അസ്വസ്ഥജനകമായ ചില ചോദ്യങ്ങള്‍

ഉന്നത അധികാരികള്‍, അല്ലെങ്കില്‍ വന്‍ശക്തിയാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കോപമോ അഹംഭാവമോ പാടില്ലെന്നുള്ള അടിസ്ഥാന പാഠം അവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു

സാമൂഹിക മാധ്യമങ്ങളുടെ ശക്തിയെ കുറിച്ച് ആര്‍ക്കും തര്‍ക്കമില്ല. പക്ഷെ, എന്‍ഡിഎ സര്‍ക്കാര്‍ സമീപകാലത്ത് സ്വീകരിച്ച ട്വിറ്റര്‍ നയതന്ത്ര നടപടികള്‍ അസ്വസ്ഥാജനകമായ ചില ചോദ്യങ്ങള്‍ കൂടി ഉയര്‍ത്തുന്നുണ്ട്.

കീഴ്വഴക്കങ്ങളുടെ ചെളിക്കുഴിയില്‍ ആണ്ടു കിടന്നിരുന്ന ഒരു മന്ത്രാലയത്തിന് വ്യക്തിഗത സ്പര്‍ശം നല്‍കുന്നതിനായി സാമൂഹിക മാധ്യമങ്ങളെ സൃഷ്ടിപരവും ഭാവനാപരവുമായി ഉപയോഗിക്കുന്ന ഒരു മന്ത്രിയാണ് വിദേശകാര്യവകുപ്പിന്റെ ചുമതല വഹിക്കുന്ന സുഷമ സ്വരാജ്. കഴിഞ്ഞ ദിവസം, കാനഡയിലെ തങ്ങളുടെ വെബ്‌സൈറ്റില്‍ ഇന്ത്യന്‍ പതാകയുടെ രൂപമുള്ള ചവിട്ടികള്‍ വിറ്റിരുന്ന ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണിനെതിരെ ഒരു മുന്നറിയിപ്പ് ട്വീറ്റ് മന്ത്രിയുടേതായി വന്നു. ശക്തമായ ഭാഷയിലുള്ള ആ ട്വീറ്റില്‍, ഉല്‍പന്നം പിന്‍വലിക്കാനും മാപ്പുപറയാനും അല്ലാത്തപക്ഷം ഇനി കമ്പനിക്ക് വിസ അനുവദിക്കില്ലെന്നും അനുവദിച്ച വിസകള്‍ പിന്‍വലിക്കുമെന്നും അവര്‍ ആമസോണിനെ ഭീഷണിപ്പെടുത്തി. ഇതിനുള്ള പ്രതികരണമായി ആമസോണ്‍ ഉല്‍പന്നം പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു.

പക്ഷെ ഈ നടപടികളൊന്നും സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസിനെ ശാന്തനാക്കിയില്ല. ‘മര്യാദ’യ്ക്ക് പെരുമാറാനും ‘ഇന്ത്യന്‍ ചിഹ്നങ്ങളെയും ബിംബങ്ങളെയും അലക്ഷ്യമായി ഉപയോഗിക്കുന്നതില്‍ നിന്നും മാറിനില്‍ക്കാ’നും, അദ്ദേഹം ഞായറാഴ്ച ഇ-വാണിജ്യ കമ്പനിയോട് ആവശ്യപ്പെട്ടു. ‘ഇന്ത്യന്‍ പൗരന്‍’ എന്ന നിലയിലാണ് താന്‍ പ്രതികരിച്ചതെന്ന് പിന്നീടുള്ള ട്വീറ്റുകളില്‍ ദാസ് ‘വ്യക്തമാക്കി’യെങ്കിലും വേണ്ട കേടുപാടുകള്‍ അതിനകം തന്നെ സംഭവിച്ചിരുന്നു. ഒരു മന്ത്രിയുടെ അതിവൈകാരിക പ്രതികരണത്തെ പിന്തുണച്ചുകൊണ്ട് ഒരു ഉദ്യോഗസ്ഥന്‍ തന്റെ അധികാര പരിധി ലംഘിക്കുന്ന അവസ്ഥയാണ് ഇവിടെ സംഭവിച്ചത്.

യഥാര്‍ത്ഥത്തില്‍ ചവിട്ടി പ്രശ്‌നം അതിവൈകാരികവും മോശം ബോധത്തില്‍ നിന്നും ഉത്ഭവിച്ചതുമാണ്. സര്‍ക്കാരിന് പ്രതികരിക്കണം എന്ന് നിര്‍ബന്ധമായിരുന്നെങ്കില്‍ വലിയ കെട്ടുകാഴ്ചകള്‍ കൂടാതെ ശരിയായ തലത്തില്‍ തന്നെ അതിന് പ്രതികരിക്കാമായിരുന്നു. എന്നാല്‍ ഇമ്മാതിരിയുള്ള പ്രതികരണത്തിലൂടെ വിഷയം വഷളാക്കുകയാണ് ചെയ്തതെന്ന ആരോപണം സുഷമ സ്വരാജിന്റെയും ദാസിന്റെയും പേരില്‍ ചാര്‍ത്തപ്പെടുന്നു. ഉദാഹരണത്തിന്, സാമൂഹിക മാധ്യമങ്ങളില്‍ നിങ്ങള്‍ക്ക് പോലീസ് കളിക്കുന്നതിന് നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇന്ത്യ പോലെ വലിപ്പവും അതേ സമയം ഏറെ അഭിലാഷങ്ങളുമുള്ള ഒരു രാജ്യത്തിന് ഒട്ടും അഭിലഷണീയമായ രീതിയിലല്ല ഈ പ്രതികരണങ്ങള്‍ വന്നത് എന്ന ഒരു വികാരം ഉരുത്തിരിയാനും ഇത് കാരണമായിട്ടുണ്ട്. ദേഷ്യത്തിന്റെയോ തോന്ന്യാസത്തിന്റെയോ പുറത്ത് ട്വിറ്ററില്‍ പ്രതികരിക്കുന്ന ഒരു വ്യക്തിയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് വിസ അനുവദിക്കുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുന്നത് എന്ന തോന്നല്‍ ഉണ്ടാക്കാനേ ഈ പ്രതികരണങ്ങള്‍ സഹായിച്ചിട്ടുള്ളു.

വിസ അനുവദിക്കണോ വേണ്ടയോ എന്നുള്ളത് ഏതൊരു രാജ്യത്തിന്റെയും പരമാധികാരത്തില്‍പ്പെടുന്നതാണ്. ഇതിന് ഒരു നിശ്ചിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇല്ലെന്ന് വാദിക്കാമെങ്കിലും വിസ മാനുവല്‍ ഈ പ്രക്രിയയുടെ അടിസ്ഥാനതത്വമായി വര്‍ത്തിക്കുന്നു എന്ന് മാത്രമല്ല, അധികാരപരിധി ന്യായയുക്തമായാണ് നടപ്പിലാക്കപ്പെടുന്നത് എന്ന് ഉറപ്പാക്കുന്നതിനായി ആഭ്യന്തര ഓഡിറ്റുകള്‍ക്കും പരിശോധനകള്‍ക്കും വിധേയമായാണ് പ്രവര്‍ത്തിക്കുന്നതും. കാലാവധി തീരാന്‍ പോകുന്ന ഒരു ഉദ്യോഗസ്ഥന്റെ അമിതാധികാര പ്രമത്തതയായി ദാസിന്റെ പ്രതികരണത്തെ വ്യാഖ്യാനിക്കാമെങ്കിലും ആമസോണിനെ പൊതുവേദിയില്‍ താഴ്ത്തിക്കെട്ടിയ സുഷമ സ്വരാജിന്റെ നടപടി അങ്ങേയറ്റം തരംതാണതായിപ്പോയി എന്ന് പറയേണ്ടി വരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ കാഴ്ചപ്പാടുകള്‍ക്ക് കുറച്ചുകൂടി ഔന്നിത്യം ആവശ്യമാണ്. ഉന്നത അധികാരികള്‍, അല്ലെങ്കില്‍ വന്‍ശക്തിയാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കോപമോ അഹംഭാവമോ പാടില്ലെന്നുള്ള അടിസ്ഥാന പാഠവും അവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. തങ്ങളുടെ നയതന്ത്ര അധികാരങ്ങള്‍ വകതിരിവില്ലാതെ ഉപയോഗിക്കുന്നതോ അല്ലെങ്കില്‍ തങ്ങളോട് വ്യാപാരം ചെയ്യേണ്ടുന്നവരോട് തുറന്നതും ഉദാരവുമായ ഇടപെടലുകള്‍ നടത്തുക എന്ന പ്രഖ്യാപിത ലക്ഷ്യങ്ങളെ വഞ്ചിക്കുന്ന തരത്തിലുള്ളതോ ആയ നടപടികള്‍ അവര്‍ സ്വീകരിക്കില്ല. കുറച്ചുകൂടി വിവേകത്തോടെയാവും തങ്ങളുടെ യുദ്ധമുഖങ്ങള്‍ അവര്‍ തുറന്നെടുക്കുക.

ആമസോണ്‍ പിന്‍മാറുകയും ഓണ്‍ലൈന്‍ ചില്ലറ വിതരണ വ്യാപാരിക്കെതിരെ വിജയം പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. പക്ഷെ ജയിച്ചയാള്‍ക്ക് വിജയപാതയില്‍ ചില കാര്യങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് പറയേണ്ടിരിക്കുന്നു.

 

This post was last modified on January 17, 2017 3:00 pm