X

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ടാക്സികളില്‍ നിങ്ങള്‍ സുരക്ഷിതരല്ല

ടീം അഴിമുഖം

ഇന്ത്യയിലുള്ള മിക്ക ടാക്സി ബുക്കിംഗ് സേവന ദാതാക്കളും അവരുടെ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ അടിയന്തിരഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് എസ്ഒഎസ് അയ്ക്കാവുന്ന തരത്തിലുള്ള ഒരു അപകട ബട്ടണ്‍ നല്‍കാറില്ല. അങ്ങനെ ഉണ്ടെങ്കില്‍, കഴിഞ്ഞ ആഴ്ച ഉബര്‍ കാറില്‍ യുവതി ബലാല്‍സംഗം ചെയ്യപ്പെട്ടത് പോലെയുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു.

മൊബൈല്‍ ആപ്പുകളെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു സംവിധാനം ഏര്‍പ്പെടുത്തുന്നത് ചെലവ് കുറഞ്ഞതും ലളിതവുമായ മാര്‍ഗ്ഗമാണെങ്കിലും ഉബറോ അവരുടെ ആഭ്യന്തര എതിരാളികളായ ഓല പോലുള്ള കമ്പനികളോ യാത്രക്കാരുടെ സുരക്ഷയെ ഉദ്ദേശിച്ചുള്ള ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്ന് മൊബൈല്‍ സുരക്ഷ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എസ്ഒഎസ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട്, പൊതുഗതാഗതത്തെ പിന്തുടരാന്‍ കഴിയുന്ന ഉപഗ്രഹാടിസ്ഥാന സാങ്കേതിക സംവിധാനങ്ങള്‍ ആരംഭിക്കുമെന്ന് ഈ വര്‍ഷം ആദ്യം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്കായി ആയിരം കോടി രൂപയില്‍ കൂടുതല്‍ വകയിരുത്തുകയും ചെയ്തിരുന്നു.

തലസ്ഥാനത്തുള്ള എല്ലാ സവാരി വാഹനങ്ങളും നിര്‍ബന്ധിതമായി അപകട ബട്ടണ്‍ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിലേക്ക് മാറണം എന്നാണ് ചട്ടം. എന്നാല്‍ ഈ സംവിധാനം മിക്ക വാഹനങ്ങളിലും ഇപ്പോഴും ഏര്‍പ്പെടുത്തിയിട്ടില്ല.

അത്തരം ഒരു സംവിധാനം ഏര്‍പ്പെടുത്തുന്നത് വളരെ ലളിതമായ പ്രക്രിയയാണ്. പ്രത്യേകിച്ചും ഇപ്പോള്‍ തന്നെ വിവരങ്ങള്‍ ശേഖരിക്കുന്ന ഒരു സംവിധാനം ഉള്ളപ്പോള്‍.

10 മീറ്റര്‍ ചുറ്റളവില്‍ വരെ ഉപയോക്താവുള്ള കൃത്യമായ സ്ഥലം നിര്‍ണയിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഗ്ലോബല്‍ പൊസിഷനിംഗ് സംവിധാനത്തെ കൃത്യമായി ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ്, ഐഓഎസ് അപ്ലിക്കേഷനുകളാണ് ഉബറും ഒലയുമൊക്കെ ഉപയോഗിക്കുന്നത്.

ഉപയോക്താവിന് താന്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ വിശദാംശങ്ങള്‍ കുടംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും കൈമാറാം എന്ന് മാത്രമല്ല, വാഹനം എവിടെയാണെന്ന് യഥാര്‍ത്ഥ സമയത്തില്‍ തന്നെ കണ്ടെത്താനും കഴിയും.

അതിന്റെ ഉപയോക്താക്കളെ മുഴുവന്‍ പിന്തുടരാനുള്ള സംവിധാനങ്ങള്‍ ഉബറിനുണ്ട്. ഉബറിന്റെ ജീവനക്കാര്‍ക്ക് മാത്രം ലഭ്യമാകുന്ന ആപ്പായ ‘ഗോഡ് വ്യൂ’ ഉപയോഗിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്റെ വിവരം ഒരു ഉബര്‍ ഉദ്യോഗസ്ഥന്‍ ശേഖരിച്ചത് അടുത്ത കാലത്ത് വിവാദമായിരുന്നു.

എന്നാല്‍, ഏറ്റവും കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോഴും, വഴി തെറ്റലുകളും മുന്നറിയിപ്പുകളും കൃത്യമായി നിര്‍ണയിക്കുന്നതിന് കൂടുതല്‍ സങ്കീര്‍ണമായ സാങ്കേതികവിദ്യകള്‍ കമ്പനികള്‍ ഏര്‍പ്പെടുത്തേണ്ടിയിരിക്കും. ഡല്‍ഹിയില്‍ കഴിഞ്ഞ ആഴ്ച നടന്ന ബലാല്‍സംഗത്തിനെ സംബന്ധിച്ചിടത്തോളം യുവതി വണ്ടിയില്‍ ഇരുന്ന് ഉറങ്ങിപ്പോവുകയും വിജനമായ ഒരു സ്ഥലത്തേക്ക് അവരെ നയിക്കുകയും ചെയ്യുകയായിരുന്നു. ഈ സഞ്ചാര വ്യതിയാനം കണ്ടെത്താന്‍ സേവന ദാതാവിന് കഴിഞ്ഞതുമില്ല.

എന്നാല്‍ മെറു പോലുയുള്ള ഇന്ത്യയിലെ പ്രചാരമുള്ള ടാക്‌സി സേവന ദാതാക്കള്‍ക്ക് അപകട മുന്നറിയിപ്പ് സംവിധാനം നിലവിലുണ്ട്. ഇങ്ങനെ അപകട മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന ഐഇസി സംവിധാനം അവരുടെ ആപ്പില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

This post was last modified on December 11, 2014 12:31 pm