X

ഊബര്‍ ഭീഷണി: സി.പി.എമ്മിന്റെ ഈ നീക്കം വിജയിക്കേണ്ടതുണ്ട്

കിരണ്‍

തൊഴിലും ജീവിതവും കൈവിടുമ്പോള്‍ ഈ പ്രതിരോധം നല്ലതാണ്. സമരസപ്പെട്ട സമരങ്ങളില്‍ നിന്ന് മാറി ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കള്‍ക്കെതിരെ സി.പി.എം മറ്റൊരു സമാരായുധം പ്രയോഗിക്കുന്നു. മറ്റൊരു ഓണ്‍ലൈന്‍ ടാക്‌സി സേവനം.

ആപ്പിള്‍ ഐ ഫോണ്‍ 6-നായി കരയുന്ന കുഞ്ഞ്, ആശ്വസിപ്പിക്കാന്‍ പെടാപ്പാട് പെടുന്ന അച്ഛന്‍. വാട്‌സ് ആപ്പില്‍ പ്രചരിച്ച ഈ വീഡിയോ കാണാത്തവര്‍ നന്നേ ചുരുക്കമാകും. ഒരു ചിരിക്കപ്പുറം സാങ്കേതികവിദ്യ മലയാളിയുടെയും, ലോക മനുഷ്യരുടെയും ജീവിതത്തില്‍ വരുത്തിയിരിക്കുന്ന മാറ്റം ചെറുതല്ല. പരിഷ്‌കൃത സമൂഹം എല്ലാ കാര്യത്തിലും ഗുണ ദോഷങ്ങളെ ഒരു തൂക്കത്തിലിട്ട് അളന്ന് ആവശ്യമുള്ളത് തിരഞ്ഞെടുക്കാനുള്ള ശേഷിയുള്ളവരാണ്.ഊബറിന്റെയും, ഓലയുടെയും കടന്നുവരവോടെ കൊച്ചിക്കാരുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങളില്‍ ഇതു കാണാം. ടാറ്റയുടെ ഫോര്‍ വീലര്‍ ടാക്‌സി ഓട്ടോകളെ സ്റ്റാന്റുകളുടെ ഏഴയലത്ത് അടുപ്പിക്കാതെ അടിച്ചോടിച്ച ഓട്ടോ ഡ്രൈവര്‍മാരുടെ നാട്ടില്‍ ഊബറിനും, ഓലയ്ക്കും സ്വീകാര്യത ലഭിക്കുന്നത് കുറഞ്ഞ നിരക്ക് കൊണ്ട് മാത്രമല്ല. പ്രതിഷേധിച്ച് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ സി.പി.എം നേതൃത്വത്തിലെ ചിലര്‍ ബദല്‍ സംവിധാനമായ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസിനുള്ള ആലോചനയിലാണ്. അതേസമയം നഗരത്തിന്റെ പല ഭാഗങ്ങളിലും ഓലയുടെയും ഊബറിന്റെയും ഭാഗമായ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് മറ്റ് ഡ്രൈവര്‍മാരുടെ മര്‍ദ്ദനവും ആക്ഷേപവും ഏല്‍ക്കേണ്ടി വരുന്നുണ്ട്.

ലോകപ്രശസ്തമാണ് ലണ്ടന്‍ കാബ്. യു.കെ യിലാകെ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി പടര്‍ന്ന് പന്തലിച്ചിരിക്കുന്ന സംവിധാനമാണത്. ഇതില്‍ കണ്ണികളായ ഡ്രൈവര്‍മാര്‍ക്ക് അടുത്തിടെ വെല്ലുവിളിയായത്റി ഊബറിന്റെ കടന്നുവരവാണ്. വിപണി കയ്യടക്കാന്‍ ഊബര്‍ ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കി കുറഞ്ഞ നിരക്കില്‍ ടാക്‌സികള്‍ നിരത്തിലിറക്കി. വിപണി ഒന്നാകെ കയ്യടക്കി വച്ചിരുന്ന ലണ്ടന്‍ കാബിലെ ഡ്രൈവര്‍മാരും, ഊബര്‍ ഡ്രൈവര്‍മാരും തമ്മില്‍ പിന്നീട് വാക്കേറ്റവും അടിയും ഉണ്ടായി. സമാനമായ അവസ്ഥയായിരുന്നു ന്യൂയോര്‍ക്കിലും. വിപണി സ്ഥിരമായി കയ്യടക്കി വയ്ക്കുന്നവര്‍ ക്രമേണ തങ്ങളുടെ മേധാവിത്തം ദുരുപയോഗം ചെയ്യുകയും, ബദല്‍ മാര്‍ഗ്ഗമായി ഉയര്‍ന്നുവരുന്നവരെ അടിച്ചമര്‍ത്തുകയും ചെയ്യും. ഇന്ത്യയിലും ഒറ്റയ്‌ക്കൊറ്റയ്ക്ക് നിലയുറപ്പിച്ചിരുന്ന ടാക്‌സി ഡ്രൈവര്‍മാരെ ഒരു കുടക്കീഴിലേക്ക് മാറ്റിയപ്പോള്‍ സ്വാഭാവികമായ പ്രതിരോധം ട്രേഡ് യൂണിയനുകള്‍ ഉയര്‍ത്തി.

കഴിഞ്ഞ വര്‍ഷം ഡിസംബറോടെയാണ് ഊബര്‍ കൊച്ചിയില്‍ രംഗപ്രവേശം നടത്തുന്നത്. സ്വന്തമായി കാറുള്ള ആര്‍ക്കും  ഊബറിന്റെ ഭാഗമാകാമെന്ന സൗകര്യം വന്നതോടെ വലിയ വിഭാഗം ഇവരുടെ ഭാഗമായി. ഇന്ന് ഏകദേശം 2000 ടാക്‌സി കാറുകള്‍ കൊച്ചി നഗരത്തിലുണ്ട്. നെടുമ്പാശേരി മുതല്‍ അരൂര്‍ വരെയും ഫോര്‍ട്ട്‌കൊച്ചി മുതല്‍ കാക്കനാട് വരെയും നിരന്നിരിപ്പുണ്ട്. കളമശേരി സ്വദേശിയും ഊബര്‍ ഡ്രൈവറുമായ യൂസഫിന് ദിവസം ലഭിക്കുന്നത് 1500 രൂപയാണ്. പെട്രോള്‍ കാശടക്കം ദിവസം ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുന്ന തുകയാണിത്. അഞ്ച് ഓട്ടമാണ് ഈ തുകയ്ക്ക് ഓടേണ്ടത്. നഗരപരിധിക്കുള്ളിലായതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ഇത് വലിയ നഷ്ടം വരുത്തുന്നുമില്ല. ഓരോ ദിവസവും ഇത് കഴിഞ്ഞ് ഓടുന്ന ഓരോ ഓട്ടത്തിന്റെയും 80 ശതമാനം നിരക്ക് ആഴ്ചതോറും ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. ടാക്‌സി സ്റ്റാന്റുകളില്‍ വല്ലപ്പോഴും മാത്രം വരുന്ന ഓട്ടങ്ങള്‍ക്ക് കാത്ത് കെട്ടി കിടന്നവര്‍ മുതല്‍ ഇന്‍ഫോപാര്‍ക്കിലും സ്വകാര്യ ഏജന്‍സികളുടെ ഭാഗമായും സര്‍വ്വീസ് നടത്തുന്ന ടാക്‌സി കാറുകള്‍ വരെ അതോടെ ഊബറിന്റെ ഭാഗമായി.

കളമശേരിയില്‍ നിന്നും സ്ഥിരമായി ഓട്ടോറിക്ഷയില്‍ കലൂര്‍ ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്ന രാജേന്ദ്രന് ദിവസം ഓട്ടോക്കൂലിയായി നല്‍കേണ്ടത് 300 രൂപയാണ്. എന്നാല്‍ ഊബറില്‍ ഇത് 240 മുതല്‍ 270 രൂപ വരെയാണ്. എയര്‍കണ്ടീഷന്‍ ചെയ്ത കാറില്‍ സുഖകരമായ യാത്ര, അതും ഓട്ടോയെക്കാള്‍ കുറഞ്ഞ നിരക്കില്‍. ഒരു ഉപഭോക്താവ് എന്ന നിലയില്‍ ഞാന്‍ ഡ്രൈവറുടെ ജീവിതഭാരത്തിന്റെ കണക്കെന്തിന് അറിയണം എന്ന് ഇദ്ദേഹം ചോദിക്കുന്നു.

ഓട്ടോ റിക്ഷയില്‍ യാത്ര ചെയ്യുന്ന ഇന്‍ഫോപാര്‍ക്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിദ്യയെന്ന യുവതിയുടെ പ്രതികരണം ഇങ്ങിനെയാണ്. മിക്കവാറും ഓട്ടോറിക്ഷയില്‍ കയറുന്നത് തന്നെ യുദ്ധം ചെയ്യാനുള്ള മുന്നൊരുക്കങ്ങളുമായാണ്. മിനിമം ചാര്‍ജ്ജ് ഈടാക്കേണ്ട ദൂരത്തിന് 30 രൂപ മുതല്‍ 50 രൂപ വരെ വാങ്ങും. എല്ലാവരും ഇങ്ങിനെയല്ലെങ്കിലും മിക്കപ്പോഴും ഇവരോട് വാക്കുതര്‍ക്കം ഉണ്ടാകാറുണ്ട്. മറ്റൊരു സാധ്യത ഇല്ലാത്തതിനാലാണ് ഓട്ടോറിക്ഷയില്‍ തന്നെ വീണ്ടും വീണ്ടും യാത്ര ചെയ്യുന്നത്- അവര്‍ പറഞ്ഞു.

എറണാകുളം നോര്‍ത്തില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ബിനീഷും സമാനമായ അനുഭവം പങ്കുവയ്ക്കുന്നു. മൂന്ന് വട്ടം താന്‍ നല്‍കിയ പണം വലിച്ചെറിഞ്ഞ ഓട്ടോ ഡ്രൈവര്‍മാരുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സമയത്ത് ഓലയിലും ഊബറിലും കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാം. മാന്യമായ പെരുമാറ്റമാണ് ഡ്രൈവര്‍മാരുടേത്. വില പേശണ്ട. നേരിട്ട് പണമിടപാടില്ല. വാഹനം കാത്തുനില്‍ക്കേണ്ട. വഴി പറഞ്ഞുകൊടുക്കേണ്ട. വളരെ സൗകര്യപ്രദമായ യാത്രയും ഉറപ്പാണ്. വാാഹനങ്ങളെല്ലാം മികച്ച നിലവാരമുള്ളതുമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന വലിയ പരാതി അവരുടെ തൊഴിലും, ജീവിതവും സംരക്ഷിക്കുകയെന്നതാണ്. ടാക്‌സി ഡ്രൈവര്‍മാരെ സംബന്ധിച്ച് പാതിയിലേറെ കുറഞ്ഞ നിരക്കിലാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍ സര്‍വ്വീസ് നടത്തുന്നത്. ഊബറിന്റെയോ, ഒലയുടെയോ ഭാഗമാകാത്ത ടാക്‌സി സര്‍വ്വീസുകള്‍ ആണ് ഭൂരിഭാഗവും. ക്രമേണ ഇവരില്‍ ഭൂരിഭാഗത്തിനും തൊഴില്‍ കുറയുന്നതോടെ ഈ മേഖലയിലെ ട്രേഡ് യൂണിയന്‍ ശക്തി തന്നെ ചോര്‍ന്നുപോകും. ഇതാണ് കയ്യൂക്ക് കൊണ്ട് കാര്യം നേടാനുള്ള ശ്രമത്തിലേക്ക് ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരെ എത്തിക്കുന്നത്. പക്ഷെ സ്വയംവിമര്‍ശനപരമായി ചിന്തിക്കുകയും സമര വഴിയില്‍ നിന്ന് മാറി ബദല്‍ മാര്‍ഗ്ഗം സാധ്യമാക്കുകയും ചെയ്യുന്ന സി.പി.ഐ.എമ്മിന്റെ ശൈലി ഇവിടെ അഭിനന്ദിക്കപ്പെടേണ്ടതുണ്ട്.

ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡിസിറ്റി, എറണാകുളം നോര്‍ത്ത്, സൗത്ത്, കളമശേരി തുടങ്ങി പലയിടത്തും തര്‍ക്കങ്ങള്‍ പതിവാകുമ്പോഴാണ് സ്വന്തം ഓണ്‍ലൈന്‍ ടാക്‌സി സംവിധാനവുമായി സി.പി.ഐ-എം രംഗത്ത് വരുന്നത്. എന്നാല്‍ തോപ്പുംപടിയിലും, കാക്കനാടും, വൈറ്റിലയിലും തുടങ്ങി നഗരത്തിന്റെ പല ഭാഗങ്ങളിലും ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതിഷേധ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

വൈറ്റിലയിലെ ടാക്‌സി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഭാഗമായി 1000 ഡ്രൈവര്‍മാരെ കണ്ണികളാക്കിയുള്ള സംവിധാനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ ടാക്‌സി സംവിധാനങ്ങളെ സമരത്തിലൂടെ കൈകാര്യം ചെയ്യാനാവില്ലെന്നും, ഇക്കാര്യം സി.ഐ.ടി.യു ജില്ല കമ്മിറ്റിയുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും സി.പി.ഐ-എം ജില്ല സെക്രട്ടറി പി. രാജീവ് പറഞ്ഞു. എല്ലാ ഡ്രൈവര്‍മാര്‍ക്കും സ്മാര്‍ട്ട്‌ഫോണും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് കുറഞ്ഞ നിരക്കില്‍ ബാങ്ക് വായ്പ ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനായി പാര്‍ട്ടി ഭരണ നേതൃത്വം നിര്‍വ്വഹിക്കുന്ന കോപ്പറേറ്റീവ് ബാങ്കുകളുമായി ചര്‍ച്ചകള്‍ തുടരുകയാണ്. തുക, പലിശ നിരക്ക് എന്നീ കാര്യങ്ങളിലാണ് തീരുമാനം ആകേണ്ടത്. കൂടാതെ ഡ്രൈവര്‍മാരുടെ മോശം പെരുമാറ്റമെന്ന ആരോപണത്തെ പ്രതിരോധിക്കാന്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം അടക്കം നല്‍കുന്നതിനെ പറ്റിയും ആലോചനകളുണ്ട്.

കുറഞ്ഞ നിരക്കില്‍ പ്രവര്‍ത്തനം ആരംഭിച്ച് വിപണി കൈയ്യടക്കാനും പിന്നീട് ഒരേയൊരു സേവനദാതാവാവാനും ഉള്ള ശ്രമത്തെ ചെറുക്കാനുമാണ് സി.പി.എം ഇതിലൂടെ ശ്രമിക്കുന്നത്. എന്നാല്‍ കുത്തകകളോട് മത്സരിക്കാന്‍ തക്ക മൂലധനമില്ലാത്തത് ഇവരെ വലയ്ക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ സാധാരണ ടാക്‌സി നിരക്കിലേ ഡ്രൈവര്‍മാര്‍ക്ക് വാഹനം ഓടിക്കാനാവൂ. എന്നാല്‍ ഭാവിയില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഉയര്‍ന്ന വിലയീടാക്കാന്‍ സാധിക്കാത്ത വിധം അവരെ ചെറുക്കാന്‍ ഈ ശ്രമം കൊണ്ട് സാധിച്ചേക്കും.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on October 17, 2015 4:26 pm