X

പഴയ തട്ടിപ്പുകളും പൊടിക്കൈകളും മതിയാകില്ല, ദളിത് പ്രതിഷേധം തണുപ്പിക്കാന്‍

ടീം അഴിമുഖം

അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന തങ്ങളുടെ ശക്തികേന്ദ്രത്തില്‍ നിന്നും പട്ടേല്‍ സംവരണ പ്രക്ഷോഭത്തിനുശേഷം ബി ജെ പിക്ക് കിട്ടുന്ന രണ്ടാമത്തെ വലിയ മുന്നറിയിപ്പ് മാത്രമല്ല കഴിഞ്ഞ ഞായറാഴ്ച്ച അഹമ്മദാബാദില്‍ ദളിത് സംഘടനകള്‍ നടത്തിയ പ്രതിഷേധപ്രകടനം. ഉന നഗരത്തില്‍ ഒരു പശുവിനെ കൊന്നു തൊലിയുരിച്ചു എന്നാരോപിച്ച് ഒരു ദളിത കുടുംബത്തിലെ അംഗങ്ങളെ ഗോരക്ഷ പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെതിരെയായിരുന്നു  ദളിത് സംഘടനകള്‍ പ്രതിഷേധിച്ചത്. കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തം മുഴുവന്‍ സംസ്ഥാന സര്‍ക്കാരിന് മേല്‍ കെട്ടിവെച്ച് ഒഴിഞ്ഞുമാറാനാകില്ല- മുഖ്യമന്ത്രിയെ ആനന്ദിബെന്‍ പട്ടേലിന്റെ രാജിപോലും ഉന സംഭവത്തിന്റെ പ്രത്യാഘാതങ്ങളെ തടയാന്‍ മതിയാകില്ല. വസ്തുതകളെ നേരിട്ടു കാണാനും ഗോരക്ഷകന്‍മാരുടെ അതിക്രമങ്ങള്‍ പാര്‍ടിക്കുണ്ടാക്കുന്ന കനത്ത വെല്ലുവിളികളെ തിരിച്ചറിയാനും ബി ജെ പി തയ്യാറായേ മതിയാകൂ.

ഈ വര്‍ഷം ആദ്യം ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്നും ഇപ്പോള്‍ ഗുജറാത്തിലും ഉയര്‍ന്ന ദളിത പ്രതിഷേധം പാര്‍ട്ടിക്കുള്ള ഒരു മുന്നറിയിപ്പിനെ ശക്തമാക്കുകയാണ്: “എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം” എന്ന വാഗ്ദാനത്തില്‍ ഇന്ത്യയിലെ ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തിന് അവകാശപ്പെട്ടത് നല്കാന്‍ തങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബോധ്യപ്പെടുത്തുന്നതില്‍ ബി ജെ പി പരാജയപ്പെട്ടിരിക്കുന്നു. വാസ്തവത്തില്‍ അടുത്ത ദിവസങ്ങളില്‍ ഗോ രക്ഷകര്‍ ദളിതരും പശുക്കളും എന്ന എതിര്‍ധ്രുവങ്ങളെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ ദളിതര്‍ക്കൊപ്പം നില്ക്കുന്നു എന്നു ബോധ്യപ്പെടുത്തിയില്ലെങ്കില്‍ അത് ഗോ രക്ഷകര്‍ക്കൊപ്പമാണെന്ന് ന്യായമായും വ്യാഖ്യാനിക്കപ്പെടും.

ദളിത് സംവരണമണ്ഡലങ്ങളിലെ മികച്ച വിജയശതമാനമുണ്ടെങ്കിലും കുറെക്കാലമായി ബി ജെ പി ദളിത് പ്രതിസന്ധി നേരിടുന്നുണ്ട്. ഒരു വിഘടിത രാഷ്ട്രീയകാലാവസ്ഥയില്‍ ഏറെ ചതുരതയോടെ തങ്ങളുടെ സ്വാധീനം വിവിധ ഹിന്ദുസാമുദായിക വിഭാഗങ്ങള്‍ക്കിടയ്ക്ക് ഉറപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നത് ശരിയാണ്. ദളിതരേയും ഇതില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ബാബ സാഹേബ് അംബേദ്കറുടെ അനുസ്മരണത്തിനായി കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം മോദി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തതൊക്കെ ഈ തന്ത്രത്തില്‍പ്പെടും. പക്ഷേ സംഘപരിവാറിന്റെ സാമൂഹ്യവീക്ഷണം ഒരു ഏകശില ഹിന്ദു സമൂഹമാണെന്നും എന്നാല്‍ ഇത് തങ്ങളുടെ സ്വതന്ത്ര അസ്തിത്വത്തിനും ശാക്തീകരണത്തിനും എതിരാണെന്ന ദളിത് കാഴ്ച്ചപ്പാടും ഒരു രഹസ്യമൊന്നുമല്ല. 2014-ല്‍ മറ്റ് പല കാരണങ്ങള്‍കോണ്ടും പല സാമൂഹ്യ വിഭജനങ്ങളെയും തര്‍ക്കങ്ങളെയും തെരഞ്ഞെടുപ്പുവേളയില്‍ മറികടക്കാനായ മോദി തരംഗത്തില്‍ ബി ജെ പിക്കനുകൂലമായി വലിയ തോതിലുള്ള ദളിത് പിന്തുണയും ലഭിച്ചു. പക്ഷേ രണ്ടു വര്‍ഷം കഴിയുമ്പോള്‍ മറച്ചുവെച്ച എല്ലാ വൈരുദ്ധ്യങ്ങളും പുറത്തുവരികയാണ്.

മോദി സര്‍ക്കാരിന്റെ നിരീക്ഷണത്തില്‍ നടന്ന പശു സംരക്ഷണ രാഷ്ട്രീയ നാടകങ്ങള്‍ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ബി ജെ പിക്കുണ്ടായ നേട്ടങ്ങളെ അതിവേഗം ഇല്ലാതാക്കും. ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗത്തിലെ യുവാക്കള്‍ വിദ്യാഭ്യാസവും നഗരവത്കരണവും സാങ്കേതികവിദ്യയും എല്ലാം നല്കിയ ശാക്തീകരണത്തില്‍ ഒരു പുതിയ രാഷ്ട്രീയ ശബ്ദവും പദകോശവും ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ ജീവിതസുരക്ഷയുടെ അടിസ്ഥാനപ്രശ്നങ്ങളിലേക്ക് അത് പൊതുസംവാദങ്ങളെ വീണ്ടും കൊണ്ടുചെന്നെത്തിക്കും. പഴയ അതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരകള്‍ കണക്കുചോദിക്കുമെന്ന താക്കീതാണ് ഹൈദരബാദിലും അഹമ്മദാബാദിലും നടന്ന ദളിത് പ്രതിഷേധങ്ങള്‍ ബി ജെ പിക്ക് മാത്രമല്ല എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും നല്‍കുന്നത്. അതിനു തടയിടാന്‍ പഴയ തട്ടിപ്പുകളും പൊടിക്കയ്യുകളും മതിയാകില്ല.

This post was last modified on August 2, 2016 6:24 pm