X

വളര്‍ച്ചയുടെ പുകപടലം മാത്രം; മോദിയുടെ വമ്പന്‍ വാഗ്ദാനങ്ങള്‍ എവിടെ?

ടീം അഴിമുഖം

കേന്ദ്ര ബജറ്റ് ‘പരിവര്‍ത്തനാത്മകം’ ആകുമെന്ന് നരേന്ദ്ര മോദി കുറച്ചുകാലം മുമ്പ് പറഞ്ഞിരുന്നു. വലിയ വിജയത്തോടെ അധികാരത്തില്‍ വന്ന മോദി സര്‍ക്കാരില്‍ നിന്നും വിപണി പ്രതീക്ഷിച്ചത് അരുണ്‍ ജെറ്റ്ലിയുടെ ബജറ്റില്‍ വന്‍ പരിഷ്കാരങ്ങളാണ്. എന്നാല്‍ അതുണ്ടായില്ല; ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി നിയമമാക്കാന്‍ കഷ്ടപ്പെടുന്ന സര്‍ക്കാര്‍, വലിയ പരിഷ്കാരങ്ങള്‍ ബജറ്റിന് പുറത്താകാം എന്നു തിരിച്ചറിഞ്ഞിരിക്കുന്നു.

വരുംവര്‍ഷങ്ങളില്‍ ശക്തമായ വളര്‍ച്ച ഉറപ്പാക്കുന്ന യുക്തിസഹമായ നടപടികളിലാണ് ധനമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ചത്. കയ്യടിവാങ്ങാനുള്ള പ്രഖ്യാപനങ്ങളൊന്നും നടത്താന്‍ മന്ത്രി മുതിര്‍ന്നില്ല. യു പി എ യുടെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കപ്പുറമുള്ള ജനപ്രിയതയും തേടിയില്ല.

ധനക്കമ്മി 3 ശതമാനമായി കുറച്ചുകൊണ്ടുവരാനുള്ള കാലപരിധി ഒരു കൊല്ലം പിന്നിലേക്കാക്കിയത് അത്ര എളുപ്പമാകില്ല. പ്രത്യേകിച്ചും വളര്‍ച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ അടിസ്ഥാന സൌകര്യ നിക്ഷേപങ്ങള്‍ സുപ്രധാനമാകുമ്പോള്‍.

നാലു വര്‍ഷം കൊണ്ട് കോര്‍പ്പറേറ്റ് നികുതി ഘട്ടം ഘട്ടമായി കുറക്കാനുള്ള നീക്കം വിപണിയുടെ കയ്യടി നേടും. നിക്ഷേപത്തിന് കൂടുതല്‍ പണം ഇറക്കാനും സഹായിക്കും. നിക്ഷേപ പരിധി കണക്കാക്കുന്നതിന് നേരിട്ടുള്ള വിദേശ നിക്ഷേപവും വിദേശ ഓഹരി നിക്ഷേപവും തമ്മില്‍ വേര്‍തിരിക്കാതിരിക്കുന്നതും, വിദേശ ഓഹരി നിക്ഷേപം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഇന്ത്യയില്‍ ആ നില നഷ്ടപ്പെടാതെ തന്നെ പ്രവര്‍ത്തിക്കാന്‍ ആവുന്നതും അനുകൂലമായ ഘടകങ്ങളാണ്.

മറ്റൊരു പ്രധാന നടപടി വിദേശത്തു നിക്ഷേപിച്ച കള്ളപ്പണത്തിനെതിരെയുള്ള കര്‍ശനമായ പുതിയ നിയമമാണ്. സ്വിസ് എക്കൌണ്ടുകളില്‍ സര്‍ക്കാരിന്റെ മുഴുവന്‍ ശ്രദ്ധയും പോകുന്നതിന്റെ ഭാഗമാണത്. ആഭ്യന്തര നികുതി വെട്ടിപ്പ് തടയുന്നതിനെക്കാളേറെ സമയം ജെയ്റ്റ്ലി ഇതിനായി ചെലവഴിക്കുന്നുണ്ട്.

ഏറെ വൈകിയ ഒരു പാപ്പര്‍ നിയമവും കൊണ്ടുവരാന്‍ പോകുന്നു. നികുതിവെട്ടിപ്പ് ഒഴിവാക്കാനുള്ള GAAR നിയമം –കമ്പനികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്ന-കുറച്ചു കാലമായി മാറ്റിവെച്ചിരിക്കുന്നു. മുന്‍കാല  പ്രാബല്യത്തോടെയുള്ള നികുതി നിയമങ്ങളും വേണ്ടെന്നുവെക്കുകയാണ്. സമ്പദ് നികുതി അവിടെയും ഇവിടെയും അല്ലാത്ത അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ അതിധനികരുടെ മേല്‍ 2% അധികനികുതിയായി അത് മാറ്റിയത് ഉചിതമായി.

ആദായ നികുതി തട്ടുകളില്‍ മാറ്റമൊന്നുമില്ല.ചിലരെയൊക്കെ അത് നിരാശപ്പെടുത്തിയേക്കാം. എന്നാല്‍ ബജറ്റിന് ശേഷം ഓഹരി വിപണി സൂചികയില്‍ 250 പോയിന്‍റ് ഇടിഞ്ഞത് ധനമന്ത്രി അമിതപ്രതീക്ഷകളെ കയ്യകലത്ത് നിര്‍ത്തി എന്നതിന്റെ സൂചനയാണ്. സന്തുലിതമായ ബജറ്റായിരുന്നു ഇതെങ്കിലും, വിപണി പ്രതീക്ഷകള്‍ ആകാശം മുട്ടുന്നതായിരുന്നു. ആളുകള്‍ പറഞ്ഞിരുന്ന മാര്‍ഗദര്‍ശനരേഖ ഇതാകില്ല.

കോര്‍പ്പറേറ്റ് നികുതിയുടെ മേലുള്ള അധികകരം, സമ്പദ് നികുതിയുടെ യുക്തിസഹമായ പുനര്‍ഘടന, അടിസ്ഥാനസൌകര്യ വികസനത്തിനായി കൂടുതല്‍ ചെലവിന്റെ രൂപത്തില്‍ ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം മികച്ച നീക്കങ്ങളാണ്. പക്ഷേ വിപണി ഇതിനുമപ്പുറമാണ് പ്രതീക്ഷിച്ചത്. അടിസ്ഥാന സൌകര്യ ചെലവിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതീക്ഷയുണ്ടായിരുന്നു. ബാങ്കുകള്‍ക്കും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു തോന്നല്‍. കാരണം ബാങ്കുകള്‍  മൂലധനഘടന മാറ്റുന്നതിനുള്ള വലിയ ആവശ്യവുമായാണ് നില്‍ക്കുന്നത്.

This post was last modified on March 1, 2015 12:49 pm