X

ബിഎസ്പിയില്‍ തുടങ്ങി, എസ്പി വഴി ബിജെപിയിലെത്തി; ബലാത്സംഗ കേസ് പ്രതി കുല്‍ദീപ് സെന്‍ഗറിന്‍റേത് ഉന്നാവോ അടക്കി ഭരിക്കുന്ന രാഷ്ട്രീയ കുടുംബം

ആദ്യം എംഎല്‍എയായത് ബിഎസ്പി ടിക്കറ്റില്‍

ഉന്നാവോയിലെ ബിജെപി എംഎല്‍എയും ബലാല്‍സംഗ കേസിലെ പ്രതിയുമായ കുല്‍ദീപ് സെന്‍ഗര്‍ രണ്ട് ദശാബ്ദത്തിനിടെ ഉത്തര്‍പ്രദേശിലെ പ്രമുഖ പാര്‍ട്ടികളുടെ ജനപ്രതിനിധിയായി. ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികള്‍ പിന്നിട്ടാണ് അദ്ദേഹം ബിജെപിയിലെത്തിയത്. ഇയാളുടെ കുടുംബാംഗങ്ങളില്‍ മിക്കവരും പ്രാദേശിക രാഷ്ട്രീയത്തിലും സജീവമാണ്.

ഉന്നാവോയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ വാഹനാപകടത്തിലൂടെ അപായപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് ബിജെപി നേതാവ് കുല്‍ദീപ് സെന്‍ഗര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. വാഹനാപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുളള തീവ്രശ്രമമാണ് ആശുപത്രി അധികൃതര്‍ നടത്തുന്നത്.

കുല്‍ദീപ് സെന്‍ഗര്‍ വളരെ ചെറിയ പ്രായത്തില്‍തന്നെ പഞ്ചായത്ത് പ്രസിഡന്റായാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. അധികാര മുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം നിന്നുകൊണ്ടായിരുന്നു ഇയാളുടെ രാഷ്ട്രീയ പ്രവര്‍ത്തനം. 2002 ല്‍ ഉന്നാവോയിലെ സദര്‍ മണ്ഡലത്തില്‍നിന്നാണ് എംഎല്‍എ ആയി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് ബിഎസ്പിയായിരുന്നു ഉത്തര്‍പ്രദേശില്‍ ഭരണം നടത്തിയിരുന്നത്. പിന്നീട് ബിഎസ്പിയില്‍നിന്ന് പുറത്തായി. സമാജ് വാദി പാര്‍ട്ടിയായിരുന്നു പിന്നീടുള്ള അഭയകേന്ദ്രം. 2012 ല്‍ ഭഗ്ബന്ത് നഗര്‍ മണ്ഡലത്തില്‍ നിന്നും എസ്പി ടിക്കറ്റില്‍ വീണ്ടും സംസ്ഥാന നിയമസഭയിലെത്തി. എന്നാല്‍ അവിടെയും അധികനാള്‍ പിടിച്ചുനിന്നില്ല. ബിജെപിയായിരുന്നു പുതിയ ലാവണം. ബംഗാര്‍മാവു മണ്ഡലത്തില്‍നിന്ന് ബിജെപി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു.

ഇക്കാലത്താണ് പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ വിട്ടില്‍വെച്ച് ബലാല്‍സംഗം ചെയ്യുന്നത്. ജോലി നേടാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് പെണ്‍കുട്ടി ഇയാളെ സമീപിച്ചത്.

ഇയാളുടെ ബന്ധുക്കളില്‍ പലരും പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമാണ്. ഭാര്യ ഉന്നാവോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതിന് ശേഷം പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് അച്ഛനെ സെന്‍ഗറിന്റെ നിയന്ത്രണത്തിലുള്ള സംഘം ആക്രമിക്കുകയും മര്‍ദ്ദനത്തെ തുടര്‍ന്ന് മരിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട് വാഹനാപകടം ഉണ്ടായത്. പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.

അതിനിടെ സെന്‍ഗറിനെതിരായ കേസ് ഉത്തര്‍പ്രദേശിന് പുറത്ത് നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. സെന്‍ഗറില്‍നിന്നുളള ഭീഷണി ചൂണ്ടിക്കാട്ടി പെണ്‍കുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റീസിനയച്ച കത്ത് സിബിഐക്ക് കൈമാറാനും സുപ്രീം കോടതി തീരുമാനിച്ചു.

Also Read: ഇടപെട്ട് സുപ്രീം കോടതി; ഉന്നാവോ കേസുകളുടെ വിചാരണ യുപിയില്‍ നിന്ന് മാറ്റാന്‍ ഉത്തരവ്, സിബിഐ അന്വേഷണവും തങ്ങളുടെ മേല്‍നോട്ടത്തില്‍ മതിയെന്ന് കോടതി

This post was last modified on August 1, 2019 11:39 am