X

തടവുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ജയിലുകളില്‍ ഗോശാല; യുപി സര്‍ക്കാരിന്റെ പുതിയ തീരുമാനം

ഗോമൂത്രം മുതലായവ വിപണയിലെത്തിക്കുക വഴി ജയിലുകള്‍ക്ക് പുതിയ വരുമാനമാര്‍ഗവും ഉണ്ടാകും

തടവുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും അവര്‍ കര്‍ത്തവ്യനിരതരാകാനും വേണ്ടി സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ഗോശാലകള്‍ സ്ഥാപിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. എത്രയും വേഗം തന്നെ ജയിലുകളില്‍ ഗോശാലകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജയില്‍വകുപ്പ് മന്ത്രി ജയ് കുമാര്‍ ജയില്‍ അധികാരികള്‍ക്ക് നിര്‍ദേശവും നല്‍കികഴിഞ്ഞു.

തടവുകാര്‍ പൊതുവെ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. തങ്ങളുടെ കേസിന്റെ കാര്യങ്ങളും മറ്റും അവര്‍ക്ക് സമ്മര്‍ദ്ദം നല്‍കുന്നു. ഇതു ലഘൂകരിക്കാനുള്ള ഒരു മാര്‍ഗമാണ് ഗോശാല പരിപാലനം; മന്ത്രി പറയുന്നു.

അവര്‍ ഗോശാലകളില്‍ ജോലിയെടുക്കാന്‍ ആരംഭിക്കുന്നതോടെ മറ്റുകാര്യങ്ങള്‍ ചിന്തിക്കാന്‍ സമയം കിട്ടാതെ വരും. അതുമാത്രമല്ല, തടവുകാര്‍ക്ക് തൊഴില്‍ അവസരംകൂടിയാണ് ഇതിലൂടെ ലഭ്യമാകുന്നത്. പലതരം കഴിവുള്ളവര്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഗോശാലകള്‍ അവരുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിക്കും; മന്ത്രി പറയുന്നു.

ഗോമൂത്രം അടക്കമുള്ള ഉത്പന്നങ്ങള്‍ വിപണയിലെത്തിച്ച് ജയിലുകളില്‍ വരുമാനം വര്‍ദ്ധിപ്പിക്കാനും ഗോശാലകളിലൂടെ കഴിയുമെന്നും മന്ത്രി പറയുന്നു. ഗോശാലകള്‍ സ്ഥാപിക്കുന്നതിനു പുറമെ എല്ലാ ജയിലുകളിലും തടവുകാര്‍ക്ക് യോഗപരിശീലനം നല്‍കാനും തീരുമാനം എടുക്കുമെന്നും ജയില്‍ മന്ത്രി ജയ് കുമാര്‍ പറഞ്ഞു.