X

നരസിംഹ റാവുവിന് ഭാരത് രത്‌ന നല്‍കണം: പ്രധാനമന്ത്രി മോദിക്ക് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്‌

സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ പരിഷ്‌കര്‍ത്താവും എഴുത്തുകാരന്‍ പത്തിലധികം ഭാഷകളില്‍ അവഗാഹമൂണ്ടായിരുന്ന ബഹുഭാഷാ പണ്ഡിതനുമായിരുന്നു അദ്ദേഹം എന്ന് ജന റെഡ്ഡി പറയുന്നു.

മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന് മരണാനന്തര ബഹുമതിയായി ഭാരത് രത്‌ന പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്. തെലങ്കാനയിലെ പ്രതിപക്ഷ നേതാവായ കെ ജന റെഡ്ഡിയാണ് നരസിംഹ റാവുവിന് കത്ത് നല്‍കിയത്. നരസിംഹ റാവുവിനെ രാഷ്ട്രീയ ചാണക്യന്‍ എന്നാണ് കത്തില്‍ വിശേഷിപ്പിക്കുന്നത്. സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ പരിഷ്‌കര്‍ത്താവും എഴുത്തുകാരനും പത്തിലധികം ഭാഷകളില്‍ അവഗാഹമൂണ്ടായിരുന്ന ബഹുഭാഷാ പണ്ഡിതനുമായിരുന്നു അദ്ദേഹം എന്ന് ജന റെഡ്ഡി പറയുന്നു.

നരസിംഹ റാവുവിന്റെ ജന്മദിനം ഔദ്യോഗിക ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് നേരത്തെ തെലങ്കാന രാഷ്ട്ര സമിതി അറിയിച്ചിരുന്നു. ജൂണ്‍ 28നാണ് അദ്ദേഹത്തിന്റെ ജന്മദിനം. നരസിംഹ റാവുവിന് ഭാരത് രത്‌ന നല്‍കണമെന്ന് ടിആര്‍എസ് നേതാവായ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. അര്‍ഹിക്കുന്ന അംഗീകാരം റാവുവിന് ജീവിച്ചിരുന്നപ്പോള്‍ കിട്ടിയില്ലെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞിരുന്നു.

2014ല്‍ ഈ ആവശ്യത്തെ പിന്തുണച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവും രംഗത്തെത്തിയിരുന്നു. നരസിംഹ റാവു ബുദ്ധിമാനും അസാമാന്യ പാടവമുള്ള സാമ്പത്തിക വിദഗ്ധനും നിര്‍ണായകമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചയാളും അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയുള്ളയാളും കവിയും മികച്ച പരിഭാഷകനുമെല്ലാം ആണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. ബിജെപിയില്‍ നിന്ന് സു്ബ്രഹ്മണ്യന്‍ സ്വാമിയെ പോലുള്ളവരും നരസിംഹ റാവുവിന് ഭാരത് രത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

This post was last modified on April 29, 2018 11:54 am