ന്യൂഡല്‍ഹിയിലെ കോണോട്ട് പ്ലേസില്‍ പൊലീസ് വിലക്ക് ലംഘിച്ച് ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയുടെ യൂത്ത് ഹുങ്കാര്‍ റാലി. പൊലീസും അര്‍ദ്ധസൈനികരുമടക്കം 15,000 പേരെയാണ് ഇവിടെ വിന്യസിച്ചിരുന്നത്. സര്‍ക്കാര്‍ തന്നെ ലക്ഷ്യം വച്ച് ആക്രമിക്കുകയാണെന്ന് ജിഗ്നേഷ് മേവാനി ആരോപിച്ചു. ഭീമ കൊറിഗാവിലെ സംഘര്‍ഷത്തിന് കാരണം ജിഗ്നേഷ് മേവാനിയുടെ പ്രകോപനപരമായ പ്രസംഗമാണ് എന്ന് ആരോപിച്ച് പൂനെ പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.
സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്താനാണ് ഞങ്ങള്‍ ഇവിടെയെത്തിയത്. തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല – ജിഗ്നേഷ് മേവാനി പറഞ്ഞു. മനുസ്മൃതിയും ഇന്ത്യന്‍ ഭരണഘടനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓഫീസില്‍ ചെന്ന് കാണാന്‍ ആലോചിക്കുന്നതായി മേവാനി ഇന്ന് റാലിയ്ക്ക് മുമ്പായി പറഞ്ഞിരുന്നു. ഇതില്‍ ഏത് തിരഞ്ഞെടുക്കുമെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാനാണിത്. യുപിയിലെ ദലിത് നേതാവും ഭീം ആര്‍മി സ്ഥാപകനുമായ ചന്ദ്രശേഖര്‍ ആസാദിന്റെ മോചനം, യുവാക്കള്‍ക്ക് തൊഴില്‍, ദലിതര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരായ വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തങ്ങള്‍ ഉയര്‍ത്തുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
This post was last modified on January 9, 2018 5:28 pm
Leave a Comment