X

ഐഎസ്ആര്‍ഒയെ ശ്രീരാമനുമായി താരതമ്യപ്പെടുത്തി ഗുജറാത്ത് മുഖ്യമന്ത്രി

ഇന്ത്യയേയും ശ്രിലങ്കയേയും പരസ്പരം ബന്ധിപ്പിക്കുന്ന രാമസേതു അക്കാലത്തെ മികച്ച എന്‍ജിനിയറിങായിരുന്നുവെന്നും അന്ന് അണ്ണാറക്കണ്ണന്‍മാര്‍ പോലും രാമസേതുവിന്റെ നിര്‍മ്മാണത്തിന് സഹായിച്ചിരുന്നുവെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോടായി പറഞ്ഞു.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയെ ശ്രീരാമനുമായി താരതമ്യപെടുത്തി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഐഎസ്ആര്‍ഒ രൂപകല്‍പ്പന ചെയ്ത മിസൈലുകള്‍ ശ്രീരാമന്റെ അമ്പുകളാണെന്നാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ശ്രീരാമന്‍ ചെയ്ത കാര്യങ്ങളാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒ ചെയ്തുവരുന്നതന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആര്‍ഒ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ തപന്‍ മിശ്ര മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു സാക്ഷിയായി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജി റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റിലെ (ഐഐടിആര്‍എഎം) വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ജീനിയറിങ് മേഖലയെ രാമായണവുമായി ബന്ധപെടുത്തി സംസാരിച്ച രൂപാണി ശ്രീരാമന്റെ കാലത്തെ എന്‍ജിനിയിറിങ് മികവിനെ പറ്റിയും  വാചാലനായി.

ശ്രീരാമന്റെ ഒരോ അമ്പും ഒരോ മിസൈലായിരുന്നുവെന്ന് ശാസ്ത്ര വിദ്യാര്‍ത്ഥികളോടായി രൂപാണി പറഞ്ഞു. അന്ന് രാമന്‍ ചെയ്ത കാര്യങ്ങള്‍ തന്നെയാണ് ഇന്ന് ഐഎസ്ആര്‍ഒ പോലും വികസിപ്പിച്ചെടുക്കുന്നതെന്നും രൂപാണി പറഞ്ഞു. ഇന്ത്യയേയും ശ്രിലങ്കയേയും പരസ്പരം ബന്ധിപ്പിക്കുന്ന രാമസേതു അക്കാലത്തെ മികച്ച എന്‍ജിനിയറിങായിരുന്നുവെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോടായി പറഞ്ഞു. അന്ന് അണ്ണാറക്കണ്ണന്‍മാര്‍ പോലും രാമസേതുവിന്റെ നിര്‍മ്മാണത്തിന് രാമനേയും കൂട്ടരേയും സഹായിച്ചുവെന്നുമോക്കെയാണ് രൂപാനിയുടെ അവകാശവാദം. രാമസേതുവിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും കടലിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവേശഭരിതരായ വിദ്യാര്‍ത്ഥികളുടെ കൈയടി കിട്ടിയതോടെ രൂപാണി കത്തിക്കയറി.

This post was last modified on August 27, 2017 3:22 pm