ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ വധിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്നാല്‍ തനിക്ക് ഇതില്‍ പേടിയില്ലെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരായിരിക്കണം പാര്‍ട്ടിയെ നയിക്കണമെന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനമുണ്ട്. രാഷ്ട്രീയ വില്‍പത്രം തയ്യാറാണ്. സി 24 ഘണ്ഡ ബംഗാളി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്. തന്നെ കൊല്ലാനുള്ള ദൗത്യമേറ്റെടുത്തവര്‍ വീടിന് സമീപം എത്തിയിട്ടുണ്ട്. എനിക്ക് ഇത് സംബന്ധിച്ച വിവരം കിട്ടിയിട്ടുണ്ട്. അന്വേഷണം നടന്നുവരുകയാണ് – മമത പറഞ്ഞു. മറ്റൊരു സുരക്ഷിത വസതിയിലേയ്ക്ക് മാറാനാണ് മമതയോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ – ഞാന്‍ അവരുടെ പേരെടുത്ത് പറയുന്നില്ല. എന്നെ കൊല്ലാന്‍ നോക്കുകയാണ്. അവര്‍ അതിനായി കരാര്‍ നല്‍കിയിരിക്കുന്നു. പണവും കൊടുത്തുകഴിഞ്ഞു – മമത പറഞ്ഞു. ദക്ഷിണ കൊല്‍ക്കത്തയിലെ ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റിലുള്ള ഒരു ചെറിയ വീട്ടിലാണ് മുഖ്യമന്ത്രി മമതയുടെ താമസം. ഇവിടത്തെ സുരക്ഷ പൊലീസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഒരു സൈഡില്‍ ടോളി നുല്ലാ എന്നറിയപ്പെടുന്ന കനലാണ്. ബാക്കി മൂന്ന് ഭാഗത്തും വീടുകള്‍. നേരത്തെയും തനിക്ക് നേരെ വധശ്രമമുണ്ടായിട്ടുണ്ടെന്ന് മമത ബാനര്‍ജി പറഞ്ഞു. 1990ല്‍ സിപിഎം യുവ നേതാവ് ലാലു ആലം മമതയുടെ തലയ്ക്ക് വടി കൊണ്ട് അടിച്ച സംഭവമാണ് അവര്‍ സൂചിപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റ മമത ഒരു മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. ലാലു ആലമിനെ അന്ന് തന്നെ സിപിഎം പുറത്താക്കിയിരുന്നു.
Leave a Comment