X

ഇന്ത്യയുടെ പ്രതിഷേധം: ഹാഫിസ് സയിദുമായി വേദി പങ്കിട്ട അംബാസഡറെ പലസ്തീന്‍ തിരിച്ചുവിളിച്ചു

ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് അംബാസഡര്‍ വാലിദ് അബു അലിയെ പലസ്തീന്‍ തിരിച്ചുവിളിച്ചത്. പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന പലസ്തീന്‍ പ്രതിനിധി സംഘം, ജമാഅത്ത്-ഉദ്-ദാവ തലവനായ ഹാഫിസ് സയിദുമായി വേദി പങ്കിട്ടത് വിവാദമായിരിക്കുകയാണ്.

മുംബയ് ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയിദുമായി വേദി പങ്കിട്ട പാകിസ്ഥാനിലെ അംബാസഡറെ പലസ്തീന്‍ തിരിച്ചുവിളിച്ചു. ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് അംബാസഡര്‍ വാലിദ് അബു അലിയെ പലസ്തീന്‍ തിരിച്ചുവിളിച്ചത്. അംബാസഡറുടെ നടപടിയില്‍ പലസ്തീന്‍ ഖേദം പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ ഉചിതമായ നടപടിയുണ്ടാകുമെന്ന്് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യ ഗവണ്‍മെന്റിനെ അറിയിച്ചു.

പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന പലസ്തീന്‍ പ്രതിനിധി സംഘം, ഭീകര സംഘടനയായ ജമാഅത്ത്-ഉദ്-ദാവയുടെ തലവനായ ഹാഫിസ് സയിദുമായി വേദി പങ്കിട്ടത് വലിയ വിവാദമായിരിക്കുകയാണ്. ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് തീരുമാനത്തിനെതിരായ ഐക്യരാഷ്ട്ര പൊതുസഭ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്ത ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന ഇത്തരം ഒരു നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം പലസ്തീനെ അറിയിച്ചിരുന്നു. ഇന്ത്യയിലെ പലസ്തീന്‍ അംബാസഡറെയും പലസ്തീന്‍ അതോറിറ്റി വിദേശകാര്യ മന്ത്രിയെയും ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

ഇരുവരം വേദി പങ്കിടുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയ്ക്കും യുഎസിനും എതിരെ ആക്രമണോത്സുക പ്രചാരണം നടത്തുന്ന ദിഫ-ഇ-പാകിസ്ഥാന്‍ കൗണ്‍സില്‍ വെള്ളിയാഴ്ച റാവല്‍പിണ്ടിയില്‍ സംഘടിപ്പിച്ച റാലിയിലാണ് ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെത്. 2007 ഡിസംബര്‍ 27ന് മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോ തന്റെ അവസാന റാലി സംഘടിപ്പിച്ചതും ഇവിടെയാണ്. കാശ്മീര്‍ പ്രശ്‌നം പരാമര്‍ശിച്ച് ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ റാലിയെ സയീദ് ഉപയോഗിച്ചിരുന്നു.

This post was last modified on December 31, 2017 9:09 am